Articles
ഏകഘടക രാഷ്ട്രത്തിലേക്കുള്ള തുരങ്കങ്ങള്‍
സങ്കീര്‍ണമായ ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരമാണ് ഡല്‍ഹി. പാര്‍ലിമെന്റ്, രാഷ്ട്രപതിഭവന്‍, സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക് തുടങ്ങി നിരവധി ഭരണ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത് ഡല്‍ഹിയിലാണല്ലോ. ഇവയുടെയൊക്കെ നടത്തിപ്പ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ (എന്‍ ടി എം സി) കൈയിലാണ്. ഡല്‍ഹി സര്‍ക്കാറിനാണെങ്കില്‍ എന്‍ ടി എം സിയില്‍ പൂര്‍ണ നിയന്ത്രണവുമില്ല.
ന്യൂഡല്‍ഹിക്ക് പുറത്തുള്ള മൂന്ന് നഗരസഭകളുടെ മുകളിലുള്ള ഒരു അധികാര സംവിധാനമാണ് ഡല്‍ഹി സര്‍ക്കാര്‍ (NTC). ഇതില്‍ തന്നെ തലസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഭൂമി, പോലീസ് എന്നിവയിലൊന്നും എന്‍ ടി സിക്ക് പൂര്‍ണ നിയന്ത്രണങ്ങളില്ല. ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ളതാണ്. വാണിജ്യ വിനോദ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി വികസന അതോറിറ്റി (NDD)യുടെ കീഴിലുമാണ്. ഇത്തരം സങ്കീര്‍ണതകള്‍ ഉള്ളതുകൊണ്ടുതന്നെ ഡല്‍ഹി – കേന്ദ്ര സര്‍ക്കാറുകള്‍ക്കിടയില്‍ കാലങ്ങളായി അധികാരപ്പോര് നിലനില്‍ക്കുന്നുണ്ട്. അത് പലപ്പോഴും പരമോന്നത നീതിപീഠത്തിന്റെ വരെ വിധി പ്രസ്താവങ്ങളില്‍ കലാശിച്ചിട്ടുമുണ്ട്.
ആം ആദ്മി സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായതിനാല്‍ 2018 ജൂണില്‍ കെജ്‌രിവാളും മന്ത്രിസഭാംഗങ്ങളും ഗവര്‍ണറുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ എല്ലാ തീരുമാനങ്ങളിലും ലഫ്. ഗവര്‍ണര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി തന്നെ ആ പശ്ചാത്തലത്തില്‍ വിധിയും പുറപ്പെടുവിച്ചിരുന്നു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിക്കായുള്ള പോരാട്ടങ്ങളെ പോലെ പഴക്കമുള്ളതാണ് ഡല്‍ഹി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഈ സങ്കീര്‍ണമായ അധികാര തര്‍ക്കങ്ങളും രാഷ്ട്രീയ വടംവലികളും. എന്നിരുന്നാലും എല്ലാ കാലത്തും ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍ കേന്ദ്രവുമായി ചില ധാരണകളില്‍ പോകാറാണ് പതിവ്. ആ പതിവ് തെറ്റിച്ച് ബി ജെ പിയെയും മോദിയെയും അവരുടെ മൂക്കിന് താഴെ നിന്ന് വെല്ലുവിളിച്ച് അധികാരം കൈക്കലാക്കിയ കെജ്്രിവാള്‍ തുടക്കം മുതലേ മോദി സര്‍ക്കാറിന് തലവേദനയായിരുന്നു. പൗരത്വ പ്രക്ഷോഭ കാലത്തും കര്‍ഷക സമരത്തിലും കെജ്‌രിവാള്‍ എടുത്ത നിലപാടുകളും സമരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതും കേന്ദ്ര സര്‍ക്കാറിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിട്ടുണ്ടാകുക. ഇതിനെല്ലാം പുറമേ, തലസ്ഥാന നഗരി പിടിക്കുക എന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ക്ക് അടുത്ത കാലത്തെല്ലാം വിലങ്ങായിട്ടുള്ളത് ആം ആദ്മി തന്നെയാണല്ലോ.
