Connect with us

Kerala

യു ഡി എഫ് പ്രകടന പത്രികയിലെ മൂന്ന് വാഗ്ദാനങ്ങള്‍ക്ക് വേണ്ടത് 2.2 ലക്ഷം കോടി രൂപ; ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് തോമസ് ഐസക്

Published

|

Last Updated

ആലപ്പുഴ | യു ഡി എഫ് പ്രകടന പത്രികയിലെ മൂന്ന് പ്രധാന ജനക്ഷേമ വാഗ്ദാനങ്ങള്‍ക്ക് വേണ്ടത് 2.2 ലക്ഷം കോടി രൂപയാണെന്നും ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്. ഓരോ വര്‍ഷവും 44,000 കോടി രൂപ ഇതിന് തന്നെ വേണം.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, ന്യായ് പദ്ധതി, വീട്ടമ്മാര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ എന്നിവക്കാണ് പ്രതിവര്‍ഷം ഇത്രയധികം തുക വേണ്ടി വരിക. മറ്റ് ക്ഷേമ ആനുകൂല്യ വാഗ്ദാനങ്ങളുടെ പണത്തെ സംബന്ധിച്ച് പറയുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റ് പൂര്‍ണരൂപത്തില്‍:

അപഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓർമ്മ ശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യുഡിഎഫ്. 600 രൂപ പെൻഷൻ 18 മാസമാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കുടിശിക വരുത്തിയത്. അവരാണ് ക്ഷേമപെൻഷൻ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ടു പിടിക്കാനിറങ്ങുന്നത്. അർഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹവിൽപനയെ കേരളജനത പുച്ഛിച്ചു തള്ളും.

2006ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെൻഷൻ രണ്ടര വർഷം കുടിശിക വരുത്തിയിട്ടാണ് എ കെ ആന്റണി സർക്കാർ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തു തീർത്ത ശേഷമാണ് വിഎസ് സർക്കാർ ഭരണം തുടങ്ങിയത്. ഞങ്ങള് അത് 500 രൂപയാക്കി ഉയര്ത്തി എന്നു മാത്രമല്ല, ആ സർക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശികയുമുണ്ടായിരുന്നില്ല.
പിന്നീട് ഉമ്മന്ചാണ്ടി സർക്കാർ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശിക. ആ കുടിശിക കൊടുത്തു തീർത്തത് ഇപ്പോഴത്തെ സർക്കാർ. ഇതുവരെ ഒരു രൂപയും കുടിശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.
2006 മുതൽ ഇതുവരെയുള്ള കാലമെടുത്താൽ സാമൂഹ്യക്ഷേമ പെൻഷൻ 110ൽ നിന്ന് 1600 രൂപയായി. അതിൽ യുഡിഎഫ് സർക്കാർ വരുത്തിയത് വെറും 100 രൂപയുടെ വർദ്ധന. അതു തന്നെ ഒന്നര വർഷം കുടിശികയുമാക്കി.
ഇക്കൂട്ടരാണ് പെൻഷൻ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എൽഡിഎഫിന്റെ പ്രകടനപത്രികയിൽ 2500 രൂപ പറഞ്ഞപ്പോൾ, അതിൽ നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓർമ്മശക്തിയെ പരിഹസിക്കുകയാണ് യുഡിഎഫ്.
പെൻഷന്റെ കാര്യത്തിൽ 500 രൂപ കൂട്ടി വെയ്ക്കാൻ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്ന് ഇപ്പോൾ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള് എല്.ഡി.എഫ്. എന്തു പറയുന്നോ അതിന് മുകളില് പ്രഖ്യാപിക്കുവാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടി വച്ചപ്പോള് അവര് ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില് മാറ്റം വരുത്തുവാന് അവര് വിട്ടു പോയി. അതിന്റെി ഫലമായി യു.ഡി.എഫിന്റെ് ക്ഷേമ പ്രഖ്യാപനങ്ങള് നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.
ഇതിനായി 5 വർഷംകൊണ്ട് 1 ലക്ഷം കോടി രൂപ വേണം.
ബി.പി.എല് കുടുംബങ്ങൾക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നല്കും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല് കുടുംബങ്ങള് ഉണ്ട്. അവർക്ക് 6000 രൂപ വീതം 5 വർഷം നല്കുവാന് 72000 കോടി രൂപ വേണം.
തീർന്നില്ല, മേല് പറഞ്ഞ ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കള് അല്ലാത്ത 40 മുതല് 60 വയസ്സുവരെയുള്ള തൊഴില് രഹിതരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നല്കും. കേരളത്തില് 80 ലക്ഷം കുടുംബങ്ങള് അതില് 20 ലക്ഷം കുടുംബങ്ങളെ ന്യായ് പദ്ധതിയില് ഉള്ളതു കൊണ്ടും, മറ്റൊരു 20 ലക്ഷം പേരെ അർഹത ഇല്ലാത്തയില്ലാത്തതിൻ്റെയും പേരില് മാറ്റി നിർത്താം. എങ്കിലും 40 ലക്ഷം കുടംബങ്ങള് ഉണ്ടല്ലോ. അവര് ഒരു സ്ത്രീക്കു മാത്രം 2000 രൂപ വച്ച് നല്കു്വാന് തീരുമാനിച്ചാല് 5 വർഷത്തേയ്ക്ക് 48000 കോടി രൂപ വേണം.
വാരിക്കോരി പ്രഖ്യാപിച്ചിട്ടുള്ള മറ്റു ക്ഷേമ ആനുകൂല്യങ്ങളെ ഒന്നും ഞാന് ഇപ്പോള് കണക്കില് പെടുത്തുന്നില്ല. ഈ മൂന്ന് ഇനങ്ങളിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഓരോ വർഷവും 44000 കോടി രൂപ. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിക്കണം.
എൽഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തു തീർത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. 2011ൽ നൽകിയ എത്ര വാഗ്ദാനങ്ങൾ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കി എന്നു കൂടി ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത യുഡിഎഫിനുണ്ട്.
അത്തരമൊരു താരതമ്യത്തിനുള്ള തന്റേടം പ്രതിപക്ഷ നേതാവിനുണ്ടോ എന്നാണ് ഞങ്ങളുടെ വെല്ലുവിളി.

Latest