Connect with us

Articles

പുതുച്ചേരി: ജനാധിപത്യത്തിന് പ്രതീക്ഷയുണ്ടോ?

Published

|

Last Updated

ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാറാണ് ഫെബ്രുവരി 22ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി മന്ത്രിസഭ പിരിച്ചുവിട്ട് രാജിവെച്ചതോടെ വീണത്. കോണ്‍ഗ്രസിന്റെ അഞ്ച് എം എല്‍ എമാരും ഡി എം കെയുടെ ഒരു സാമാജികനും രാജിവെച്ചതോടെയാണ് കേന്ദ്ര ഭരണ പ്രദേശത്ത് കോണ്‍ഗ്രസ് ഭരണം അസ്തമിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 30 സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും ജനങ്ങള്‍ നല്‍കാതിരുന്ന ബി ജെ പിയാണ് കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ചതും കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആ കച്ചവടത്തില്‍ ചരക്കുകളായതും. ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ കീറിമുറിക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് ആദ്യ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലേറിയ ശേഷം ബി ജെ പി രാജ്യത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും അനുവര്‍ത്തിക്കുന്നത്. പണം, അധികാരം, സ്ഥാനമാനങ്ങള്‍ ഒരു കൈയിലും ജയില്‍, ശിക്ഷ, മാനക്കേട് എന്നിവ മറുകൈയിലും പിടിച്ചാണ് ബി ജെ പി ദല്ലാളുകള്‍ എതിര്‍ കക്ഷികളിലെ നേതാക്കളെയും സെലിബ്രിറ്റികളെയും വലവീശുന്നത്. അതീവ ചങ്കുറപ്പുള്ളവര്‍ മാത്രം ഇത്തരം വെച്ചുനീട്ടലുകളെയും ഭീഷണികളെയും അതിജീവിക്കുമെങ്കിലും ആദര്‍ശാധിഷ്ഠിത രാഷ്ട്രീയ സംസ്‌കാരത്തിലൂടെ വളര്‍ന്നുവരാത്തവരും ശക്തമായ നിലപാടില്ലാത്തവരും ഇതിന് വശംവദരാകുന്നു. അത്തരമൊരു സംഭവവികാസത്തിനാണ് കേരളത്തിനോടും തമിഴ്‌നാടിനോടും ഒട്ടിനില്‍ക്കുന്ന പുതുച്ചേരിയും സാക്ഷിയായത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടത്ത് ജയിച്ചു. ഒമ്പതിടത്ത് മത്സരിച്ച ഡി എം കെക്ക് രണ്ട് മണ്ഡലങ്ങള്‍ ലഭിച്ചു. അന്ന് ഭരണകക്ഷിയായിരുന്ന എ ഐ എന്‍ ആര്‍ സിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എ ഡി എം കെക്ക് നാലും മറ്റുള്ളവര്‍ക്ക് ഒന്നും സീറ്റ് ലഭിച്ചു. ബി ജെ പിയാകട്ടെ സംപൂജ്യരുമായിരുന്നു. കോണ്‍ഗ്രസ്, ഡി എം കെ സഖ്യവും ബി ജെ പി, എ ഐ എന്‍ ആര്‍ സി, എ ഡി എം കെ സഖ്യവുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വേകള്‍ എന്‍ ഡി എ സഖ്യം തൂത്തുവാരുമെന്നാണ് അഭിപ്രായപ്പെട്ടത്. ബി ജെ പി ഒറ്റക്ക് അക്കൗണ്ട് തുറക്കുമോയെന്ന സംശയമുണ്ടെങ്കിലും എ ഐ എന്‍ ആര്‍ സിയുടെ തണലില്‍ അധികാരത്തിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ കര്‍ണാടക ഒഴിച്ചുനിര്‍ത്തിയാല്‍ പുതുച്ചേരിയിലും ബി ജെ പി അധികാരത്തിന്റെ ഭാഗമാകും. ദക്ഷിണേന്ത്യയില്‍ കൂടി ഏതുവിധേനയും താമര വിരിയിക്കാനുള്ള ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി ബി ജെ പി അടുക്കും.

