Connect with us

Ongoing News

ഈനാത്ത്: അതിഥികളുടെ മദീന

Published

|

Last Updated

രിബാത്വു ഈനാത്ത്

രിബാത്വു ഈനാത്ത്അന്താരാഷ്ട്ര ഇസ്‌ലാമിക ദഅ്‌വ സമ്മേളനത്തിന്റെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചു. ഇനി പ്രവാചകൻ ഹൂദ് നബി (അ)ന്റെ മഖ്ബറ സിയാറത്തിനായി “ശഅബ്ഹൂദ്” എന്ന സ്ഥലത്തേക്കുള്ള യാത്രയാണ്. ആണ്ടിൽ രണ്ട് തവണ ഹൂദ് നബി(അ)ന്റെ മഖ്ബറ സിയാറത്ത് ചെയ്യാനായി ദാറുൽ മുസ്ഥഫയിൽ നിന്നും പോകാറുണ്ട്. ഒന്ന്, മുഹർറം മാസത്തിൽ ദഅ്വ സമ്മേളന പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള യാത്രയാണ്. രണ്ടാമത്, ശഅ്ബാൻ മാസത്തിലാണ്. ഇത് ഹളർമൗത്തിലുള്ളവർ കാലങ്ങളായി നടത്തിപ്പോരുന്ന വളരെ വിപുലമായ ആത്മീയ സംഗമമാണ്. അഞ്ച് ദിവസം താമസിക്കാനുള്ള എല്ലാ ഒരുക്കങ്ങളോടെയുമാണ് യാത്ര. മഅദിൻ നോളജ് ഹണ്ട് പഠനസംഘവും യാത്രയിൽ ഞങ്ങളോടൊപ്പമുണ്ട്. ദാറുൽ മുസ്ഥഫയുടെ പ്രധാന കവാടത്തിന് മുന്നിൽ നിരനിരയായി നിർത്തിയിരിക്കുന്ന ബസുകളിൽ ലഗേജുകൾ കയറ്റി ഞങ്ങൾ സീറ്റുറപ്പിച്ചു. ആദ്യം തരീമിലെ സമ്പൽ മഖ്ബറയിലേക്കാണ് പോകുന്നത്. തരീമിൽ നിന്നും പുറത്ത് പോകുന്നവരൊക്കെ സമ്പൽ സിയാറത്ത് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. സിയാറത്ത് കഴിഞ്ഞ് യാത്രയാരംഭിച്ചു. ഹൂദ് നബി(അ) അന്ത്യവിശ്രമം കൊള്ളുന്ന ശഅബ്ഹൂദിലേക്ക് തരീമിൽ നിന്നും എൺപത്തഞ്ച് കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. യമനിൽ നിന്നും ഒമാനിലേക്ക് പോകുന്നതും ഇതേ വഴിയിലൂടെയാണ്. ഹളർമൗത്തിലെ സൈഊനിൽ നിന്നും ഒമാനിലെ സ്വലാലയിലേക്ക് ഇതുവഴി ബസ് സർവീസുണ്ട്.

തരീമിൽ നിന്നും കിഴക്കോട്ടുള്ള ഈ യാത്രയിൽ ഇതുവരെ കണ്ട ഭൂപ്രദേശങ്ങളിൽ നിന്നും വ്യതിരിക്തമായി പല കാഴ്ചകളും കാണാനിടയായി. പാതയോരങ്ങളിൽ ജനവാസം തീരെ കുറവാണ്. വരണ്ട ഭൂമിയിൽ നിറയെ പാറക്കെട്ടുകളും പർവതങ്ങളും. വിദൂരതയിൽ മലയുടെ താഴ്്വാരങ്ങളിലേക്ക് പ്രധാന പാതയിൽ നിന്നും റോഡുകൾ ഇഴപിരിഞ്ഞു പോകുന്നുണ്ട്. “വാദി അൽ മാസില” എന്ന് എഴുതിയ സൈൻ ബോർഡുകളുമുണ്ട്. ആ താഴ്്വരകളിൽ ആൾപ്പാർപ്പുള്ള കൊച്ചുഗ്രാമങ്ങളുണ്ടാകാം. കുറച്ച് മുന്നോട്ട് പോയപ്പോൾ അഹ്ഖാഫ് മലകളിൽ നിന്നും കിനിഞ്ഞിറങ്ങിയ നീർച്ചാലുകൾ കൊച്ചു നദിയായി ഗ്രാമങ്ങളെ താലോലിച്ചൊഴുകുന്ന മനോഹരമായ കാഴ്ച. ഹളർമൗത്തിന്റെ 175 കിലോമീറ്റർ നീളത്തിൽ ഈ നദിയുടെ ജലപ്രവാഹമുണ്ട്. നദിക്കരയിൽ ഓറഞ്ചും അനാറും അത്തിയും ഹളറമികൾ കൃഷി ചെയ്യുന്നുണ്ട്. ഇസ് ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യം നിറഞ്ഞ “നഹ്‌റുൽ ഹഫീഫ്” (അൽ ഹഫീഫ് നദി) എന്നാണതിന്റെ പേര്. ഹൂദ് നബി (അ) ന്റെ മഖ്ബറയുടെ സമീപത്തുകൂടെ ഒഴുകുന്ന ഈ പുഴയിൽ നിന്നും ഒട്ടേറെ പ്രവാചകന്മാർ നീരാടിയിട്ടുണ്ടെന്നും പാനം ചെയ്തിട്ടുണ്ടെന്നുമാണ് ചരിത്രം. ഞങ്ങൾ യാത്ര ചെയ്യുന്ന പ്രധാന പാത ചിലയിടങ്ങളിൽ മലമ്പാതകളാണ്. റോഡിന്റെ ഒരു ഭാഗം ചെങ്കുത്തായ മലനിരകളും മറുവശം അഗാധ ഗർത്തവും. വിജനമായ മലനിരകളിൽ ചെറിയ മരപ്പെട്ടികൾ നിരന്ന് നിൽക്കുന്നത് കണ്ടു. ഗ്രാമീണരായ അറബികളുടെ തേനീച്ച കൃഷിയാണത്. യമനിലെ മലഞ്ചെരുവുകളിൽ ഉത്പാദിപ്പിക്കുന്ന തേനുകൾക്ക് മാർക്കറ്റിൽ നല്ല വിലയുണ്ട്. അവിടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം ബദവികളായ യമനികളുണ്ട്. കൂടാതെ, മലയുടെ താഴ്്വരകളിൽ ചുണ്ണാമ്പു കല്ലുകൾ ചൂടാക്കി വിഘടിപ്പിച്ച് കുമ്മായമുണ്ടാക്കുന്ന ചൂളകൾ യാത്രയിലുടനീളം കാണാം. ഇതും അവരുടെ ഉപജീവന മാർഗമാണ്.

