Connect with us

Ongoing News

അസം തിരഞ്ഞെടുപ്പിലെ പൗരത്വം

Published

|

Last Updated

പുറമേക്ക് ശാന്തമാണെങ്കിലും ബ്രഹ്മപുത്ര ഇപ്പോഴും അകത്ത് പ്രക്ഷുബ്ധമാണ്. ഒരു മഴപെയ്താൽ, അരുണാചലിലെ ഹിമാലയ സാനുക്കളിൽ എവിടെയെങ്കിലും മഞ്ഞുരുകിയാൽ, കവിഞ്ഞൊഴുകി ചുറ്റമുള്ളതെല്ലാമെടുത്ത് ബംഗ്ലാദേശ് വഴി ബംഗാൾ ഉൾക്കടലിലെത്തിക്കുന്ന പ്രകൃതമുണ്ട് ബ്രഹ്മപുത്രക്ക്. അസമിനെ മുറിച്ച് കടന്നുപോകുന്ന ബ്രഹ്മപുത്രയുടെ അതേ സ്വഭാവമാണ് ചിലപ്പോഴെല്ലാം അസം ജനതയും തിരഞ്ഞെടുപ്പുകളിൽ കാണിച്ചിട്ടുള്ളത്. അസമിന്റെ പ്രിയപ്പെട്ട ഗായകനായ ഭുപേൻ ഹസാരിക ബി ജെ പി ടിക്കറ്റിൽ മത്സരിച്ചപ്പോൾ അസം ജനത അതുചെയ്തിരുന്നു. അദ്ദേഹത്തെ തോൽപ്പിച്ചു. പിന്നീടും പലപ്പോഴായി അതുകാണിച്ചു.

ഇപ്പോൾ അസം തിരഞ്ഞെടുപ്പ് ഗോദയിലാണ്. മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഈ മാസം 27ന് നടക്കും. 12 ജില്ലകളിൽ നിന്നായി 47 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം അടുത്ത മാസം ഒന്നിനാണ്. പതിമൂന്ന് ജില്ലകളിൽ നിന്നായി 39 മണ്ഡലങ്ങളിലേക്കാണ്് ഈ ഘട്ടം. മൂന്നാം ഘട്ടം കേരളത്തിലെ തിരഞ്ഞെടുപ്പിനോടൊപ്പം അടുത്ത മാസം ആറിന് നടക്കും. 12 ജില്ലകളിൽ നിന്നായി നാൽപ്പത് മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ്, ബദ്റുദ്ദീൻ അജ്മലിന്റെ എ ഐ യു ഡി എഫ്, സി പി എം, സി പി ഐ, സി പിഐ (എം എൽ), അഞ്ചാലിക് ഗണ മോർച്ച എന്നിവ ചേർന്നുള്ള വിശാല സഖ്യം രൂപവത്കരിച്ചാണ് പ്രതിപക്ഷം പോരാട്ടത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ എൻ ഡി എ സഖ്യത്തിലായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും (ബി പി എഫ്) ഇക്കുറി കോൺഗ്രസിനൊപ്പമാണ്. ബി ജെ പിയും അസം ഗണപരിഷത്തും പീപ്പിൾസ് ലിബറൽ പാർട്ടിയും ചേർന്നുള്ള എൻ ഡി എ സഖ്യമാണ് മറുഭാഗത്ത്. അസമിലെ തിരഞ്ഞെടുപ്പിൽ ഇരു പക്ഷവും ആദ്യമുയർത്തിയത് ദേശീയതയാണ്. ഭരണപക്ഷം നാഷനലിസമാണെങ്കിൽ പ്രതിപക്ഷം പാട്രിയോട്ടിസമാണ് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നത്. നാഷനലിസ്റ്റുകൾ ആ ദേശത്തെ മാത്രം സ്നേഹിക്കുന്നവരാണ്. പാട്രിയോട്ടിസം ഉയർത്തുന്നവർ ആ ദേശത്തോടൊപ്പം അവിടത്തെ ജനതയേയും വിശ്വാസത്തിലെടുക്കുന്നു.