എക്കാലവും കോണ്‍ഗ്രസ്, ഡി എം കെ സഖ്യത്തിന്റെ ശക്തിദുര്‍ഗമായി ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രദേശത്താണ് ഫാസിസ്റ്റ് ശക്തികള്‍ കളംനിറഞ്ഞാടാനുള്ള ഒരവസരം സ്വയംകൃതാനര്‍ഥങ്ങളാല്‍ രൂപപ്പെടുന്നത്. നാരായണസ്വാമി സര്‍ക്കാറിനെ വീഴ്ത്തിയത് സ്വന്തം ആള്‍ക്കാര്‍ തന്നെയാണ്. കാറ്റുംകോളുമുള്ള നടുക്കടലില്‍ യാത്രക്കാരില്‍ ചിലര്‍ തന്നെ കപ്പലിന് ദ്വാരമുണ്ടാക്കുന്ന സ്ഥിതി. മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സംഭവിച്ചത് പുതുച്ചേരിയിലും ആവര്‍ത്തിച്ചു. ജനവിധി അട്ടിമറിച്ച് കാലാവധി കഴിയുന്നതിന് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ചാപിള്ളകളായി.
2011ലൊഴികെ 1980 മുതല്‍ക്കുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്, ഡി എം കെ സഖ്യമാണ് 50 ശതമാനം സീറ്റുകളിലും വിജയിച്ചത്. 2014ല്‍ ഒഴികെ 1967 മുതല്‍ എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആകെയുള്ള ലോക്‌സഭാ സീറ്റിലും ഈ സഖ്യം തന്നെയാണ് വിജയിച്ചത്. വര്‍ഷങ്ങളായി ശക്തമായ ജനപിന്തുണയുള്ള പ്രദേശത്ത് വിജുഗീഷുവായി മാറിയ കോണ്‍ഗ്രസ്, ഡി എം കെ സഖ്യത്തിന് ഏക എതിരാളി ഒരിക്കലും ബി ജെ പിയല്ല. മറിച്ച്, കോണ്‍ഗ്രസില്‍ നിന്ന് വിമതനായി പുറത്തുവന്ന മുന്‍ മുഖ്യമന്ത്രി കൂടിയായ എന്‍ രംഗസ്വാമി രൂപവത്കരിച്ച എ ഐ എന്‍ ആര്‍ സി അഥവാ ആര്‍ സിയാണ്. ഈ രംഗസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് എന്‍ ഡി എ മത്സരിക്കുന്നത്.

