Connect with us

Kannur

കണ്ണൂരിൽ ഈ അഞ്ച് മണ്ഡലങ്ങളിൽ പോര് കനക്കും

Published

|

Last Updated

കണ്ണൂർ | കണ്ണൂരിൽ അഞ്ച് മണ്ഡലങ്ങളിൽ ഇത്തവണ പോരാട്ടത്തിന് വീര്യം കൂടും. ആറിടത്ത് പോരാട്ടം പേരിന്. കണ്ണൂർ, അഴീക്കോട്, പേരാവൂർ, കൂത്തുപറമ്പ്, ഇരിക്കൂർ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രവചനാതീത മത്സരം അരങ്ങേറുക. എന്നാൽ സി പി എമ്മിന്റെ ഉരുക്കുകോട്ടകളായ ധർമടം, മട്ടന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ , തലശ്ശേരി എന്നിവിടങ്ങളിൽ ഇടത് മുന്നണിക്ക് വലിയ വെല്ലുവിളിയുയർത്താൻ യു ഡി എഫിന് കഴിയില്ല. സ്ഥാനാർഥി പ്രഖ്യാപനമായതോടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർഥികൾ വോട്ടർമാരെ കാണാനായി രംഗത്തിറങ്ങി ക്കഴിഞ്ഞു.
പ്രഖ്യാപിക്കപ്പെട്ട യു ഡി എഫ് സ്ഥാനാർഥികളും മണ്ഡലത്തിൽ സജീവമായി തുടങ്ങി. സിറ്റിംഗ് എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്ന കണ്ണൂരിലും സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിലും കെ എം ഷാജി മത്സരിക്കുന്ന അഴീക്കോടും ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും നേരത്തേ പ്രതിയോഗികൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കണ്ണൂർ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് രാമചന്ദ്രൻ കടന്നപ്പള്ളി പിടിച്ചെടുത്തത്.

1,196 വോട്ടിനാണ് കഴിഞ്ഞ തവണ കടന്നപ്പള്ളി ജയിച്ചത്.ഇത്തവണ കോൺഗ്രസ് സതീശൻ പാച്ചേനിയെ തന്നെയാണ് മത്സരിപ്പിക്കുന്നത്. എന്നാൽ സ്ഥാനാർഥിയെ നിർണയിച്ചതുമായി ബന്ധപ്പെട്ട് കെ സുധാകരൻ ഉൾപ്പെടെയുള്ളവർക്ക് കടുത്ത നിരാശയുണ്ട്.
അഴീക്കോട് രണ്ട് ടേമായി കെ എം ഷാജി ജയിച്ചു കയറുന്നുണ്ടെങ്കിലും അതിന് മുമ്പ് സി പി എമ്മിന്റെ സീറ്റായിരുന്നു. കെ എം ഷാജിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 2,287 ആയിരുന്നു. സണ്ണി ജോസഫ് രണ്ട് തവണയായി ജയിക്കുന്ന പേരാവൂരിലാകട്ടെ നേരത്തേ സി പി എം, കോൺഗ്രസ് എസ് സ്ഥാനാർഥികൾ ജയിച്ചിരുന്നു. സണ്ണി ജോസഫ് കഴിഞ്ഞ തവണ 7,989 വോട്ടിനാണ് ജയിച്ചത്. പേരാവൂർ പിടിച്ചെടുക്കാൻ സി പി എം രംഗത്തിറക്കിയിട്ടുള്ളത് യുവ നേതാവായ സക്കീർ ഹുസൈനെയാണ്. കേരള കോൺഗ്രസിന്റെ കടന്നു വരവും കോൺഗ്രസിലെ പ്രതിഷേധങ്ങളും തുണക്കുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.

