Ongoing News
കാലം മായ്ക്കാത്ത ചുവരെഴുത്തുണ്ടിവിടെ
കാസർകോട് | നീലേശ്വരത്തെ “കുടിൽ പെട്ടിയിൽ വോട്ടു ചെയ്യുവിൻ” എന്ന ചുവരെഴുത്ത് പഴയ കാല തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കുള്ള ഓർമപ്പെടുത്തലാവുകയാണ്. നീലേശ്വരം തളിയിൽ ക്ഷേത്ര കുളപ്പുര ചുവരിലാണീ എഴുത്ത് ഇന്നും അത്രയൊന്നും മായാതെ കാണാനാവുക. കേരളം 15-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ നമ്മുടെ പലരുടെയും മനസ്സുകളിൽ നിന്ന് മാഞ്ഞു പോയ തിരഞ്ഞെടുപ്പ് ചുവരെഴുത്തിനെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണിത്. മുമ്പ് തുറന്ന കുളമായിരുന്ന ഇവിടം എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടതാണ് ഈ ചുവരിൽ എഴുത്ത് ഇടംപിടിക്കാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. നിലവിൽ കുളം പരിസരം മതിൽകെട്ടി അടച്ചിരിക്കുകയാണ്. ഇന്നത്തെ തിരഞ്ഞെടുപ്പ് രീതി അനുസരിച്ച് ഒരു ബൂത്തിലെ എല്ലാ സ്ഥാനാർഥികളുടെ വോട്ടുകളും ഒരു പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ ഓരോ സ്ഥാനാർഥിക്കും പ്രത്യേകം പെട്ടിയുണ്ടായിരുന്ന ആദ്യ കാല തിരഞ്ഞെടുപ്പും പഴമയായി. കേരളം രൂപവത്കരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലാണ് പ്രത്യേകം പെട്ടിയുണ്ടായിരുന്നത്.”
1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ ഉൾപ്പെട്ട നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇ എം എസും കല്ലളൻ വൈദ്യരുമാണ് മത്സരിച്ചത്. കോൺഗ്രസ് സഖ്യകക്ഷിയായ പി എസ് പിയിലെ ടി വി കോരനായിരുന്നു ഇ എം എസിന്റെ മുഖ്യ എതിരാളി. ഇ എം എസ് 38,090 വോട്ടുകൾ നേടി വിജയിച്ചു.
ടി ഉണ്ണികൃഷ്ണൻ തിരുമുമ്പ്, പി അച്ചുക്കോയൻ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. കല്ലളൻ വൈദ്യർ കോൺസിലെ പി അച്ചുക്കോയനെ 44,754 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ടി വി കോരൻ അന്ന് നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു.
കോൺഗ്രസുമായി സംസ്ഥാനതലത്തിൽ സഖ്യമുണ്ടായിരുന്ന നീലേശ്വരത്ത് തനിക്കു പിന്തുണ നൽകിയിരുന്നെങ്കിൽ ഇ എം എസ് മന്ത്രിസഭയുണ്ടാകുമായിരുന്നില്ലെന്നായിരുന്നു ആ പ്രസ്താവന.