തുടര്‍ച്ചയായി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിനെ മറികടക്കാനുള്ള നിയമമാണിതെന്ന കെജ്‌രിവാളിന്റെ വാക്കുകള്‍ ഇവിടെ ചേര്‍ത്തുവായിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനിയായ ലഫ്. ഗവര്‍ണര്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്ന ഡല്‍ഹി തലസ്ഥാന മേഖല ഭേദഗതി ബില്ലിന്റെ (GNCTD) പൂര്‍ണമായ പശ്ചാത്തല ചിത്രം വ്യക്തമാകും. ഡല്‍ഹി സര്‍ക്കാറിനെ ഭരണഘടനാപരമായി ബലഹീനമാക്കാനുള്ള രാഷ്ട്രീയ നിയമമാണ് ലോക്‌സഭ കടന്നിരിക്കുന്നത്. ഭരണഘടനയെ റദ്ദ് ചെയ്യുന്നതാണ് നിയമമെന്ന് നിയമ വിദഗ്ധരും പൊതു പ്രവര്‍ത്തകരും ഇതിനോടകം സൂചിപ്പിച്ചു കഴിഞ്ഞു.
മൂന്ന് കാര്യങ്ങളാണ് പുതിയ നിയമഭേദഗതിയെ അപകടകരമാക്കുന്നത്. ഒന്ന്, ഡല്‍ഹിയിലെ സര്‍ക്കാര്‍ എന്നതിന്റെ നിര്‍വചനം ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് വരുന്നു. നിയമസഭ ഒരു ബില്ല് പാസ്സാക്കിയാല്‍ അത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും സമ്മതത്തിനോ വിസമ്മതത്തിനോ കാത്തിരിക്കുകയും വേണം. ഇത് ഗവര്‍ണര്‍ വഴി ഡല്‍ഹി ഭരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢാലോചനയാണ്.
രണ്ട്, ഡല്‍ഹി ഒരു സമ്പൂര്‍ണ സംസ്ഥാനമല്ല. അതുകൊണ്ട് തന്നെ ഡല്‍ഹി ഭരണകൂടത്തിന് മറ്റു സംസ്ഥാന സര്‍ക്കാറുകളെ പോലെ ഭരണ സ്വാതന്ത്ര്യം ഉണ്ടാകില്ല. ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങളില്‍ ഇനി മുതല്‍ ഗവര്‍ണര്‍ക്ക് നേരിട്ട് പരിശോധിക്കാനും ഇടപെടാനുമുള്ള അധികാരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. മൂന്ന്, നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ജി എന്‍ പി സി ടി ഡി) ആക്്ട് 1991ലെ ഇപ്പോഴത്തെ ഭേദഗതി പാസ്സാക്കിയാല്‍ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഡല്‍ഹി നിയമസഭാ സമിതികളുടെ അധികാരത്തെയും അത് സാരമായി ബാധിക്കുന്നതാണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി എന്നിവയുള്‍പ്പെടെ ഡല്‍ഹി നിയമസഭയിലെ കമ്മിറ്റികള്‍ നിലനില്‍ക്കുന്നതിനാല്‍ അവ രൂപവത്കരിക്കുന്ന നിയമങ്ങള്‍ അസാധുവാകും. നിയമസഭ പാസ്സാക്കിയ ഏതെങ്കിലും നിയമം നടപ്പാക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു ബാധ്യതയും പുതിയ നിയമം വഴി ഉണ്ടാകുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ലഫ്. ഗവര്‍ണറുടെ അഭിപ്രായത്തിനായി അനന്തമായി കാത്തിരിക്കേണ്ടി വരും എന്നതാണ് ഇത് സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധി. അതിനാല്‍, മന്ത്രിസഭയുടെയോ മന്ത്രിമാരുടെയോ തീരുമാനങ്ങള്‍ കൂടുതലും കടലാസില്‍ മാത്രമേ നിലനില്‍ക്കൂ. അങ്ങനെ, സര്‍ക്കാറിനെ പ്രവര്‍ത്തനരഹിതമാക്കാമെന്നാണ് കേന്ദ്രം കരുതുന്നത്. ചുരുക്കത്തില്‍, നിര്‍ദിഷ്ട ഭേദഗതികള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നു എന്ന് ചുരുക്കം.