രാജ്യത്തെ മറ്റ് ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഉള്ളടക്കത്തോടെ സി എ എവിരുദ്ധ പ്രക്ഷോഭം കത്തിപ്പടർന്ന ഇടമാണ് അസം. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച നിയമം പാർലിമെന്റിൽ കൊണ്ടുവന്നപ്പോൾ ആദ്യം കത്തിയത് അസമിലായിരുന്നു.
ബില്ല് മുസ്‌ലിംവിരുദ്ധമായത് കൊണ്ടായിരുന്നില്ല അസം സി എ എവിരുദ്ധരായത്. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നുവെന്നതിലായിരുന്നു അസം സ്റ്റുഡന്റ്‌സ് യൂനിയൻ പോലുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പ്രതിഷേധം. തികഞ്ഞ മണ്ണിന്റെ മക്കൾ വാദം. സത്യത്തിൽ ഇത് ബി ജെ പിയുടെ ആശയമാണ്. പക്ഷേ, സ്വന്തം അതിദേശീയത തങ്ങൾക്ക് വിനയാകുന്ന വിരോധാഭാസമാണ് അസമിൽ ബി ജെ പി അനുഭവിക്കുന്നത്.

അസമിലെയും പശ്ചിമ ബംഗാളിലെയും തിരഞ്ഞെടുപ്പ് വേദികളിൽ സി എ എ നടപ്പാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു അമിത് ഷാ. കൊവിഡ് കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എന്നാൽ, അധികാരത്തിലെത്തിയാൽ സി എ എ നടപ്പാക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തേസ്പൂരിൽ നടന്ന റാലിയിൽ പ്രഖ്യാപിച്ചു. അത് ബി ജെ പിക്കുള്ള കനത്ത പ്രഹരമായിരുന്നു. സി എ എ വിരുദ്ധ നീക്കത്തിലൂടെ കോൺഗ്രസ് അസമിൽ ലക്ഷ്യം വെക്കുന്നത് ഇരട്ട നേട്ടമാണ്. ബി ജെ പിയുടെ പ്രബല വോട്ട് ബേങ്കായ തദ്ദേശീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തെയും മുസ്‌ലിംകളെയും ഒരു പോലെ തൃപ്തിപ്പെടുത്തുക തന്നെ. എന്നാൽ, ബംഗ്ലദേശിൽ നിന്ന് കുടിയേറിയ വലിയൊരു ശതമാനം ഹിന്ദു വിഭാഗത്തിന്റെ വോട്ട് നേടാനാകുമെന്നാണ് ബി ജെ പി കണക്കു കൂട്ടുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ ഈ കളി കൈവിട്ടുപോകുമോയെന്ന ഭയം ഇരു വിഭാഗത്തിനുമുണ്ടായിട്ടുണ്ടെന്നാണ് അസം രാഷ്ട്രീയം നിരീക്ഷിക്കുന്നവർ പറയുന്നത്. അതുകൊണ്ട് വളരെ സൂക്ഷിച്ചും പ്രാദേശിക ഭേദങ്ങളോടെയുമാണ് സി എ എ വിഷയം ഇരു കൂട്ടരും എടുക്കുന്നത്. അസാമീസ് കേന്ദ്രങ്ങളിൽ ഒരു പ്രചാരണവും മറ്റിടങ്ങളിൽ നേർ വിപരീതവും.
അസമിലെ സി എ എവിരുദ്ധതക്ക് രാഷ്ട്രീയമോ മതമോ മാത്രമല്ല ഉള്ളത്. വംശം, ഭാഷ, സ്വത്വം എല്ലാം ഉൾച്ചേർന്നിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ തന്നെ അസമിൽ കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ആ തീയിലേക്ക് എണ്ണ ഒഴുക്കുക മാത്രമാണ് സി എ എ ചെയ്തത്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുടിയേറ്റക്കാർ എന്നു വിശേഷിപ്പിക്കുന്ന ബംഗ്ല ഭാഷ സംസാരിക്കുന്നവർ അസമിലെ മുഴുവൻ ഗ്രാമങ്ങളിലുമുണ്ട്. അസമീസ് എന്ന് സ്വയം വിളിക്കുന്ന മറ്റുള്ളവർ പ്രധാനമായും നഗര കേന്ദ്രീകൃതമാണ്. കുടിയേറ്റം, ബ്രഹ്മപുത്രയുടെ ഗതിമാറ്റം കൊണ്ട് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, ഗ്രാമ, നഗര വ്യത്യാസങ്ങൾ എല്ലാം ചേർന്ന വിഷയങ്ങളാൽ സങ്കീർണമാണ് അസം രാഷ്ട്രീയം. ഇവയെല്ലാം കൃത്യമായി ഉപയോഗിച്ചാണ് ദീർഘകാലം കോൺഗ്രസും അസം ഗണപരിഷത്തും പിന്നീട് ബി ജെ പിയും അസമിനെ ഭരിച്ചത്്. 2016ലാണ് ബി ജെ പി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയത്. വടക്ക് കിഴക്കാൻ സംസ്ഥാനങ്ങളിൽ കടന്നുകയറാനുള്ള അമിത് ഷായുടെ രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമായിരുന്നു ഈ നേട്ടം. ഉൾഫയുടെ നേതാവായി രംഗ പ്രവേശം ചെയ്ത് പിന്നീട് മണ്ണിന്റെ മക്കൾ പോരാട്ടത്തിന് നേതൃത്വം നൽകിയ ആൾ അസം സ്റ്റുഡൻസ് യൂനിയൻ (ആസു)വിൽ പ്രവർത്തിച്ച ഹിമാന്ദ ബിശ്വശർമ അടക്കമുള്ള നേതാക്കളെ വിലക്കെടുത്തായിരുന്നു ഈ രാഷ്ട്രീയ തന്ത്രം. അസം ഗണ പരിഷത്തടക്കമുള്ള പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കിയാണ് അധികാരം നേടിയത്. അധികാരം നേടിയ ശേഷം ജാതി സമവാക്യങ്ങൾ പരിഗണിച്ച് സർബാനന്ദ സോനോവാളിനെ മുഖ്യമന്ത്രിയാക്കി. ഹിമാന്ദ ബിശ്വശർമക്ക് മന്ത്രിപദവും നൽകി.

