Articles
കരുതണം, ജലമാണ് ജീവൻ
വരൾച്ചാ ബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ ലത്തൂരിലേക്ക് കേന്ദ്ര സർക്കാർ അയച്ച വെള്ളം നിറച്ച തീവണ്ടി ഗ്രാമീണർ കൊള്ളയടിച്ചത് സംബന്ധിച്ച വാർത്ത മറക്കാനായിട്ടില്ല. കുടിവെള്ളം മോഷ്ടിക്കാൻ അടുത്ത ഗ്രാമത്തിൽ നിന്നെത്തുന്നവരെ നേരിടാൻ തടാകത്തിന് ചുറ്റും ആയുധമേന്തിയ യുവാക്കൾ കാവൽ നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമീണ ചിത്രവും മനസ്സിൽ നിന്ന് മായില്ല. ഒരു ലിറ്റർ കുടിവെള്ളത്തിന് ഒരുലിറ്റർ പെട്രോളിനെക്കാൾ പണം മുടക്കണമെന്ന പ്രവാസികളായ നമ്മുടെ ഉറ്റവരുടെ വാക്കുകേട്ട് മൂക്കത്ത് വിരൽ വെച്ച് അത്ഭുതം കൂറിയതും അത്ര പണ്ടൊന്നുമല്ല. ജലത്തേക്കാൾ വേണ്ടപ്പെട്ടതല്ല മനുഷ്യന് മറ്റൊന്നും എന്നാണ് ഈ സംഭവങ്ങൾ നമ്മോട് പറഞ്ഞുവെക്കുന്നത്. അത്തരം ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ ഓർമപ്പെടുത്തുന്ന ഒരു വേനലിലൂടെയാണല്ലോ നാം കടന്ന് പോകുന്നത്.
ജലത്തിനു വേണ്ടി ലോകത്ത് എത്രയോ തർക്കങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്. എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ജലം ഒരിക്കലും ഉത്പാദിപ്പിക്കപ്പെടാൻ കഴിയില്ലെന്നത് തന്നെയാണ് അടിസ്ഥാന കാരണം. എല്ലാം ശാസ്ത്രീയമായി കണ്ടുപിടിക്കാമെന്ന് അഹങ്കരിക്കുന്ന മനുഷ്യർ ജലത്തിന്റെ വിഷയത്തിൽ നിസ്സഹായനാണ്. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരമായ ജലം സംവിധാനിച്ചത് അല്ലാഹുവാണ്. “ആകാശത്തുനിന്ന് നാം നിശ്ചിത അളവിൽ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയിൽ തങ്ങിനിൽക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു”(അൽ മുഅ്മിനൂൻ) എന്ന ഖുർആനിക വാക്യം ഈ സത്യത്തെയാണ് വിളംബരം ചെയ്യുന്നത്.
ഓരോ തുള്ളിയും വിലപ്പെട്ടത്
ജലമില്ലാതെ ഒരു ജീവനും ഇവിടെ നിലനിൽപ്പില്ല. ഭൂലോകത്ത് ഏറ്റവും കൂടുതൽ ജലമുപയോഗിക്കുന്നത് മനുഷ്യരാണ്. കേവലം കുടിക്കാൻ വേണ്ടി മാത്രമല്ലല്ലോ, മറ്റ് അനേകായിരം ആവശ്യങ്ങൾക്കും നമുക്കിന്ന് ജലം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു. ഭൂമിയിൽ നാഥൻ സൃഷ്ടിക്കുന്ന ജീവജാലങ്ങളുടെ ഉപയോഗത്തിനുള്ള വസ്തുക്കളേ ഇവിടെ അവൻ സംവിധാനിച്ചിട്ടുള്ളൂ. അതിനാൽ തന്നെ അമിതമായി ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളവും വരുംകാലത്തേക്കുള്ള കരുതി വെപ്പിനെയാണ് ബാധിക്കുന്നത്.
