Articles
പ്രവാസം പിന്നെയും തളിരിടുന്നുണ്ട്, പക്ഷേ...
മാനവരാശിക്ക് പരിചിതമല്ലാത്ത കൊവിഡ് മഹാമാരി വിതച്ച അങ്കലാപ്പും പ്രതിസന്ധികളും മാനസികമായി തരണം ചെയ്യാന്‍ ഏവരും പഠിച്ചത് പോലെ പുതിയ സാഹചര്യങ്ങളെ സ്വീകരിക്കാന്‍ പാകത്തിലാണ് പ്രവാസികളും ഇപ്പോഴുള്ളത്. പ്രവാസ മണ്ണും ഈ തരത്തില്‍ ഒരുണര്‍വിലേക്ക് വരുന്ന കാഴ്ച പ്രകടമാണ്. അതില്‍ പ്രധാനം അവന്റെ തൊഴില്‍ ജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെട്ടുവരിക എന്നതാണ്. ഇതിനര്‍ഥം നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നോ ആര്‍ക്കും പ്രവാസ ലോകത്ത് അതിജീവിക്കാം എന്ന സ്ഥിതി എത്തി എന്നതോ അല്ല.
പുതിയ പ്രൊജക്ടുകളും പുതിയ പാക്കേജുകളുമായി ഗള്‍ഫിലെ സര്‍ക്കാറുകളും സര്‍ക്കാരേതര മേഖലകളും രംഗത്ത് വന്നുകഴിഞ്ഞു. തൊഴില്‍ അവസരങ്ങളില്‍ ഉണ്ടായ ഇടക്കാല ഇടിവ് അഭുതപൂര്‍വമായ രീതിയില്‍ സജീവമാകാനിരിക്കുകയാണ്. ആദ്യകാല ഘട്ടങ്ങളിലെ സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ രീതിയിലാണ് അവ വികസിക്കുന്നത് എന്നതാണ് ഈ ഉന്മേഷത്തിന്റെ പ്രത്യേകത.
അവിചാരിതമായി സംഭവിച്ചതാണ് കൊവിഡ് എങ്കില്‍, ഈ മഹാമാരിക്കും എത്രയോ മുമ്പ് കേട്ട അലയൊലിയാണ് ഗള്‍ഫ് തിരിച്ച് നടക്കുന്നുവെന്നും, പ്രവാസം അവസാനിച്ചുവെന്നും ഉള്ള മുറവിളികള്‍. ഇവക്ക് അനേകം കാരണങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനം കരുതിക്കൂട്ടിയുള്ള വളര്‍ച്ചയായിരുന്നില്ല ഗള്‍ഫില്‍ സംഭവിച്ചിരുന്നത് എന്നതാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണം എന്ന ആശയം കൊണ്ടുവരപ്പെട്ടു. എണ്ണ വിലയിലുണ്ടായ ആഗോള ഇടിവ് ഈ ചിന്ത വേഗത്തിലാക്കി. പശ്ചിമേഷ്യയില്‍ രൂപപ്പെട്ട് വന്ന പ്രത്യേക രാഷ്ട്രീയ ചുറ്റുപാടുകളെ നേരിടാന്‍ സ്വദേശികളുടെ പിന്തുണ ആര്‍ജിക്കേണ്ടതുണ്ടായിരുന്നു. സാമ്പത്തിക താത്പര്യങ്ങള്‍ക്കൊപ്പം സ്വദേശിവത്കരണത്തിന് ഗള്‍ഫ് ഭരണാധികാരികളെ പ്രേരിപ്പിച്ചത് ഈ രാഷ്ട്രീയ കാരണങ്ങള്‍ കൂടിയാണ്. ഫലത്തില്‍ പ്രവാസികള്‍ പുറത്താക്കപ്പെടുന്നു എന്ന പ്രതീതി ഉണ്ടായി. മാത്രമല്ല, നേരത്തേയുള്ള ഗള്‍ഫിന്റെ സ്വാഭാവിക വളര്‍ച്ചയോടൊപ്പം സഞ്ചരിച്ച് അഭിവൃദ്ധി നേടിയ ഇടത്തരം ചെറുകിട വരുമാനക്കാര്‍ക്കെല്ലാം പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. പലരും നാടുപിടിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ഒരു ചാക്രിക പ്രതിഭാസം നടന്നു എന്ന് വിലയിരുത്തുന്നതാകും ശരി. ഇതിന് ന്യായവുമുണ്ട്. കാരണം, സഊദിയില്‍ നിന്ന് സ്വദേശിവത്കരണത്തിന്റെ ഭാഗമായും ഇപ്പോള്‍ കൊവിഡിന്റെ പേരിലും ഇവിടെ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ പ്രവാസികളുടെ അത്രയും വരില്ലെങ്കിലും ആനുപാതികമായി നല്ലൊരു ശതമാനം പേര്‍ പുതുതായി ഗള്‍ഫ് തൊഴില്‍ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട് എന്നതാണ് കണക്ക്. അതായത് ഒരു ശുദ്ധീകരണമോ നിലവാരപ്പെടുത്തലോ നടക്കുന്നു. ഈ പ്രക്രിയ കുറേക്കൂടി ശക്തമായി തുടരുകയാണിപ്പോള്‍. വിദഗ്ധരല്ലാത്തവര്‍ക്ക് അധികകാലം പ്രവാസ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്ന സാഹചര്യം വരുമ്പോള്‍, അത്തരക്കാരെ ഇവിടെ തന്നെ പൊറുപ്പിക്കണം എന്ന് വാശിപിടിക്കല്‍ അല്ലല്ലോ ന്യായം. അതിനപ്പുറം അവരെക്കൂടി വിദഗ്ധരാക്കാം എന്ന ആലോചനയാണ് പുരോഗമിക്കേണ്ടത്.