രാജ്യത്തിന്റെ ഭരണഘടനയും ആ ഭരണഘടന മുന്നോട്ടുവെക്കുന്ന അടിസ്ഥാന തത്വങ്ങളിലൊന്നായ ഫെഡറലിസവുമാണ് ഈ നിയമത്തോടെ അസാധുവാക്കപ്പെടാന്‍ പോകുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞത്, 1991ലെ എന്‍ സി പി നിയമത്തില്‍ ഭേദഗതി വരുത്തുന്ന നിയമനിര്‍മാണം കേന്ദ്രം കൊണ്ടുവരുന്നതോടെ ഭരണഘടനാപരമായ പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള അശുദ്ധമായ ശ്രമമാണിത്. ഫെഡറലിസത്തിനെതിരായ നീക്കമാണ്. ഡല്‍ഹിയിലെ ജനസംഖ്യ അനുസരിച്ച് സംസ്ഥാന പദവി നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? രണ്ട് കോടി ജനങ്ങളുള്ള ഒരു നഗരത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുത്താനോ സംസ്ഥാന പദവിയുടെ വ്യാജ പതിപ്പ് നല്‍കാനോ കഴിയില്ല.
കാര്യങ്ങള്‍ ഇവിടെ വളരെ വ്യക്തമാണ്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മിയുമായി തുടരുന്ന കാലങ്ങളായുള്ള അഭിപ്രായ വ്യത്യാസങ്ങളെ അധികാരവും ഭൂരിപക്ഷവും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്രം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അപകട സൈറണ്‍ കൂടി പുതിയ നിയമം മുഴക്കുന്നുണ്ട്.
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദ് ചെയ്തും ലക്ഷദ്വീപില്‍ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും ഡല്‍ഹിക്ക് മേല്‍ നിയമക്കുരുക്കിട്ട് മുറുക്കിയും ഏകഘടക രാഷ്ട്രമെന്ന ആര്‍ എസ് എസിന്റെ സ്വപ്‌ന രാജ്യത്തേക്കുള്ള അകലം കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ ഇല്ലാത്ത സ്റ്റേറ്റാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിന്റെ നോമിനികളും വിനീതദാസരുമായ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാന ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങള്‍ തുടക്കം മുതലേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. സുശക്തമായ ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ പോലും ആരിഫ് ഖാനെ വെച്ച് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ നാടകീയത നമ്മള്‍ കണ്ടതാണ്.
തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണ സംവിധാനങ്ങളുമായോ ലോക്‌സഭയിലെ ലക്ഷദ്വീപ് ജനപ്രതിനിധികളുമായോ ചര്‍ച്ച നടത്താതെയാണ് ലക്ഷദ്വീപിലും പുതിയ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് എന്നോര്‍ക്കണം. കശ്മീരിന് പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ വേണ്ടി, “ഒരു രാജ്യം ഒരു ഭരണഘടന ഒരു പതാക” എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം തുടങ്ങിയത് സംഘ്പരിവാറിന്റെ പോഷക സംഘടനകളായിരുന്നു.
ഏകാധിപത്യത്തിലേക്ക് നിരവധി ഗര്‍ത്തങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ഇന്ത്യന്‍ ജനാധിപത്യത്തില്‍ എന്ന് പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണ്. ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും അത്തരം ഗര്‍ത്തങ്ങളില്‍ വീഴാതെ നമ്മെ സംരക്ഷിച്ചു നിര്‍ത്തിയത് നമ്മുടെ ഭരണഘടനയാണ്. ജനാധിപത്യം തോല്‍ക്കുന്ന ഘട്ടങ്ങളില്‍ സധീരം മുന്നോട്ട് പോകാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത് ഭരണഘടനയാണ്. ആ ഭരണഘടന തകര്‍ക്കപ്പെടുമ്പോള്‍, വരാനിരിക്കുന്ന വലിയ ദുരന്തത്തിലേക്കുള്ള ഓരോ വാതിലുകളും നിയമങ്ങളുടെ വേഷത്തില്‍ തുറക്കപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പരാജയപ്പെട്ട ജനതയാകും നമ്മള്‍. ഭൂരിപക്ഷം കൊണ്ട് ഭരണഘടനയുടെ നെഞ്ചില്‍ ചുടലനൃത്തം ചവിട്ടാന്‍ ആരെയും അനുവദിച്ചുകൂടാ.