ഭൂമിയുടെ എഴുപത് ശതമാനം ജലമാണല്ലോ. ഇത്രയും വിശാലമായ ജലസമ്പത്ത് ഭൂമിയിലുണ്ടായിരിക്കെ എങ്ങനെയാണ് വരൾച്ച നമ്മെ ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഗതിയിൽ മനുഷ്യനും മറ്റും കുടിക്കാനുപയോഗിക്കുന്ന വെള്ളം ആകെ ജലസമ്പത്തിന്റെ ആറ് ശതമാനം മാത്രമേ വരൂ. അതിൽ തന്നെ ഏറിയ പങ്കും അനിയന്ത്രിതമായ കൈകടത്തൽ മൂലം മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. “നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽ നിന്നിറക്കിയത്. അതോ നാമാണോ? നാമുദ്ദേശിച്ചിരുന്നെങ്കിൽ അതിനെയും ഉപ്പ് വെള്ളമാക്കുമായിരുന്നു എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തതെന്തുകൊണ്ടാണ്?”(അൽവാഖിഅ). ഭൂമിയിൽ ശുദ്ധജലം സംവിധാനിച്ചതിൽ സ്രഷ്ടാവിന്റെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഉപരിവാക്യങ്ങൾ.
വെള്ളം എങ്ങനെ വിനിയോഗിക്കണമെന്ന നിർദേശം കൃത്യമായി ഖുർആനും തിരുചര്യയും പങ്കുവെക്കുന്നുണ്ട്. ഒരിക്കലും അമിതമായി ഉപയോഗിക്കരുത് എന്നതാണ് അതിൽ പ്രധാനം. “നിങ്ങൾ ഭക്ഷിക്കുക, കുടിക്കുക. അമിതമാക്കരുത്. നിശ്ചയം അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (അഅ്റാഫ്). കുടിക്കുന്ന ജലമാണല്ലോ മറ്റെല്ലാത്തിനെക്കാളും പ്രധാനം. അതുപോലും അമിതമാക്കരുത് എന്ന് പറയുന്നതിലൂടെ ജലവുമായുള്ള നമ്മുടെ ഇടപെടലിലെല്ലാം സൂക്ഷ്മമായ കരുതൽ വേണമെന്നാണ് ഗ്രഹിക്കാനാവുക.
പ്രവാചക ശിഷ്യനായ സഅദ് ബ്നു അബീവഖാസ്(റ) വുളൂഅ് (അംഗസ്നാനം) ചെയ്യുമ്പോൾ അതുവഴി കടന്നുപോവുകയായിരുന്ന തിരുദൂതർ സഅദ്(റ)ന്റെ വുളൂഅ് കണ്ട് ചോദിച്ചു: “സഅ്ദേ, ഇതെന്തു അമിതോപയോഗമാണ്?” സഅ്ദ്(റ) ആശ്ചര്യത്തോടെ പറഞ്ഞു: “വുളൂഇലും അമിതോപയോഗമോ?” “അതെ, ഒഴുകുന്ന നദിയിൽനിന്ന് വുളൂഅ് ചെയ്യുകയാണെങ്കിൽ പോലും മിതവ്യയം വേണം” തിരുദൂതരുടെ മറുപടി. ഉപയോഗത്തിന്റെ ഏത് ഘട്ടത്തിലും കരുതലും ശ്രദ്ധയും വേണമെന്നതാണ് തിരുദൂതരുടെ ഈ നിലപാടിന്റെ പാഠം.കുടിക്കുന്നതിനേക്കാൾ വെള്ളം വേണം ശുദ്ധീകരണത്തിന്. ശരീരവും വസ്ത്രവും പാർപ്പിടവും വാഹനവുമെല്ലാം വൃത്തിയോടെ സംരക്ഷിക്കാൻ ഓരോ ദിവസവും നാമെത്ര വെള്ളമാണ് വിനിയോഗിക്കുന്നത്. പലപ്പോഴും അത്യാവശ്യത്തിൽ കവിഞ്ഞ് ഉപയോഗിക്കുന്നുണ്ടെന്നത് നമുക്ക് തന്നെ ബോധ്യപ്പെടാറുണ്ട്. എന്നിട്ടും “വെള്ളമല്ലേ, അതിനിയും കിട്ടുമല്ലോ” എന്നതാണ് മനോഭാവം.
