Connect with us

Articles

മായമാണ് സര്‍വത്ര

Published

|

Last Updated

ക്യാന്‍സര്‍ അഥവാ അര്‍ബുദത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം ക്യാന്‍സറിന് കാരണമായവ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാനം കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ല. ക്യാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയേക്കാളും ഉയര്‍ന്ന നിലയിലാണ് കേരളമെന്നും പ്രതിവര്‍ഷം അറുപതിനായിരത്തോളം പുതിയ രോഗികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നുമാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അടുത്തിടെ പറഞ്ഞത്. അതോടൊപ്പം ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി അര്‍ബുദ രോഗത്തിനെതിരെ അവബോധം ശക്തമാക്കുമെന്നും രോഗബാഹുല്യത്തെ തടയാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്നുമുള്ള പ്രസ്താവനകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. രോഗബാധിതരെ സംബന്ധിച്ചിടത്തോളം മന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരം തന്നെയാണ്. അതേസമയം രോഗവ്യാപനം തടയുന്നതിന് അത് പരിഹാരമാകുമെന്ന് പറയാനാകാത്തതുമാണ്. ക്യാന്‍സര്‍ രോഗം പിടിപെടാനുള്ള കാരണങ്ങളെ കുറിച്ചും രോഗത്തെ തടയാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നതിനെ സംബന്ധിച്ചും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എന്തൊക്കെ ചികിത്സകളാണ് നടത്തേണ്ടത് എന്നതിനെ സംബന്ധിച്ചുമെല്ലാം നിരവധിയായ ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ളതാണ്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, ഒരിക്കല്‍ ചൂടാക്കി ഉപയോഗിച്ച ഭക്ഷ്യ എണ്ണകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം, സ്ഥിരമായ മദ്യപാനം തുടങ്ങിയ കാര്യങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്നും അവയുടെ ഉപയോഗത്തില്‍ നിന്ന് സ്വയം വിട്ട് നില്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി അതിന് പ്രേരിപ്പിക്കണമെന്നുമെല്ലാമാണ് സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളും ആസ്പറ്റോസ് പോലെയുള്ള ചില പ്രത്യേകതരം നിര്‍മാണ വസ്തുക്കളും ക്യാന്‍സര്‍ പിടിപെടാന്‍ കാരണമാകുന്നുണ്ടെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗികളുടെ കണക്കെടുത്താല്‍ വലിയ തോതില്‍ സ്ത്രീകളും കുട്ടികളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കാണാം. അവരൊന്നും തന്നെ മദ്യപാനികളോ പുകവലിക്കുന്നവരോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരോ ആയിരുന്നില്ലെന്നും കാണാം. എങ്കില്‍ എങ്ങനെയാണവര്‍ രോഗികളായി മാറിയതെന്ന് പരിശോധിക്കേണ്ടതിനു പകരം രോഗം ഭേദമാക്കുന്നതിനു വേണ്ടി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെന്തെല്ലാമെന്ന് വിശദീകരിക്കുന്നതിനാണ് സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും വര്‍ത്തമാനകാലത്തും സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ക്യാന്‍സര്‍ രോഗം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ തേടിയുള്ള പഠനത്തില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നു. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ സംസ്ഥാനമാണ് കേരളം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളേറെയും മായം ചേര്‍ത്തവയാണെന്നും മിക്ക സാധനങ്ങളുടെയും ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.
മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ക്യാന്‍സര്‍ മാത്രമല്ല മറ്റു പല തരത്തിലുള്ള ഗുരുതരമായ രോഗങ്ങളും സൃഷ്ടിക്കുന്നു. മധുര പലഹാരങ്ങളായ കേക്ക്, ബിസ്‌കറ്റ് എന്നിവയില്‍ കൃത്രിമ മധുര പദാര്‍ഥങ്ങളായ “സാക്കറിന്‍”, “ഡള്‍സിന്‍”, “സോഡിയം സൈക്‌ളോമേറ്റ്” ഇവ ചേര്‍ക്കുന്നു. ഒരു ദിവസം സാക്കറിന്‍ എന്ന മധുര പദാര്‍ഥം 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഡള്‍സിന്‍ ശരീരത്തിന് ഹാനികരമായ പദാര്‍ഥമാണ്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് “ഡള്‍സിന്‍” കാരണമാകുന്നു. സോഡിയം സൈക്‌ളോമേറ്റ് എന്ന വിഷവസ്തു മനുഷ്യ കോശങ്ങളിലെ ക്രോമസോമുകള്‍ക്കാണ് തകരാറുണ്ടാക്കുന്നത്. അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇത് മാറിയേക്കാം.