ഇപ്പോൾ ഇതേ പാറ്റേൺ വെച്ച് തന്നെയാണ് ബി ജെ പി പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബി ജെ പി നടപ്പാക്കിയിട്ടുണ്ടെന്നാണ് സോനോവൽ പറയുന്നത്. പൗരത്വം മാത്രമല്ല അസമിലെ പ്രശ്നം എന്നാണിപ്പോൾ ബി ജെ പി പ്രചരിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധം, തൊഴിൽ തുടങ്ങിയ നിരവധി വിഷയങ്ങളും താമരക്ക് അനുകൂലമായി വോട്ട് ചെയ്യാനുണ്ടെന്ന് ബി ജെ പി പറയുന്നു. കോൺഗ്രസും പൗരത്വ വിഷയത്തിനൊപ്പം മറ്റു വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. എന്നാൽ ഭരണത്തുടർച്ച തടയാൻ തരുൺ ഗൊഗോയിയെ പോലെ മികച്ചൊരു നേതൃത്വത്തെ ചൂണ്ടിക്കാണിക്കാനില്ലാത്തത് പ്രതിപക്ഷത്തിന് വലിയൊരു തിരിച്ചടിയായി നിൽക്കുന്നുണ്ട്. അസമിൽ എ ഐ യു ഡി എഫിന് മികച്ച സംഘടനാ ശേഷിയുണ്ടെങ്കിലും കോൺഗ്രസിന് അത് നഷ്ടമായിട്ടുണ്ടെന്നതും തിരഞ്ഞെടുപ്പിന് മുന്നിൽ എത്തിനിൽക്കുന്ന സന്ദർഭത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. എക്‌സിറ്റ് പോളുകളിലെല്ലാം ഈ അനിശ്ചിതാവസ്ഥ പ്രതിഫലിപ്പിക്കുന്നു. എങ്കിലും തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഉൾക്കൊള്ളുന്ന വിശാല സഖ്യം.

---- facebook comment plugin here -----

Latest