ശുചിത്വത്തിലും പ്രാർഥനയിലും അതിര് കവിയുന്ന ഒരു വിഭാഗം തീർച്ചയായും എന്റെ സമുദായത്തിൽ ഉണ്ടാകുമെന്ന തിരുദൂതരുടെ മുന്നറിയിപ്പ് അബൂദാവൂദ്(റ) രേഖപ്പെടുത്തുന്നുണ്ട്. ശുചിത്വാവശ്യത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ മിതത്വ പരിധി ലംഘിക്കുന്നവർ എന്നാണ്, ശുചിത്വത്തിൽ അതിര് കവിയുന്നവർ എന്നതിന്റെ വിവക്ഷ. തന്റെ കാലശേഷം വെള്ളം അനാവശ്യമായി വിനിയോഗിക്കുന്ന സമൂഹത്തെക്കുറിച്ച് തിരുദൂതർ പ്രവചിക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം അഹ്്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അക്ഷരംപ്രതി പുലരുന്നതാണല്ലോ ചുറ്റും കാണുന്നത്.
അമിതോപയോഗത്തിനെതിരെ വെറും വാക്കുകളിൽ മാത്രം ഒതുങ്ങിനിന്നായിരുന്നില്ല തിരുദൂതരുടെ പോരാട്ടം. അവിടുന്ന് വുളൂഅ് ചെയ്തിരുന്നത് 1 മുദ്ദ് (800 മില്ലി ലിറ്റർ) വെള്ളത്തിലും കുളിച്ചിരുന്നത് ഒരു സ്വാഅ്(3.2 ലിറ്റർ) വെള്ളത്തിലുമായിരുന്നുവെന്ന് ഇമാം മുസ് ലിം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതല്ലേ നാം പകർത്തേണ്ട മിതവ്യയ മാതൃക?
മിതത്വം ശീലിക്കാം
കുളിക്കാനും വുളൂഅ് ചെയ്യാനും മറ്റും നാമിന്ന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ എത്രയോ കുറച്ച് ഭാഗം ഉപയോഗിച്ചാലും ഇതെല്ലാം നിറവേറ്റാനാകും. എന്നിട്ടും അശ്രദ്ധരാകുന്നത് സുലഭമാണല്ലോ എന്ന മനോഗതികൊണ്ടാണ്. അത് മൂഢധാരണയാണ്. ജലദാരിദ്ര്യം ആസന്നമായ ഈ ഘട്ടത്തിൽ മിതത്വം ശീലിക്കാൻ നാം പഠിക്കേണ്ടതുണ്ട്. വുളൂഅ് ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ടാപ്പുകൾ ഫോഴ്സ് കുറഞ്ഞതാക്കുക, ടോയ്്ലറ്റുകളിൽ കിണ്ടിയോ ഹെൽത്ത് ഫോസറ്റോ നിർബന്ധമായും ശീലിക്കുക, ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളം ശേഖരിച്ച് ചെടി നനക്കാനും മറ്റും ഉപയോഗിക്കുക, സോപ്പിന്റെയും ഡിറ്റർജന്റുകളുടെയും ഉപയോഗം പരമാവധി കുറക്കുകയും അവയുടെ അംശങ്ങൾ വെള്ളത്തിൽ കലരാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ ജലം മിതമായി ഉപയോഗിക്കാനും പുനരുപയോഗിക്കാനും നാം ശീലിച്ചേ മതിയാവൂ.