കെ കെ ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പിൽ ഇത്തവണ മത്സരിക്കുന്നത് എൽ ജെ ഡിയിലെ കെ പി മോഹനനാണ്. കഴിഞ്ഞ തവണ കെ കെ ശൈലജയുടെ എതിരാളിയായിരുന്നു കെ പി മോഹനൻ. ഇവിടെ യു ഡി എഫിന് വേണ്ടി മുസ്്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയാണ് മത്സരിക്കുന്നത്. ലീഗിനും എൽ ജെ ഡിക്കും സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ ഇത്തവണ കൂത്തുപറമ്പിൽ മത്സരം പൊടിപാറുമെന്നാണ് സൂചന. കെ കെ ശൈലജ കഴിഞ്ഞ തവണ ജയിച്ചത്12,291 വോട്ടുകൾക്കാണ്. കെ സി ജോസഫ് മൂന്ന് പതിറ്റാണ്ടു കാലമായി ജയിച്ചു വരുന്ന ഇരിക്കൂറിൽ ഇത്തവണ അദ്ദേഹം സ്ഥാനാർഥിയല്ല. പകരം സജീവ് ജോസഫിനെയാണ് പാർട്ടി നിർദേശിച്ചിട്ടുള്ളത്. എന്നാൽ സീറ്റ് എ ഗ്രൂപ്പിന് നൽകാതെ മൂന്നാം ഗ്രൂപ്പിന് നൽകിയതിനെ തുടർന്ന് കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. കെ പി സി സി ഭാരവാഹികൾ ഉൾപ്പെടെ രാജിവെച്ചിരിക്കുകയാണ്. ഇത് ഇരിക്കൂറിൽ ഇത്തവണ തോൺഗ്രസിന് തിരിച്ചടിയാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഇടത് മുന്നണി കേരള കോൺഗ്രസ് എമ്മിനാണ് സീറ്റ് നൽകിയിട്ടുള്ളത്. സജി കുറ്റിയാനിമറ്റമാണ് സ്ഥാനാർഥി.

കഴിഞ്ഞ തവണ കെ സി ജോസഫ് 9,647 വോട്ടുകൾക്കായിരുന്നു മണ്ഡലം നിലനിർത്തിയത്. റെേക്കാർഡ് ഭൂരിപക്ഷത്തോടെ എൽ ഡി എഫ് ജയിച്ച ആറ് മണ്ഡലങ്ങളിലും ഇത്തവണ പോരാട്ടം പേരിന് മാത്രമാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇത്തവണയും സ്ഥാനാർഥി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 36,905 ആയിരുന്നു. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. മട്ടന്നൂരിൽ ഇത്തവണ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് അങ്കത്തിന്. കഴിഞ്ഞ തവണ ഇ പി ജയരാജൻ ജയിച്ചത് 43,381 വോട്ടുകൾക്കാണ്. ആർ എസ് പിയിലെ ഇല്ലിക്കൽ ആഗസ്തിയാണ് എതിർ സ്ഥാനാർഥി.പയ്യന്നൂരിൽ ടി ഐ മധുസൂദനനാണ് ഇടത് സ്ഥാനാർഥി. കഴിഞ്ഞ തവണ സി കൃഷ്ണന്റെ ഭൂരിപക്ഷം 40,263 ആയിരുന്നു. കോൺഗ്രസിലെ എം പ്രദീപ്കുമാറാണ് യു ഡി എഫ് സ്ഥാനാർഥി.
കല്ല്യാശ്ശേരിയിൽ എം വിജിൻ ഇടത് മുന്നണിക്ക് വേണ്ടി ജനവിധി തേടുന്നു. കോൺഗ്രസിലെ ബ്രിജേഷ്‌ കുമാറാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞ തവണ ടി വി രാജേഷ് ജയിച്ചത് 42,891 വോട്ടുകൾക്കാണ്. തളിപ്പറമ്പിൽ എം വി ഗോവിന്ദൻ മാസ്റ്റർ ഇടത് മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നു. കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് അബ്ദുർ റഷീദിനെയാണ്.

കഴിഞ്ഞ തവണ ജെയിംസ് മാത്യു 40,617 വോട്ടുകൾക്കായിരുന്നു ജയിച്ചത്.തലശ്ശേരിയിൽ എ എൻ ഷംസീർ തന്നെ വീണ്ടും ജനവിധി തേടുന്നു. കോൺഗ്രസിലെ എം പി അരവിന്ദാക്ഷനാണ് എതിരാളി. കഴിഞ്ഞ തവണ ഷംസീർ ജയിച്ചത് 34,117 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഏതായാലും ജില്ലയിൽ ഇടത് മുന്നണി പ്രതീക്ഷയിലാണ്. യു ഡി എഫിനാകട്ടെ, കൈവശമുള്ള മണ്ഡലങ്ങൾ നിലനിർത്താൻ നന്നായി വിയർക്കേണ്ടിയും വരും.