Science
ചൊവ്വയിലെ വെള്ളം പുറംപാളിയിൽ മറഞ്ഞിരിക്കുകയാണെന്ന് നാസ
ന്യൂയോര്‍ക്ക് | കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലുണ്ടായിരുന്ന ജലം മൂടപ്പെട്ടിരിക്കുകയാണെന്ന് നാസയുടെ നിഗമനം. ചൊവ്വാ പുറംപാളിയുടെ ധാതുലവണങ്ങള്‍ക്കിടയില്‍ ജലം കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഹൈഡ്രേറ്റഡ് മിനറലിനെയാണ് ഈ പുറംപാളി രൂപപ്പെടുത്തുന്നത്.
അതിനാല്‍ തന്നെ ധാതുലവണങ്ങളുടെ സ്ഫടിക ഘടനയില്‍ വെള്ളമുണ്ടെന്നും പ്രബന്ധത്തിന്റെ മുഖ്യ രചയിതാവ് ഇവ ഷെല്ലര്‍ പറയുന്നു. 30 മുതല്‍ 99 ശതമാനം വരെ ജലം ഇങ്ങനെ ധാതുലവണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൊവ്വയില്‍ പണ്ടുണ്ടായിരുന്നെന്ന് അനുമാനിക്കുന്ന ജലത്തിന്റെ കുറച്ചുഭാഗം അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും അധികവും ഗ്രഹത്തില്‍ തന്നെയുണ്ട്.
ചൊവ്വയെ മൊത്തം മൂടാന്‍ മാത്രമുള്ള ജലം ഉണ്ടായിരുന്നെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. 100 മുതല്‍ 1500 മീറ്റര്‍ വരെ ആഴത്തിലുള്ള സമുദ്രമുണ്ടായിരുന്നത്രെ. എന്നാല്‍ ചൊവ്വയുടെ കാന്തിക മണ്ഡലം വളരെ മുമ്പ് നഷ്ടപ്പെട്ടതിനാല്‍ അന്തരീക്ഷം നീക്കംചെയ്യപ്പെട്ടു. അതിനാല്‍ ജലം മുഴുവനായി ഉപരിതലത്തില്‍ നിന്ന് നഷ്ടപ്പെട്ടതായും ശാസ്ത്രജ്ഞര്‍ കരുതുന്നു.