എന്നാല്‍ ഒരു സത്യമുണ്ട്. ഈ ട്രാന്‍സ്മിഷന്‍ സമയം കടുത്തതാകും. അത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ പരിഹാരം നല്‍കേണ്ടത് അതിഥി രാജ്യമല്ല എന്നതാണ് അവക്കുള്ള ഉത്തരം. ഇപ്പോള്‍ തന്നെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം നാട്ടില്‍ പോകാന്‍ കഴിയാത്തവരായ, കൃത്യമായ യാത്രാ സൗകര്യങ്ങള്‍ തുറക്കാത്തതിനാല്‍ പോകുന്നത് സംബന്ധിച്ച് ഉറപ്പില്ലാത്തവരായ നിരവധി പേര്‍ പ്രവാസ ലോകത്തുണ്ട്. അവധിക്ക് പോയി നാട്ടില്‍ പെട്ടുപോയവരും ഇത്രത്തോളം വരും. സമയത്തിന് തിരിച്ചെത്തിയില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഒരു ലക്ഷം വരെ രൂപ മുടക്കി ദുബൈയില്‍ എത്തിയ സഊദി പ്രവാസികള്‍ക്ക് അവിടെ പതിനഞ്ച് ദിവസം തങ്ങിയതിന് ശേഷം നാട്ടിലേക്ക് തന്നെ സ്വന്തം ചെലവില്‍ തിരിച്ച് കയറേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ശ്രമങ്ങള്‍ ഉയര്‍ന്ന രൂപത്തില്‍ നടക്കേണ്ട ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങിക്കോളൂ എന്ന് കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നത് പ്രവാസികളോട് രാജ്യം പുലര്‍ത്തുന്ന സമീപനത്തിന്റെ ഏറ്റവും ക്രൂരമായ ഒരു ഉദാഹരണം കൂടിയാണ്. ഇത് പറഞ്ഞത് ഈ ദുരിതം സൂചിപ്പിക്കാനല്ല, മറിച്ച് ഇതേ അവസ്ഥയില്‍ ഇനിയുള്ള ഒരു വര്‍ഷം പിന്നിട്ടാല്‍ ഉണ്ടാകാനിടയുള്ള ഒരു പ്രതിഭാസത്തെ സൂചിപ്പിക്കാനാണ്. അതായത്, ഒരു സാധാരണ പ്രവാസി ഗള്‍ഫില്‍ താമസിക്കുന്ന ഇടവേള രണ്ട് വര്‍ഷമാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരു വര്‍ഷം ഇവിടെ പൂര്‍ത്തിയായി. ഇനിയുള്ള ഒരു വര്‍ഷം കൂടി കഴിഞ്ഞാലാണ് നാടണയാന്‍ കഴിയാത്തതിന്റെയോ പോയി തിരിച്ചെത്താന്‍ സാധിക്കാത്തതിന്റെയോ ശരിയായ മാനസിക ആഘാതം ഓരോ പ്രവാസിയിലും പ്രതിഫലിച്ച് തുടങ്ങുക. പ്രവാസിയുടെ മാനസികാവസ്ഥയെ ഇമ്മട്ടില്‍ പരുവപ്പെടുത്തിയ സവിശേഷ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ അവന്‍ കടന്നു പോകുന്നത്.
