Kerala
എൻ ഡി എ സ്ഥാനാർഥികളുടെ പത്രിക തള്ളൽ: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി | മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി കോടതി തള്ളി. ബി ജെ പിയുടെ രണ്ടും എ ഐ എ ഡി എം കെയുടെ ഒന്നും സ്ഥാനാർഥികളുടെ പത്രികയാണ് വരണാധികാരികൾ തള്ളിയിരുന്നത്. ഗുരുവായൂരിലെയും തലശ്ശേരിയിലെയും ബി ജെ പി സ്ഥാനാര്‍ഥികളായ അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, എന്‍ ഹരിദാസ്, ദേവികുളത്തെ എ ഐ എ ഡി എം കെ. സ്ഥാനാര്‍ഥി ധനലക്ഷ്മി എന്നിവരുടെ പത്രികയാണ് തള്ളിയത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷം ഇത്തരം ഹരജികളില്‍ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഞായറാഴ്ച അടിയന്തര സിറ്റിംഗ് നടത്തി നിവേദിതയുടെയും ഹരിദാസിന്റെയും ഹര്‍ജികള്‍ കോടതി കേള്‍ക്കുകയും ചെയ്തു. റിട്ടേണിങ് ഓഫീസര്‍ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാല്‍ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവര്‍ക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
സാങ്കേതിക പിഴവിന്റെ പേരില്‍ പത്രിക തള്ളിയതിനെയാണ് എന്‍. ഹരിദാസും അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്തത്. ഇതോടെ മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എയ്ക്ക് സ്ഥാനാർഥികളില്ലാതായി.