കുടിവെള്ളമാണ് പ്രധാനം
വേനൽ ആസന്നമായ ഈ സമയത്ത് മറ്റെല്ലാത്തിനെക്കാളുമുപരി ഗ്രാമ- നഗര ഭേദമന്യേ എല്ലാവരും ആശങ്കപ്പെടുന്നത് കുടിവെള്ളത്തിന്റെ കാര്യത്തിലാണ്. ഒരിക്കൽ ഒരാൾ തിരുദൂതരോട് ഇപ്രകാരം ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, സമുദ്രയാത്ര നടത്തുന്ന ഞങ്ങൾ കുറച്ച് വെള്ളം കൂടെ കരുതാറുണ്ട്. അതുപയോഗിച്ച് വുളൂഅ് ചെയ്താൽ കുടിക്കാൻ പ്രയാസപ്പെടും. സമുദ്രജലം ഉപയോഗിച്ച് വുളൂഅ് ചെയ്യാമോ?” തിരുദൂതർ(സ) ഇങ്ങനെ പ്രതിവചിച്ചു: “സമുദ്രത്തിലെ ജലം ശുദ്ധമാണ്. അതിലെ ശവം അനുവദനീയമാണ്.” ജലദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ തയമ്മും ചെയ്തോ കടൽവെള്ളം ഉപയോഗിച്ചോ ശുദ്ധീകരണം നടത്തി ശുദ്ധജലം കുടിവെള്ളമായി മാറ്റിവെക്കണമെന്നും കുടിവെള്ളമാണ് പ്രധാനമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകത്ത് 1.8 ദശലക്ഷം ജനങ്ങൾ കുടിക്കാനുപയോഗിക്കുന്നത് ശുദ്ധജലമല്ല. മലിനജലമാണ്. തത്ഫലമായി ഓരോ രണ്ട് മിനുട്ടിലും ഒരു വയറിളക്ക മരണം ലോകത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. ശുദ്ധജല സ്രോതസ്സുകളായിരുന്ന പല ജലാശയങ്ങളും ഇന്ന് അത്യന്തം മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. പൊതുകിണറുകളും കുളങ്ങളും പോലും മലിനമായി. വേനൽ കടുത്തതോടെ എവിടുന്നെങ്കിലും കുടിവെള്ളം കിട്ടിയാൽ മതിയെന്നായി നമുക്ക്. ലഭ്യമായ ഇടങ്ങളിൽനിന്നെല്ലാം സംഭരിക്കാൻ നാം ശ്രമിക്കുകയും ചെയ്യും. ഈ അവസരത്തിൽ ഉറവ വറ്റാതെ കിടക്കുന്ന നമ്മുടെ ജലസ്രോതസ്സുകൾ മലിനീകരണ മുക്തമാക്കാനും ഭാവിയിൽ മലിനീകരിക്കപ്പെടാതിരിക്കാനുമാണ് നാം ഊന്നൽ നൽകേണ്ടത്.
ഒരു രീതിയിലുള്ള മലിനീകരണം എന്ന നിലയിലാണ് തിരുദൂതർ(സ) മലമൂത്ര വിസർജനം വെള്ളത്തിൽ അരുത് എന്ന് പറഞ്ഞത്. എന്നാൽ ഇന്നത്തെ കാലത്ത് ജലം മലിനീകരിക്കുന്ന മാരകവും വിദൂര പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ അനേകം രാസ- ജൈവ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. അത്തരം നശീകരണ പ്രവർത്തനങ്ങളിൽ നിന്നെല്ലാം മാറി ജലസംരക്ഷണ ഉദ്യമത്തിൽ പങ്കാളികളാവാൻ മാലോകരെ പ്രേരിപ്പിക്കുകയാണ് തിരുദൂതർ (സ).
ലോകജനതയുടെ അറുപത് ശതമാനത്തിന് ആവശ്യമായ അളവിലുള്ള ശുദ്ധജലം ഇന്ന് നേരിട്ടുള്ള സ്രോതസ്സുകളിൽനിന്ന് കിട്ടാതായിരിക്കുന്നു. വെള്ളം പരിമിതപ്പെടുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ ഈ അമൂല്യ പ്രകൃതി നിക്ഷേപത്തെ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യാൻ നാം ബാധ്യസ്ഥരാണ്.
