Ongoing News
പഴമയുടെ പ്രൗഢിയിൽ ചുവന്ന ദ്വീപ്
അറേബ്യൻ ഗൾഫിൽ നിന്ന് മുത്തും പവിഴവും വാരിയെടുത്ത ഒരു കൂട്ടം ജനതയുടെ ഐതിഹാസിക ജീവിതത്തിന്റെ അവശിഷ്ടങ്ങൾ പേറി ഇന്നും നിലകൊള്ളുന്ന ഗ്രാമമാണ് യു എ ഇയിലെ അൽ ജസീറ അൽ ഹംറ. റാസ് അൽ ഖൈമയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന മത്സ്യബന്ധന ഗ്രാമം ചുവന്ന ദ്വീപ് എന്നും പവിഴ മുത്തുകളുടെ ഗ്രാമം എന്നും അറിയപ്പെടുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവിടെ താമസം ആരംഭിച്ചതെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. ദ്വീപ് പ്രദേശമായിരുന്ന ഇവിടം ചെറുഗ്രാമമാക്കി മാറ്റിയത് 17, 18 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന സാബ് ഗോത്രക്കാരാണ്. മത്സ്യബന്ധനത്തോടൊപ്പം കടലിൽ ഊളിയിട്ട് മുത്തും പവിഴവും വാരുന്നത് കുലത്തൊഴിലായി സ്വീകരിച്ചവരാണ് സാബ് ഗോത്രം.
ചരിത്രാവശിഷ്ടങ്ങളായ നൂറ്റാണ്ടുകൾ പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ വീടുകളും കോട്ടയും പ്രേത നഗരം പോലെ തോന്നിക്കും. ഒരു കോട്ടയും ചെറിയ ചന്തയും ആരാധനാലയങ്ങളും വിവിധങ്ങളായ വീടുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. പരമ്പരാഗത രീതിയിൽ നിർമിച്ച ഇവ യിൽ പലതും പൈതൃക സ്വത്തായി ഇന്നും പരിപാലിച്ച് വരുന്നു. ചെറിയ വീടുകൾ മുതൽ മുത്ത് വ്യാപാരികളുടെ അലംകൃതമായ ആഢ്യത്വം നിറഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾ ഇന്നും കാണാനാകും. ബിൻ ദലം ഹൗസ്, ഉംറാൻ ഹൗസ്, അബ്ദുൽ കരിം ഹൗസ് തുടങ്ങിയവയെല്ലാം ഗോത്ര പ്രമാണിമാരുടെ വീടുകളാണ്. ഇവയെല്ലാം ഇന്നും പരിപാലിച്ച് വരുന്നു. ഇവിടത്തെ മസ്ജിദുകൾ പല കാലഘട്ടങ്ങളിലായി നിർമിച്ചവയാണ്. ഗ്രാമത്തിൽ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ ഗ്രാൻഡ് മോസ്‌ക് എന്ന് അറിയപ്പെടുന്ന ഏഴ് വ്യത്യസ്ത പള്ളികൾ കണ്ടെത്തിയിട്ടുണ്ട്. 18, 19 നൂറ്റാണ്ടുകളുടെ വിവിധ സമയങ്ങളിൽ നിർമിച്ചവയാണ് പ്രസ്തുത ആരാധനാലയങ്ങൾ. ഇതിലെ ഒരു ഗ്രാൻഡ് മസ്ജിദിനെ കുറിച്ച് 18-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രേഖകളിൽ പറയുന്നുണ്ട്.
1960ഓടെയാണ് ഗ്രാമവാസികൾ ഇവിടം ഉപേക്ഷിച്ച് പോയത്. അതുവരേക്കും മത്സ്യബന്ധനത്തോടൊപ്പം കടലിൽ നിന്ന് മുത്തും പവിഴവും വാരിയാണ് ഇവർ ഉപജീവനം കണ്ടെത്തിയത്. മരുഭൂമിയിൽ എണ്ണ കണ്ടെത്തും വരെ ഇതുതന്നെയായിരുന്നു ഇമാറാത്തി ജനതയുടെ പരമ്പരാഗത ജീവിത മാർഗം.
ചരിത്ര ശേഷിപ്പുകളുടെ നേർചിത്രങ്ങൾ അടയാളപ്പെടുത്തിയ അൽ ജസീറ അൽ ഹംറ ഇന്ന് യു എ ഇയിലെ പ്രധാന പൈതൃക സാംസ്‌കാരിക കേന്ദ്രമാണ്. ചരിത്രാന്വേഷികളുടെയും സാംസ്‌കാരിക വിനോദസഞ്ചാരം തേടിയെത്തുന്നവരുടെയും ഇഷ്ട ഇടം കൂടിയാണിവിടം. നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾക്കും ഈ പൈതൃക ഗ്രാമം ലൊക്കേഷനായിട്ടുണ്ട്. പുതുക്കിപ്പണിത കോട്ട റാസ് അൽ ഖൈമ ഫൈൻ ആർട്‌സ് ഫെസ്റ്റിവൽ അടക്കം നിരവധി സാംസ്‌കാരിക പരിപാടികൾക്ക് വേദിയായി. ഗൾഫ് തീരത്തെ മറ്റെല്ലാ ഗ്രാമങ്ങളും ആധുനിക വികസത്തിന്റെ ഭാഗമായപ്പോൾ ഈ ദ്വീപ് ഇന്നും പഴമയുടെ പ്രൗഢിയോടെ നിലകൊള്ളുന്നു.