അജിനോമോട്ടോയും ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയും അപകട കാരണമാണ്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും “മോണോസോഡിയം ഗ്‌ളൂട്ടാമേറ്റ്” അഥവാ “അജിനോമോട്ടോ” എന്ന രാസപദാര്‍ഥം ഭക്ഷണ വസ്തുക്കളില്‍ രുചിദായക വസ്തുവായി ചേര്‍ക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിരോധിച്ചിട്ടുള്ള ഒരു വസ്തുവാണ് “മോണോസോഡിയം ഗ്‌ളൂട്ടാമേറ്റ്”. ഒരിക്കല്‍ പാചകം ചെയ്ത എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുമ്പോള്‍, ആദ്യ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കരിഞ്ഞ് കാര്‍ബണായിത്തീരുകയും അത് എണ്ണയുമായി ചേര്‍ന്ന് വിഷവസ്തുക്കളുണ്ടാകുകയും ചെയ്യുന്നു. അതുകൂടാതെ അമിതമായ ചൂടില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്യുമ്പോഴും തുടരെത്തുടരെ ചൂടാക്കുമ്പോഴും എണ്ണയില്‍ നിന്ന് തന്നെ മാരകമായ വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
ഭക്ഷ്യപദാര്‍ഥങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം, ഭക്ഷ്യപദാര്‍ഥങ്ങളിലുണ്ടാകുന്ന പൂപ്പല്‍ എന്നിവയൊക്കെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പൂപ്പലുകളില്‍ മാരകമായ “അഫ്‌ളാടോക്‌സിന്‍” എന്ന വിഷവസ്തു ഉണ്ടായിരിക്കും. ഇത് കരള്‍ രോഗത്തിനും ക്യാന്‍സറിനും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ രോഗാണുക്കള്‍ കലരുന്നതു മൂലം വയറിളക്കം, ഛര്‍ദി, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സംസ്‌കരിക്കാത്ത പാല്‍, മത്സ്യം, മാംസം എന്നീ ആഹാര പദാര്‍ഥങ്ങളില്‍ ഇത്തരത്തിലുള്ള രോഗാണുക്കള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്. കുപ്പിയിലടച്ചു വരുന്ന മിനറല്‍ വാട്ടറില്‍ അപകടകരമായ രാസമാലിന്യങ്ങളും അണുജീവികളും ഉണ്ടാകാം. ഉപഭോക്താവിന്റെ വൃക്കകളെ തകരാറിലാക്കുകയോ അര്‍ബുദ രോഗത്തിന് ഇടവരുത്തുകയോ ചെയ്യാവുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ക്ക് കര്‍ശന ഗുണനിയന്ത്രണ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ.
നിരോധിച്ച ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കരുത്. നിര്‍മാതാവ്, ഉത്പന്നത്തിന്റെ സ്വഭാവത്തിനോ ഗുണത്തിനോ ഹാനികരമാകത്തക്കവിധം ഏതെങ്കിലും ഇതരഘടകങ്ങള്‍ ചേര്‍ക്കാന്‍ പാടുള്ളതല്ല. വസ്തുവിന്റെ ഗുണമോ ശുദ്ധിയോ നിശ്ചിത നിലവാരത്തിന് താഴെയുള്ളതാകാന്‍ പാടില്ല. ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിശ്ചിത പരിധിക്കുള്ളില്‍ അല്ലാതെ വന്നാല്‍ കുറ്റകരമാണ്. നിര്‍ദേശിക്കപ്പെട്ട വര്‍ണ വസ്തു അല്ലാതെ നിറം കൊടുക്കാനുള്ള മറ്റേതെങ്കിലും വസ്തുക്കള്‍ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടി ആരോഗ്യ വകുപ്പധികൃതര്‍ നിശ്ചിത കാലത്തേക്ക് വിപണനം നിരോധിച്ചിട്ടുള്ള ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.

എന്നാല്‍ അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനോ മായം കലര്‍ന്നതോ മായം ചേര്‍ത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് എത്തിച്ചേരുന്നത് തടഞ്ഞ് നിര്‍ത്തുന്നതിനോ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് പോലുമോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയം കളയാറില്ല എന്നതാണ് യാഥാര്‍ഥ്യം.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ. 2006ല്‍ ആണ് അവസാനമായി നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. 2006ലെ എഫ് എസ് എസ് ആക്ട് പ്രകാരം ഭക്ഷണം, കുടിവെള്ളം എന്നിവ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) യുടെ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യ സ്റ്റാളുകള്‍, സ്‌റ്റേഷനറി സ്‌റ്റോറുകള്‍ എന്നിവക്കും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍, ഹോസ്റ്റല്‍ കാന്റീന്‍, മെസ് ഹൗസ്, മേളകളുടെ നടത്തിപ്പുകാര്‍, ആരാധനാലയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം പ്രസ്തുത നിയമം ബാധകമാണ്. നിയമവും നിയമപാലകരുമെല്ലാം ഉണ്ടെങ്കിലും അതത്രയും നിയമ പുസ്തകത്തിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും കുംഭകര്‍ണ നിദ്രയിലാണ്ടിരിക്കുകയാണ്. മാറിയ സാഹചര്യത്തിലെങ്കിലും അവയെ തട്ടിയുണര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം വരാനിരിക്കുന്ന ക്യാന്‍സര്‍ ദിനവും രോഗികളുടെ വര്‍ധിത എണ്ണം വിളിച്ചു പറയാനായി ഉപയോഗപ്പെടുത്തേണ്ടി വരുമെന്ന കാര്യം തീര്‍ച്ചയാണ്.

കെ എം സലീം പത്തനാപുരം

Latest