നഹ്റുൽ ഹഫീഫ്

ഇരുപത് കിലോമീറ്റർ പിന്നിട്ടപ്പോൾ ഞങ്ങൾ “ഈനാത്ത്” എന്ന ഗ്രാമത്തിലെത്തി. ഇവിടെയാണ് ഹളർമൗത്തിലെ പ്രശസ്ത സൂഫി ഗുരുവും താജു സ്വലാത്തിന്റെ രചയിതാവുമായ ശൈഖ് അബൂബക്കർ ബിൻ സാലിം(റ) അന്ത്യവിശ്രമം കൊള്ളുന്നത്. ഹബീബ് അബ്ദുർറഹ്മാൻ അസ്സഖാഫ്(റ)ന്റെ അഞ്ചാമത്തെ പൗത്രനാണ് ശൈഖ് അബൂബക്കർ ബിൻ സാലിം. ഹിജ്‌റ 919ൽ തരീമിൽ ജനിച്ച അദ്ദേഹം ലിസ്‌ക് പ്രവിശ്യയിലാണ് പഠന കാലം ചെലവഴിച്ചത്. അഹ്്മദ് ബിൻ അബ്ദുർറഹ്മാൻ അസ്സക്‌റാൻ, ഉമർ ബിൻ മുഹമ്മദ് ബാശൈബാൻ, മുഹമ്മദ് ബിൻ മുഹമ്മദുൽ ബകരി തുടങ്ങി അനേകം പണ്ഡിതരിൽ നിന്നും വിജ്ഞാനം പകർന്ന് ആത്മീയ വഴിയിലേക്ക് പ്രവേശിച്ചു. ശേഷം അദ്ദേഹം ഈനാത്തിലെത്തി. അക്കാലത്ത് സൈനിക ഭരണത്തിന് കീഴിലായിരുന്നു ഈ ദേശം. ഇസ്്ലാമിക പ്രബോധനത്തോടൊപ്പം നാട്ടിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം ഇടപ്പെട്ടു. ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്കും രാഷ്ട്രീയ സംഘട്ടനങ്ങൾക്കുമുള്ള പരിഹാരത്തിനായി സമൂഹം അദ്ദേഹത്തെ ആശ്രയിച്ചു. ഈനാത്തിൽ അദ്ദേഹം നിർമിച്ച പള്ളി ജനങ്ങളുടെ ആത്മീയ കേന്ദ്രമായി മാറി. എക്കാലവും സംഘർഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഭൂമിക സമാധാനത്തിന്റെ സാമ്രാജ്യമാക്കി അദ്ദേഹം മാറ്റിയെടുത്തു. പിൽക്കാലത്ത്, ഹളർമൗത്തിൽ തന്നെ പ്രഖ്യാതമായ പട്ടണങ്ങളിലൊന്നായി ഈനാത്ത് മാറി.


