Connect with us

Book Review

വിഭാഗീയതയുടെ വേരറുത്ത സമര മാതൃകകൾ

Published

|

Last Updated

ലോക ചരിത്രത്തിലെ കൊളോണിയൽവിരുദ്ധ പോരാട്ടങ്ങളിൽ നാഴികക്കല്ലാണ് മലബാർ വിമോചന പോരാട്ടം. മാപ്പിള സമൂഹം എന്ന വംശത്തോട് ചേർത്ത് വായിക്കുന്നതിനപ്പുറം കൊളനീകരണ വ്യവസ്ഥക്കെതിരെ ഒരു പ്രദേശത്തെ പൗരന്മാർ മുഴുവൻ ഒറ്റക്കെട്ടായി നടത്തിയ സ്വാതന്ത്ര്യ പോരാട്ടം. വൻകരകളോളം വ്യാപിച്ചുകിടന്ന ബ്രിട്ടീഷ് കോളനികളിൽ അധികാരം നിലനിർത്താൻ വെള്ളക്കാർ ഏറ്റവും വലിയ ചെറുത്ത് നിൽപ്പ് നടത്തേണ്ടി വന്നത് മലബാറിലായിരുന്നു. മലബാർ സമരത്തിന്റെ പ്രാദേശിക ചരിത്രത്തെയും സമരനായകന്മാരെയുമെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള കെ എം ജാഫറിന്റെ രചനയാണ് മലബാർ പോരാട്ടം.

കൊളോണിയലിസത്തിന് മുമ്പ് തന്നെ വൻകരകളോളം സാംസ്കാരിക വിനിമയ ബന്ധം മലബാറിനുണ്ടായിരുന്നു. ക്ലാസിക്കൽ മതങ്ങളുടെയെല്ലാം പ്രബോധന ലക്ഷ്യവുമായി കടൽ താണ്ടി വന്നവരെ മലബാർ ഹൃദയം തുറന്ന് സ്വീകരിച്ചു. വൈവിധ്യമാർന്ന മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും വേരാണ്ടുപോയ മലയാള മണ്ണിനെ കൈപ്പിടിയിലൊതുക്കാൻ വിഭാഗീയതയെ കൂട്ടുപിടിക്കുകയായിരുന്നു പടിഞ്ഞാറൻ തന്ത്രം. ഭിന്നിപ്പിന്റെ മതിലുകൾക്കപ്പുറത്തേക്ക് വൈവിധ്യത്തിൽ നിന്നും രൂപപ്പെട്ടുവന്ന പോരാട്ടമാണ് ഇന്ത്യൻ ദേശീയതക്ക് രൂപം നൽകിയത്. മലബാറിന്റെ പ്രതിരോധത്തിലും ഈ സമാനത നിലനിൽക്കുന്നുണ്ട്.

സാമ്രാജ്യത്വത്തിനെതിരായുള്ള കാർഷിക സമരമായും ഇതിനെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഉയർന്നുവന്ന കാർഷിക സമൂഹത്തിന്റെ സമരവുമായി മലബാർ പോരാട്ടം താളാത്മകത പുലർത്തുന്നുണ്ട്. മാപ്പിളമാരിൽ ഭൂരിപക്ഷവും കൃഷിയെ ഉപജീവനമായി ആശ്രയിക്കുന്നവരാണ്. കാർഷിക മേഖലയുടെ നടുവൊടിക്കുന്ന നികുതി പരിഷ്കാരങ്ങളും നവീന നയങ്ങളും നടപ്പാക്കിയതോടെയാണ് കാർഷകർ തെരുവിലിറങ്ങിയത്. ഈ സമരം പിന്നീട് ദേശീയ പോരാട്ടത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. സമകാലിക ഇന്ത്യയിലെ കാർഷിക സമരങ്ങൾ നമ്മുടെ സ്വാതന്ത്ര്യ പരിമിതിയിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നതാണ്. മലബാർ സമരത്തെ വംശീയതയിലേക്ക് ചുരുക്കി വായിക്കുന്നതും സങ്കുചിതമാണ്. താഴ്ന്ന ജാതിയിൽ പെട്ട ഹൈന്ദവ കർഷകർക്ക് ഉന്നത ജാതിക്കാരായ ജന്മിമാർക്കെതിരെ പ്രതിഷേധിക്കുന്നത് വിശ്വാസപരമായി നിന്ദ്യമായിരുന്നു. ഭൂവുടമകളോടുള്ള വിധേയത്വവും അനുസരണയും ഹൈന്ദവ മതനിഷ്ഠയുടെ ഭാഗമായതിനാൽ കർഷക ചൂഷണത്തിന് വിശുദ്ധതയുടെ മറയുണ്ടായിരുന്നു. എന്നാൽ മുസ്്ലിം വിശ്വാസികൾക്കിടയിൽ ഇത്തരത്തിലുള്ള വിശ്വാസ വിലക്കില്ലാത്തതിനാൽ പ്രതിഷേധങ്ങൾ മുളപൊട്ടിയത് മാപ്പിളമാർക്കിടയിൽ നിന്നായിരുന്നു. എന്നാൽ ഭരണകൂട പിന്തുണയോടെയുള്ള ജന്മി ചൂഷണത്തിനെതിരെ ഉയർന്നുവന്ന കാർഷിക മുന്നേറ്റത്തിൽ വിഭാഗീയതയെ അതിർത്തി കടത്തി മലബാറുകാർ അണിനിരന്നു. വിശ്വാസ സമവാക്യങ്ങൾക്കപ്പുറത്ത് പിറന്ന മണ്ണിനായി അവർ ഒത്തൊരുമിച്ചു. മലബാർ പോരാട്ടത്തിന്റെ പിന്നാമ്പുറവും ഈ സാമൂഹിക കെട്ടുറപ്പായിരുന്നു.

