International
പാര്‍ശ്വവത്കൃതരായി ബെല്‍ജിയം മുസ്ലിംകള്‍
ബ്രസ്സല്‍സ് | ബെല്‍ജിയം നഗരമായ ബ്രസ്സല്‍സില്‍ ചാപ്പ കുത്തപ്പെട്ട് മുസ്ലിം സമൂഹം. അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 22നുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മുസ്ലിം സമൂഹത്തെ മുദ്രകുത്തപ്പെട്ടത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഐ എസ് ഭീകരരാണ് സവേന്തം വിമാനത്താവളത്തിലും മായില്‍ബീക് മെട്രോ സ്‌റ്റേഷനിലും ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ബെല്‍ജിയത്തിലെ മുസ്ലിം സംഘടനകളെ ഒന്നടങ്കം അധികൃതര്‍ കുറ്റപ്പെടുത്തുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 2016ന് ശേഷം ഇതുവരെ വിവേചനം തുടരുകയാണെന്നും ഓപ്പര്‍ച്യൂണിറ്റീസ് ആന്‍ഡ് ഓപ്പോസിഷന്‍ ടു റേസിസം (യു എന്‍ ഐ എ) എന്ന സംഘടന അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇസ്ലാമോഫോബിയ നടപടികള്‍ നിരീക്ഷിക്കുന്ന സംഘടനയാണിത്.
ഹിജാബ് ധരിക്കുന്ന മുസ്ലിം വനിതകള്‍ക്ക് നേരെ വലിയ വിവേചനമാണുള്ളത്. തീവ്രവാദത്തിനെതിരെ പോരാടുന്നത് നല്ലതാണെങ്കിലും പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുന്നതിലാണ് അത് കലാശിക്കുന്നത്. മുമ്പെങ്ങുമുണ്ടാകാത്ത വിധമുള്ള ഇസ്ലാമോഫോബിയ പ്രവര്‍ത്തനങ്ങളാണ് മുസ്ലിംകള്‍ക്ക് നേരെയുണ്ടാകുന്നത്. ഇപ്പോഴത് മുസ്ലിംകള്‍ക്ക് സാധാരണ കാര്യമായിട്ടുണ്ട്.
ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്നവര്‍ മുസ്ലിംകളാണെന്ന് പെട്ടെന്ന് മനസ്സിലാകും. ഇത് മുതലെടുത്താണ് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി, തൊഴില്‍ സ്ഥലം എന്നിവിടങ്ങളിലാണ് അധിക മുസ്ലിം വിവേചന സംഭവങ്ങളുമുണ്ടാകുന്നത്. സ്ത്രീകളാണ് അധികവും ഇരകളാകുന്നത്.
ഇതുകാരണം കരിയറും വരുമാനവും പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങളുണ്ട്. ബെല്‍ജിയത്ത് ന്യൂനപക്ഷമാണ് മുസ്ലിംകള്‍. ജനസംഖ്യയുടെ വെറും അഞ്ച് ശതമാനമാണ് മുസ്ലിംകളുള്ളത്.