Ongoing News
പത്ത് മത്സരം, പത്ത് മണ്ഡലം; തകരാത്ത എം വി ആർ റെക്കോർഡ്
കണ്ണൂർ | തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എം വി രാഘവന്റെ തകർക്കപ്പെടാത്ത ചരിത്രമുണ്ട് ഇന്നും. കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന്റ ഉടമയും തന്റേടത്തിന്റെ പ്രതീകവുമായ എം വി ആർ എന്ന എം വി രാഘവൻ ആകെ മത്സരിച്ചത് പത്ത് തിരഞ്ഞെടുപ്പിലായിരുന്നു. പത്തും പത്ത് മണ്ഡലങ്ങളിലായിരുന്നു. ഈ റെക്കോർഡ് മറ്റൊരു നേതാവിനും ഇല്ലെന്നതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്.
പത്ത് തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഏഴ് തവണയാണ്. മൂന്ന് തവണ പരാജയപ്പെട്ടു. നാല് തവണ ജയിച്ചത് സി പി എം പ്രതിനിധിയായാണെങ്കിൽ മൂന്ന് തവണ ജയിച്ചത് സി പി എമ്മിനെ നേരിട്ടുകൊണ്ടായിരുന്നു. 1970ൽ അന്നത്തെ മാടായി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മാടായിയിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നെ 77 ൽ തളിപ്പറമ്പിലും 80 ൽ കൂത്തുപറമ്പിലും 82 ൽ പയ്യന്നൂരിലും സി പി എം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.
സി പി എമ്മിൽ നിന്ന് പുറത്തായതിന് ശേഷം 1987 ൽ നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു. ലീഗിന്റെ സീറ്റ് എം വി ആറിന് അവർ വിട്ടുകൊടുക്കുകയായിരുന്നു. അത്തവണ മന്ത്രിയുമായി. 91 ൽ കഴക്കൂട്ടത്ത് നിന്ന് ജയിച്ചുവെങ്കിലും 96ൽ ആറന്മുളയിൽ വെച്ച് ആദ്യമായി പരാജയത്തിന്റെ കൈപ്പറിഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ജയിച്ചത് സി പി എമ്മിന്റെ കടമ്മനിട്ട രാമകൃഷ്ണൻ. പിന്നെ 2001ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ൽ പുനലൂരിലും 2011ൽ നെന്മാറയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
2006ൽ പുനലൂ രിൽ സി പി ഐയിലെ കെ രാജുവിനോടും 2011ൽ നെന്മാറയിൽ സി പി എമ്മിലെ വി ചെന്താമരാക്ഷനോടുമാണ് പരാജയപ്പെട്ടത്. നെന്മാറയിൽ കോൺഗ്രസ് കാലുവാരിയെന്ന ആരോപണമുന്നയിച്ച് എം വി രാഘവൻ രംഗത്ത് വരികയും ഒടുവിൽ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതിലേക്കുമെത്തി. തുടർന്ന് സി എം പിയിൽ പിളർപ്പുണ്ടാവുകയും ഒരു വിഭാഗം സി പി എമ്മിൽ ലയിക്കുകയും മറു വിഭാഗം യു ഡി എഫിൽ തുടരുകയുമായിരുന്നു. സി എം പിക്ക് ഇത്തവണ ഒരു സീറ്റ് യു ഡി എഫ് നൽകിയിട്ടുണ്ട്. വിജയകൃഷ്ണനാണ് മത്സരിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം വി ആറിന്റെ പഴയ തട്ടകമായ അഴീക്കോട് സീറ്റിൽ അദ്ദേഹത്തിന്റെ മകൻ എം വി നികേഷ്‌കുമാർ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും യു ഡി എഫിലെ കെ എം ഷാജിയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും അഴീക്കോട് എൽ ഡി എഫ് സ്ഥാനാർഥിയായി നികേഷ് കുമാർ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചനയുണ്ടായിരുന്നു. എം വി ആറിന്റെ മകൾ എം വി ഗിരിജ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും അവരും പരാജയപ്പെടുകയായിരുന്നു.