അതേസമയം, കേന്ദ്രത്തിന്റെ ഇടപെടലും അട്ടിമറി ഭീഷണികളും ഞെരിച്ചമര്‍ത്തലുകളും അതിജീവിച്ചാണ് നാലര വര്‍ഷത്തോളം നാരായണസ്വാമി സര്‍ക്കാര്‍ പുതുച്ചേരിയില്‍ മുന്നോട്ടുപോയതെന്ന് വിസ്മരിക്കാവതല്ല. ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ ഉപയോഗപ്പെടുത്തി എല്ലാ വിധത്തിലും ശത്രുതാ മനോഭാവത്തോടെയാണ് കേന്ദ്രം ഈ കേന്ദ്രഭരണ പ്രദേശത്തോട് പെരുമാറിയത്. ഫെഡറല്‍ തത്വങ്ങളെയും മൂല്യങ്ങളെയും കാറ്റില്‍ പറത്തി എല്ലാം വരുതിയിലാക്കാമെന്ന അത്യാഗ്രഹ ബുദ്ധിയോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചത് എന്നുപറഞ്ഞാല്‍ പുതുച്ചേരിയുടെ കാര്യത്തില്‍ അതിശയോക്തിയാകില്ല. ദുര്‍ബല മേഖലകളെ അധികാര ദുര്‍വിനിയോഗത്തിലൂടെ കാല്‍ക്കീഴിലാക്കുന്ന രാജ്യമെമ്പാടും ബി ജെ പി അനുവര്‍ത്തിക്കുന്ന രീതി പുതുച്ചേരിയുടെ കാര്യത്തിലും വിഭിന്നമായിരുന്നില്ല. പല സമയങ്ങളിലും മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും ഏറ്റുമുട്ടി. കിരണ്‍ ബേദിയുടെ ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രി കുത്തിയിരുന്ന് സമരം ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണികള്‍ പലകുറി അന്തരീക്ഷത്തില്‍ മുഴങ്ങി. സര്‍ക്കാറിന്റെ പല പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഗവര്‍ണറുടെ ഓഫീസ് ഇടങ്കോലിട്ടു. ജനാധിപത്യ ബോധവും പ്രതിഷേധവും ജനകീയ ശക്തിയും അത്ര കരുത്തില്ലാത്ത പുതുച്ചേരി പോലുള്ള പ്രദേശങ്ങളെ എളുപ്പം അധികാര മുഷ്‌കിലൂടെ പിടിച്ചെടുക്കാമെന്ന മോദി സര്‍ക്കാര്‍ വ്യോമോഹത്തെ നാരായണസ്വാമി സര്‍ക്കാര്‍ പലകുറി പ്രതിരോധിച്ചു. കേരളത്തില്‍ പോലും ഇത്തരം നീക്കങ്ങള്‍ നാം കണ്ടതാണല്ലോ. ഉയര്‍ന്ന ജനാധിപത്യ ബോധവും നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വവും ജനങ്ങളുടെ പ്രതികരണ ശേഷിയുമാണ് നേരിട്ടുള്ള വലിയ ഇടപെടലുകള്‍ക്ക് കേന്ദ്രം ധൈര്യപ്പെടാതിരുന്നത്. കുതിരക്കച്ചവടവും പിരിച്ചുവിടല്‍ ഭീഷണികളും ബി ജെ പി അധ്യക്ഷനായിരുന്ന കാലത്ത് അമിത് ഷാ കേരളത്തില്‍ വന്ന് മുഴക്കിയിരുന്നെങ്കിലും അതിനെല്ലാം ഇരട്ടി ശക്തിയില്‍ നേതൃത്വം പ്രതികരിച്ചതിനാല്‍ പത്തിമടക്കുകയായിരുന്നു ദുശ്ശക്തികള്‍. മാത്രമല്ല, കേന്ദ്രത്തിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ ബില്ലുകളെയും നിയമങ്ങളെയും ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്ത് ശക്തമായ രാഷ്ട്രീയ സന്ദേശം കൂടി നല്‍കുന്നതില്‍ എന്നും രാജ്യത്തിന് മാതൃകയായിരുന്നു കേരളം; വിശിഷ്യ, മോദി കാലത്ത്. എന്നാല്‍ ഇത്തരം കൂട്ടായ മുന്നേറ്റങ്ങള്‍ പലപ്പോഴും സാധ്യമാകാതിരുന്ന പുതുച്ചേരി പോലുള്ള പ്രദേശങ്ങള്‍ അത്തരം ഔദ്ധത്യത്തിന് വശംവദരാകുന്ന കാഴ്ചയാണ് രാജ്യം മുഴുക്കെയുള്ളത്. എങ്കില്‍ത്തന്നെയും ജനാഭിലാഷം തങ്ങള്‍ക്ക് അനുകൂലമാണെന്ന ദൃഢവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നാരായണസ്വാമി സര്‍ക്കാര്‍ ആവുന്നത് ശ്രമിച്ചെങ്കിലും സ്വന്തം പാളയത്തില്‍ നിന്നുള്ള കുത്തേറ്റ് അവസാന നിമിഷം വീണു.

അതേസമയം, നാരായണസ്വാമി സര്‍ക്കാറിനെതിരെയുള്ള ജനവികാരവും തള്ളിക്കളയാവുന്നതല്ല. പ്രധാനമായും തീരദേശ മേഖലകളുള്ള പുതുച്ചേരിയില്‍ ആ വിഭാഗത്തിന്റെ ഉന്നമനവും പുരോഗതിയും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇതിനെല്ലാം പുറമെയാണ് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തന്നെ കാലുമാറി മറുപക്ഷത്തേക്ക് ചേക്കേറുന്നത്. അതുകൊണ്ടായിരിക്കാം, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്, ഡി എം കെ സഖ്യത്തിന് വന്‍ മുന്നേറ്റം പ്രവചിക്കുമ്പോഴും തൊട്ടടുത്ത തമിഴ് സംസാരിക്കുന്ന പുതുച്ചേരിയില്‍ നേരേ തിരിച്ചുള്ള സര്‍വേ ഫലം വരുന്നത്. അപ്പോഴും മലയാളം സംസാരിക്കുന്ന മാഹിയൊക്കെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. എന്തുതന്നെയായാലും വിഷക്കളകളുടെ രൂപത്തില്‍ പുതുച്ചേരിയില്‍ ബി ജെ പി മുളച്ചുപൊന്തുന്നതും ക്രമേണ ആ കളകള്‍ വന്‍ വിനാശകാരിയാകുന്നതും അപകടകരമാണ്.

Latest