Kerala
കോണ്‍ഗ്രസിന്റെ സി എ എ നിലപാട് എങ്ങനെ വിശ്വസിക്കും; എപ്പോഴും വാക്ക് മാറ്റുന്നവരെ ആരെങ്കിലും മുഖവിലക്കെടുക്കുമോയെന്നും പിണറായി
കണ്ണൂര്‍ | കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും എപ്പോഴും വാക്ക് മാറ്റുന്നവരെ ആരെങ്കിലും വിശ്വസിക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുകയാണ് ബി ജെ പിയെന്നും ആ കച്ചവടത്തിലെ മുന്തിയ ചരക്കായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ സി എ എ നിലപാടിനെ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷതയെ സംരക്ഷിക്കാനും രാജ്യത്ത് പലയിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കി വിജയിപ്പിച്ചെങ്കിലും അവരെല്ലാം കൂറുമാറി ബി ജെ പിയാകുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് കരുത്തനെ ഇറക്കിയത് ഒത്തുകളിയുടെ ഭാഗമാണോയെന്നും പിണറായി ചോദിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. നേമത്ത് താമര വിരിയിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. മതേതര കേരളത്തോട് മാപ്പ് പറയേണ്ടവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.