വീണ്ടും തളിരിട്ട പ്രവാസത്തെ വരിക്കാന്‍ പൗരനെ പാകമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കേണ്ട രാജ്യത്തിന്റെ അവസ്ഥയെന്താണ്. കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ നാട്ടുകാര്‍ വരുത്തുന്ന അലംഭാവം പ്രവാസികളെ വല്ലാതെ കുഴക്കുന്നുണ്ട്. ഇത് തിരിച്ചൊരു ആരോപണം ഉന്നയിച്ചു നോക്കുക എന്ന യുക്തിയില്‍ കാണരുത്. വിവാഹവും ആഘോഷവും മരണാനന്തര ചടങ്ങുകളും പൊതു വാഹനങ്ങളിലെ യാത്രയും പ്രകടനവും പൊതുയോഗവും ഒന്നും പ്രവാസിക്കില്ല. പ്രവാസിയെ സംബന്ധിച്ച് അവന്‍ (ജീവിക്കുന്ന അതിഥി രാജ്യത്തിന്റെ നിയമ നിര്‍ബന്ധങ്ങളുടെ ഭാഗമാണെങ്കിലും കൂടി) എല്ലാ തരത്തിലുമുള്ള സമ്പര്‍ക്ക വ്യവഹാരങ്ങളും ജീവിതത്തില്‍ നിന്ന് മാറ്റിവെച്ചിട്ട് കാലങ്ങളായി. പ്രവാസിയുടെ സ്വന്തം ആരോഗ്യ സംരക്ഷണം, അല്ലെങ്കില്‍ അധികൃതരെ അനുസരിക്കല്‍ തുടങ്ങി ഈ അച്ചടക്കത്തിന് എന്ത് തന്നെ വ്യാഖ്യാനം നല്‍കിയാലും, അവക്കെല്ലാം അപ്പുറത്ത് കേടുപാടുകള്‍ കൂടാതെ കൂട്ടുകുടുംബ സമാഗമം സാധ്യമാക്കുക എന്ന ആത്യന്തിക വിചാരം മാത്രമാണതിന് പിന്നിലുള്ളത്. നാട്ടില്‍ താന്‍ സ്‌നേഹിക്കുന്നവരോടൊപ്പം എത്താനുള്ള നിക്ഷേപങ്ങളാണ് അവന്റെ ഈ സാഹസങ്ങളെല്ലാം എന്ന് മനസ്സിലാക്കുമ്പോഴാണ് നാടിന്റെ പ്രവാസിയോടുള്ള സമീപനം പ്രതിക്കൂട്ടിലാകുന്നത്.
പ്രവാസത്തിന് എന്നും വിഭിന്ന മുഖങ്ങള്‍ ഉണ്ട്. ഒന്ന് കഷ്ടപ്പാടിന്റെയും മറ്റൊന്ന് പളപളപ്പിന്റെയും. രണ്ടും പലവിധത്തില്‍ ആഘോഷിക്കപ്പെട്ടതാണ്. ഇവക്ക് നടുവിലുള്ള മഹാഭൂരിപക്ഷം വരുന്ന വിഭാഗമാണ് ഗള്‍ഫിലെ ഏത് പ്രതിസന്ധികളുടെയും ഇരകള്‍. ദുരഭിമാന ബോധത്താല്‍ പുറത്തറിയാനാകാത്ത ആധികളുമായി കഴിഞ്ഞു കൂടുന്നവരാണവര്‍. സ്വദേശിവത്കരണത്തിന് പുറമെ നിലവില്‍ സഊദി, ഖത്വര്‍ പോലെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ പരീക്ഷ ബാധിക്കുന്നതും ഇവരെയായിരിക്കും. വന്‍കിട സ്ഥാപനങ്ങളില്‍ ആരംഭിച്ച പരീക്ഷ എല്ലാ മേഖലകളിലേക്കും വ്യാപകമാക്കാനാണ് പദ്ധതി. മൂന്ന് തവണ മാത്രം അവസരമുള്ള പരീക്ഷ നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്കും പുതിയ വിസയില്‍ ഈ രാജ്യങ്ങളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാധകമാണെന്നതാണ് പ്രത്യേകത.
അതായത് മതിയായ വിദ്യാഭ്യാസമോ സാങ്കേതിക പരിജ്ഞാനമോ നേടാതെ ഇനി പ്രവാസ ലോകത്ത് കഴിഞ്ഞ് കൂടുക പ്രയാസമായിരിക്കും. അത്തരക്കാര്‍ക്ക് തൊഴിലിടങ്ങളിലും സാമൂഹിക ഇടങ്ങളിലും പരിഗണന ലഭിക്കില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരും. ഏതായാലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേര്‍പ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച വലിയ തോതിലുള്ള സമാശ്വാസ പദ്ധതികളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരായിരിക്കും എന്ന് കാത്തിരുന്ന് കാണാം.
ലുഖ്മാന്‍ വിളത്തൂര്‍