ഹളർമൗത്തിന്റെ ആത്മീയ നേതാവായിരുന്ന ശൈഖവർകൾ അനേകം ശിഷ്യഗണങ്ങളുള്ള പണ്ഡിതനായിരുന്നു. അദ്ധ്യാത്മിക ജ്ഞാന രംഗങ്ങളിൽ മുഴുശ്രദ്ധ പതിപ്പിച്ചിരുന്ന തന്റെ മഹദ് ജീവിതത്തിനിടയിൽ ഗ്രന്ഥരചനകൾക്കും ദിക്‌റുകളുടെ ക്രോഡീകരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഫത്ഹു ബാബുൽ മവാഹിബ്, മആരിജുത്തൗഹീദ്, മിഫ്താഹുസ്സറാഇർ, മആരിജുൽ അർവാഹ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. തിരുനബി(സ)യോടുള്ള അനുരാഗത്തിന്റെ പ്രതീകമായി താജു സ്വലാത്ത് ലോകത്തിന് സമ്മാനിച്ചു. അദ്ദേഹം രചിച്ച വിർദുകൾ യമൻ മുതൽ മൊറോക്കോയിൽ വരെ ഖ്യാതി നേടി. അശരണരുടെ അത്താണിയായി മാറിയ അദ്ദേഹം പാവങ്ങൾക്ക് വേണ്ടി നന്നായി പണം ചെലവഴിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഓരോ ദിവസവും ഉച്ചക്കും രാത്രിയിലും പാവപ്പെട്ട അഞ്ഞൂറ് പേർക്കുള്ള ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാറുണ്ടായിരുന്നു. അതിഥികളെ അങ്ങേയറ്റം ആദരിച്ച് സത്കാരം നടത്തുന്ന ശൈഖവർകൾ, “ഈനാത്ത് മദീനയെപ്പോലെയാണ്. ഈ നാട്ടിൽ ആര് വന്നണഞ്ഞാലും അവർ നമ്മുടെ അതിഥികളാണ്. അവരെ സത്കരിക്കുന്നത് നമ്മുടെ ബാധ്യതയാണ്” എന്ന് പറയാറുണ്ടായിരുന്നു.


സിയാറത്തിനായി എല്ലാവരും ബസിൽ നിന്നിറങ്ങി. ഗേറ്റിന് പുറത്ത് തന്നെ ചെരുപ്പഴിച്ച് വെച്ച് മുറ്റത്തേക്ക് പ്രവേശിച്ച് മണൽ പരപ്പിലൂടെ നടന്ന് വേണം മഖാമിലെത്താൻ. കാലിന് അസുഖമുള്ളവർ സുഖപ്പെടാൻ ഈ മണലിലൂടെ നഗ്‌നപാദരായി നടക്കാറുണ്ടെന്നും പെട്ടെന്ന് സുഖം പ്രാപിക്കാറുണ്ടെന്നും അവിടെയുള്ളവർ അനുഭവം പറയാറുണ്ട്. ഞങ്ങൾ നോമ്പുകാലത്ത് ഇവിടെ വന്നിട്ടുണ്ട്. അന്ന് ഈ മണൽപരപ്പ് കഠിന ചൂടിൽ ചുട്ടുപഴുത്തിരുന്നു. പക്ഷേ, ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ചൂട് വിട്ടുമാറി വസന്തത്തെ കാത്തിരിക്കുകയാണ് ഹളർമൗത്ത്. മഖാമിന്റെ അടുത്തെത്തി. ഉള്ളിൽ നല്ല തിരക്കാണ്. ഹബീബ് ഉമറും മറ്റു പണ്ഡിതരും നേരത്തെ അവിടെ എത്തിയിട്ടുണ്ട്. ഇവിടെ സിയാറത്ത് ചെയ്യുമ്പോൾ എല്ലാവരും വശ്യമായ ശൈലിയിൽ താജു സ്വലാത്തും ശൈഖവർകൾ രചിച്ച വിർദും ചൊല്ലിയ ശേഷമാണ് ദുആ ചെയ്യാറുള്ളത്.

മഖാമിന് തൊട്ടപ്പുറത്തായി വലിയപള്ളിയുണ്ട്. ശൈഖ് അബൂബക്കർ ബിൻ സാലിം നിർമിച്ച പള്ളി കാലാന്തരത്തിൽ മാറ്റിപ്പണിത രൂപമാണ് ഇന്നുള്ളത്. വിശാലമായ പള്ളിക്കുള്ളിലെ ഭീമൻ തൂണുകൾ പ്രധാന ആകർഷണമാണ്. എല്ലാ റമസാനിലും അവസാന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ പള്ളിയിൽ പ്രത്യേക പരിപാടികൾ നടക്കാറുണ്ട്. അറബനയുടെ അകമ്പടിയോടെ നടക്കുന്ന മദ്ഹുർറസൂൽ സദസ്സുകളിൽ ഞങ്ങളും പങ്കെടുത്തിട്ടുണ്ട്. പള്ളിയോട് ചേർന്ന് മതപഠന കലാലയമായ രിബാത്വും പ്രവർത്തിക്കുന്നുണ്ട്. ശൈഖവർകളുടെ മഖാം സിയാറത്തിന് ശേഷം തൊട്ടടുത്ത് തന്നെയുള്ള ആലുശൈഖ് അബൂബക്കർ ബിൻ സാലിം എന്ന ഖബീലയിലെ പ്രധാനികളുടെ മസാറുകളും സന്ദർശിച്ച് ഞങ്ങൾ ബസിൽ യാത്ര തുടർന്നു.

സൈനുൽ ആബിദീൻ ബുഖാരി കൽപകഞ്ചേരി

Latest