മലബാർ പ്രതിരോധത്തിലെ സാംസ്കാരിക വായനയാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. പൈതൃകങ്ങളായും സാഹിത്യങ്ങളായും വിശ്വാസ വൈവിധ്യങ്ങളായുമെല്ലാം പ്രതിരോധങ്ങൾ സർഗാത്മകമായിരുന്നു. മാപ്പിള കലകളുടെ മുഴുവൻ അടിവേരെത്തുന്നതും കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ നിന്നാണ്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അംഗബലവും ആയുധശേഷിയും അതിജയിക്കാൻ പോരാളികൾക്ക് കരുത്ത് പകർന്നതിൽ സർഗാത്മകാവിഷ്കാരങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പടപ്പാട്ടുകളും സമരകാവ്യങ്ങളും ഇതിൽ പ്രധാനമാണ്. അറബി-മലയാള ഭാഷയിൽ കേന്ദ്രീകൃതമായ രചനകൾ സമ്പുഷ്ടമായതും ഇക്കാലത്തായിരുന്നു. കമ്പനിക്കെതിരായുള്ള മലബാറിലെ ചെറുത്തുനിൽപ്പുകളെ മുഴുവൻ ഏകീകരിക്കുന്നതിൽ മമ്പുറം തറമേൽ ജാറത്തിന് നിർണായക സ്വാധീനമുണ്ടായിരുന്നു. സാമൂഹിക സഹിഷ്ണുതയുടെ വിളനിലമായ ഈ തീർഥാടന കേന്ദ്രം അധികാരികൾക്ക് വലിയ വെല്ലുവിളിയായി. മലബാർ ജോയിന്റ് മജിസ്ട്രേറ്റായിരുന്ന ടി കോലറ്റ് തന്റെ മേലധികാരിയായ മജിസ്ട്രേറ്റ് സി ക്ലർക്കിന് എഴുതിയ കത്ത് ഈ യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. “മാപ്പിളമാർ ഏതു കാര്യം ചെയ്യുന്നതിനു മുമ്പും തറമേൽ ജാറത്തിൽ തീർഥാടനം നടത്താറുണ്ട്. പ്രസ്തുത ജാറം എല്ലാ പോരാട്ടങ്ങൾക്കും മുന്നോടിയായി വർത്തിക്കാറുമുണ്ട്. പെട്ടെന്ന് ജാറം തകർക്കുകയും അവിടെ അടക്കം ചെയ്ത സയ്യിദ് അലവി തങ്ങളുടെ മയ്യിത്ത് അറബിക്കടലിൽ സംസ്കരിക്കുകയും ചെയ്യുക. ശേഷം ജാറമുണ്ടായിരുന്ന സ്ഥലവും അനുബന്ധ പ്രദേശങ്ങളും കൃഷിഭൂമിയായി ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കുകയും ചെയ്യുക”. ജാറം തകർക്കുക വഴി പ്രതിരോധങ്ങളുടെ വേരറുക്കുന്നതിനുമപ്പുറം സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ചെടുക്കാനും ഗവൺമെന്റ് ശ്രമം നടത്തി. ജാറം സ്ഥിതി ചെയ്യുന്ന ഭൂമി ഹൈന്ദവ വിശ്വാസികൾക്ക് പതിച്ചു നൽകാൻ ഉത്തരവിറക്കിയത് ഇതിന്റെ ഭാഗമായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമായിരുന്നു കമ്പനിയുടെ ഉത്പന്നം. വർഗീയത വിറ്റഴിക്കാൻ ഇടനിലക്കാരായി ജന്മിമാരെയും ഭൂപ്രഭുക്കളെയും കൂട്ടുപിടിച്ചു. ഹൈന്ദവരായ ജന്മികൾക്കെതിരെയുള്ള കാർഷിക വിപ്ലവത്തെ വർഗീയവത്കരിക്കാനും ശ്രമം നടന്നിരുന്നു.
സമൃദ്ധമായ സമര വായനയാണ് കൃതി മുന്നോട്ട് വെക്കുന്നത്. നാട്ടുചരിത്രങ്ങളും സർഗാത്മക പ്രതിരോധവുമെല്ലാം മലബാറിന്റെ പൈതൃക, സാംസ്കാരിക സമ്പന്നതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രസാധകർ ഡി സി ബുക്സ്. വില 210 രൂപ.

Latest