പങ്കുവെക്കാം
“വെള്ളം വെള്ളം സർവത്ര, തുള്ളികുടിക്കാനില്ലത്രെ”- കുട്ടിക്കാലത്ത് നാം ഈണത്തിൽ ചൊല്ലിയ വാക്യമായിരുന്നു ഇതെങ്കിലും അന്നൊന്നും ഇത്ര തീവ്രമാണ് കുടിവെള്ള ദൗർലഭ്യമെന്ന് അടുത്തറിഞ്ഞിരുന്നില്ല. ഏതോ നാട്ടിൽ എവിടെയോ ഉണ്ടാവാനിടയുള്ള ഒന്ന് എന്ന നിലയിൽ പാടെ അവഗണിച്ച ഒന്നായിരുന്നു ജലദൗർലഭ്യ ആശങ്കകൾ. എന്നാലിന്ന് സ്ഥിതി ആകെ മാറി. ജല ദാരിദ്ര്യം നമ്മുടെ അകത്തളം വരെയെത്തി. ഈ അവസരത്തിൽ വെള്ളം ഒരു പൊതു ആവശ്യമാണെന്ന ബോധത്തിൽ നമ്മുടെ ഉപയോഗം കഴിഞ്ഞാൽ ഇല്ലാത്തവർക്ക് ലഭ്യമാക്കാൻ നാം മനസ്സുകാണിക്കണം. എല്ലാം നമ്മുടെ സ്വന്തമെന്നവകാശപ്പെടാതെ അന്യർക്കും ഒരു പങ്ക് നൽകണം. പത്തും ഇരുപതും കുടുംബങ്ങൾ ഒരു കിണറിൽ നിന്ന് കൊടും വേനലിലും ജലം പങ്കിട്ടെടുത്തിരുന്ന ഭൂതകാലമുണ്ടായിരുന്നല്ലോ നമുക്ക്. നമ്മുടെ അധീനതയിലുള്ള കുളത്തിലും കിണറിലും നമ്മുടെ ആവശ്യം കഴിഞ്ഞും വെള്ളമുണ്ടെങ്കിൽ അവ ഇല്ലാത്തവർക്ക് നൽകണം. വലിയ പുണ്യമാവുമത്.
മുൻഗാമികൾ ദൈവപ്രീതിക്ക് വേണ്ടിയും മരണപ്പെട്ടവരുടെ പാരത്രിക നന്മക്കുവേണ്ടിയും കിണർ കുഴിച്ച് വഖ്ഫ് ചെയ്ത് പൊതുജനത്തിന് വിട്ടുനൽകിയവരായിരുന്നു. സഅദ്(റ) തന്റെ മാതാവ് മരിച്ചപ്പോൾ അവരുടെ പേരിൽ ദാനധർമം ചെയ്യാനുള്ള ആഗ്രഹം തിരുദൂതരോട് പറയുകയുണ്ടായി. ഉമ്മയുടെ പേരിൽ കിണർ കുഴിച്ച് നൽകാനാണ് അദ്ദേഹത്തോട് തിരുദൂതർ(സ) ഉപദേശിച്ചത്.
ജലം ജീവനാണ്
“ജലമാണ് ജീവൻ” എന്ന പ്രമേയത്തിലൂന്നി എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിൻ അത്യന്തം പ്രധാനമാണ്. കായലുകൾ, കുളങ്ങൾ, പൊതുകിണറുകൾ എന്നിവ ശുദ്ധീകരിക്കുക, കുടിവെള്ള പ്രയാസം നേരിടുന്ന ഇടങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുക, പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളം സജ്ജീകരിക്കുക, ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലമലിനീകരണത്തിന്റെയും അമിതോപയോഗത്തിന്റെയും ഭവിഷ്യത്തിനെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ വിവിധ പദ്ധതികൾ ക്യാമ്പയിൻ കാലയളവിൽ എസ് വൈ എസ് നടപ്പിൽ വരുത്തുകയാണ്. കഴിഞ്ഞകാലങ്ങളിൽ എസ് വൈ എസ് ആവിഷ്‌കരിച്ച ഇത്തരം പദ്ധതികളിലൂടെ ഇപ്പോഴും ആയിരക്കണക്കിന് ജലാശയങ്ങൾ സംരക്ഷിക്കപ്പെടുകയും അനേകായിരം കുടുംബങ്ങൾക്ക് തെളിനീർ ലഭിക്കുകയും ചെയ്യുന്നുണ്ട്. കേവലം ഇഹലോക നന്മ മാത്രമല്ല, പാരത്രിക പുണ്യം ലഭിക്കുന്ന കാര്യം കൂടിയാണ് ജലസംരക്ഷണമെന്ന വിശ്വാസത്തിൽ യാതൊരു മടിയും കൂടാതെ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാനും ഉപയോഗത്തിൽ കരുതൽ പുലർത്താനും നാമെല്ലാം തയ്യാറാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ.