Connect with us

Kozhikode

ഒരു വെടിക്ക് ഒട്ടേറെ പക്ഷികൾ; വടകരയിൽ കോൺഗ്രസ് തന്ത്രം

Published

|

Last Updated

കോഴിക്കോട് | വടകരയിൽ ആർ എം പി നേതാവ് കെ കെ രമയെ എന്തു വിലകൊടുത്തും രംഗത്തിറക്കുക എന്ന കോൺഗ്രസ് തന്ത്രത്തിന് പിന്നിൽ ലക്ഷ്യങ്ങളേറെ. മത്സര രംഗത്തില്ലെന്ന് പറഞ്ഞ് പിൻമാറാനുള്ള രമയെ വിവിധ തലങ്ങളിൽ നിന്നുള്ള സമ്മർദത്തിലൂടെ മത്സര രംഗത്തിറക്കാനുള്ള നീക്കം അവസാന വട്ടം ഫലം കാണുമെന്നാണ് കരുതുന്നത്. രമ സ്ഥാനാർഥിയാവുകയും യു ഡി എഫ് പിന്തുണ സ്വീകരിക്കുകയും ചെയ്താൽ ഒരു വെടിക്ക് ഒട്ടേറെ പക്ഷികൾ എന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്.

പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ടി പി ചന്ദ്രശേഖരന്റെ സ്മരണ ഉയർത്തിക്കൊണ്ടുവരാൻ രമയുടെ സ്ഥാനാർഥിത്വം വഴിയൊരുക്കുമെന്നതാണ് ഇതിൽ പ്രധാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയം സംസ്ഥാന വ്യാപകമായി ചർച്ച ചെയ്യാൻ വടകരയിൽ പി ജയരാജന്റെ സ്ഥാനാർഥിത്വം ഉപയോഗിച്ചതുപോലുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. രമ യു ഡി എഫ് പിന്തുണ സ്വീകരിച്ചാൽ, സി പി എമ്മിൽ വലതുപക്ഷ വ്യതിയാനം ആരോ പിച്ച് പുറത്തുപോയ ചന്ദ്രശേഖരന്റെ രാഷ്ട്രീയ നിലപാട് ഇടതുപക്ഷം ഉയർത്തും. അതോടെ ചന്ദ്രശേഖരന്റെ വധവും ചർച്ചയാക്കാമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. രമയെ നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞാൽ യു ഡി എഫ് രാഷ്ട്രീയത്തിന് വലിയ മുതൽക്കൂട്ടാവുമെന്നതാണ് മറ്റൊരു കണക്കുകൂട്ടൽ. ഭരണത്തുടർച്ച ഉണ്ടായാൽ പോലും നിയമസഭയിൽ രമ ഉണ്ടാകുന്നത് മുഖ്യമന്ത്രി പിണറായിയെ നിരന്തരം പ്രകോപിപ്പിക്കാനുള്ള ഉപകരണമായി ഇവരെ ഉപയോഗിക്കാമെന്നതാണ് മറ്റൊരു ലക്ഷ്യം.

ആർ എം പിയെ യു ഡി എഫ് പക്ഷത്ത് എത്തിച്ചാൽ നേരത്തേ എം വി രാഘവന്റെ സി എം പിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ ആക്രമിച്ചതുപോലെ ആർ എം പിയെ വളർത്തിക്കൊണ്ടുവരാമെന്നതും ലക്ഷ്യമാണ്. അധികാരവുമായി ബന്ധമില്ലെങ്കിൽ ഇപ്പോൾ ഒഞ്ചിയം മേഖലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒതുങ്ങിയതുപോലെ ആർ എം പി സമീപ ഭാവിയിൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുമെന്നും അതോടെ സി പി എമ്മിനെതിരെ അവശേഷിക്കുന്ന വിമത ശബ്ദവും ഇല്ലാതാവുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അതിനാലാണ് കെ കെ രമക്ക് പിന്തുണ എന്ന തുറുപ്പുചീട്ട് യു ഡി എഫ് പ്രധാനമായും ഇറക്കിയത്.
ഇതോടൊപ്പം വടകര സീറ്റിൽ കോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ ഉണ്ടാവാൻ ഇടയുള്ള ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കുന്നതിനേക്കാൾ എളുപ്പം സീറ്റ് ആർ എം പിക്ക് കൈമാറുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്നാണ് രമ പറഞ്ഞതെങ്കിലും യു ഡി എഫിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിൽ ഇരയാവുന്നത് ചന്ദ്രശേഖരൻ ഉയർത്തിയ രാഷ്ട്രീയ നിലപാടുകൾക്ക് എതിരാവും എന്ന ബോധമാണ് പിന്തിരിയാൻ പ്രേരിപ്പിച്ചത് എന്നാണ് വിവരം. എന്നാൽ ആർ എം പിയിൽ ഒരു വിഭാഗവും ഇടത് രാഷ്ട്രീയ നിരീക്ഷകരായി പ്രത്യക്ഷപ്പെടുന്ന ചിലരും കോൺഗ്രസ് പിന്തുണ വാങ്ങി രമ നിയമസഭയിൽ എത്തണമെന്ന നിലപാടിലായിരുന്നു. രമ ഇല്ലെങ്കിൽ മറ്റൊരാൾക്ക് പിന്തുണയില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ഇവർ രമക്കു മേൽ വലിയ തോതിൽ സമ്മർദം ചെലുത്തുകയായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest