Connect with us

Kerala

പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍; ഇന്ന് അടിയന്തര സിറ്റിംഗ്

Published

|

Last Updated

കൊച്ചി | തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍. ഇന്ന് അവധി ദിനമാണെങ്കിലും ബി ജെ പി ഹരജി പരിഗണിക്കാന്‍ ഹൈക്കോടതി ഉച്ചക്ക് അടിയന്തര സിറ്റിംഗ് നടത്തും. മുതിര്‍ന്ന അഭിഭാഷകരായ കെ രാംകുമാറും എസ് ശ്രീകുമാറും ബി ജെ പിക്ക് വേണ്ടി ഹാജരാകും. ദേവികളും മണ്ഡലത്തിലും എൻ ഡി എ സ്ഥാനാർഥിയുടെ പത്രിക തള്ളിയിട്ടുണ്ടെങ്കിലും സ്വതന്ത്രൻ മുന്നണിക്ക് വേണ്ടി മത്സരിക്കും. ഇവിടെ എ ഐ എ ഡി എം കെക്കാണ് എൻ ഡി എ സീറ്റ് നൽകിയത്.

ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കും. തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെയും ദേവികുളത്ത് എന്‍ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മിയുടെയും ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ഇവിടങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളും ഇല്ലാതായതോടെ, ബി ജെ പിക്ക് സ്ഥാനാര്‍ഥികളില്ലാതെയായി.

പത്രികയില്‍ ബി ജെ പി അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് തലശ്ശേരിയിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ കാരണം. കണ്ണൂരില്‍ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. 2016ല്‍ 22,125 വോട്ടാണ് ഈ മണ്ഡലത്തില്‍ ബി ജെ പി നേടിയിരുന്നത്. ഇതേ കാരണത്താലാണ് ഗുരുവായൂരിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളിയത്.

ഫോം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതാണ് ദേവികുളത്തെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ കാരണം. ദേവികുളത്ത് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക ആദ്യമേ തള്ളിയിരുന്നു. ഇവിടങ്ങളിലെല്ലാം ബി ജെ പിയുമായി ഒത്തുകളിയാണെന്ന് ഇരു മുന്നണികളും പരസ്പരം ആരോപിച്ചിട്ടുണ്ട്.