Connect with us

Travelogue

ഖസാക്കിസ്ഥാനിലെ മഞ്ഞിൻ രാവുകൾ

Published

|

Last Updated

അൽമാട്ടിഎംബസികളിൽ നേരിട്ടുപോകുന്നത് എപ്പോഴും ഒരു ഭയമാണ്. ചില എംബസികളിൽ അതിശക്തമായ പട്ടാള കാവലുണ്ടാകും. ചിലതിൽ ഒരിക്കലും മറുപടി പറഞ്ഞു തീർക്കാനാകാത്ത ചോദ്യാവലികളുണ്ടാകും. ചിലയിടത്ത് ജാടകൾ പുതച്ച റിസപ്ഷനിസ്റ്റുകളുടെ മനംമടുക്കുന്ന നോട്ടവും പരിഹാസവുമുണ്ടാകും. ചില രാജ്യങ്ങളെ കേട്ടുപോലും പരിചയമുണ്ടാകില്ല; പക്ഷേ, അവരുടെ എംബസികളിൽ ഇരിക്കുന്നവരെ കണ്ടാൽ ലോകത്തെ ഒന്നാം നമ്പർ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കൗതുകകരമാകും. ഇത്തരം പലജാതി അനുഭവങ്ങളുള്ളതുകൊണ്ടുതന്നെ വിസയെടുക്കാൻ ഏജന്റുമാരെ സമീപിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ജിദ്ദയിൽ പ്രവർത്തിക്കുന്ന ഇസ്്ലാമിക് ഡെവലപ്മെന്റ് ബേങ്കിന്റെ (ഐ ഡി ബി) ഔദ്യോഗിക ക്ഷണം കിട്ടിയപ്പോൾ തന്നെ ഏജന്റുമാരെ തിരഞ്ഞുനടക്കാൻ തുടങ്ങിയിരുന്നു. ഇപ്രാവശ്യം ഐ ഡി ബി കോൺഫറൻസ് നടത്തുന്നത് ഖസാക്കിസ്ഥാനിൽവെച്ചാണ്. ഇന്ത്യക്കാർ പൊതുവേ പോകാത്ത സ്ഥലമായതിനാൽ ട്രാവൽസുകാർക്ക് വലിയ പിടുത്തമൊന്നുമില്ലതാനും. പക്ഷേ, എല്ലാവരും ഒരു കാര്യം പറഞ്ഞു; കസാഖിസ്ഥാൻ വിസ നേരിട്ട് ഹാജരായി അപേക്ഷിക്കണം. എന്നാൽ മാത്രമേ ലഭിക്കൂ.

അഥവാ പെട്ടെന്ന് ഡൽഹിയിലെത്തണം. നൗഫൽ ഖുദ്രന്റെഫ്ലാറ്റും ഇബ്്റാഹീം സിദ്ധീഖിയുടെ സഹായവുമുണ്ടായാൽ ഡൽഹിയിൽ പൊതുവെ സ്വസ്ഥവാസമാണ്. സാദിഖ് സി പിയുടെ ഭക്ഷണവുമായാൽ പിന്നെ പറയണ്ട. ജെ എൻ യുവിലെവിദ്യാർഥികൾ കുശലം പറയാനായി വന്നാൽ അടിപൊളി ദിവസങ്ങളാകും ഡൽഹി ദിവസങ്ങൾ. എല്ലാം നടക്കട്ടെ എന്ന് കരുതി ഡൽഹിയിലെത്തി. വസന്ത്കുഞ്ജിലാണ് എംബസിയുള്ളതെന്ന് ഗൂഗിൾ പറഞ്ഞുതന്നു. യൂബർ ടാക്സിയിൽ എംബസിയും തിരഞ്ഞ് അത്യാവശ്യം മാന്യമായ ഡ്രെസും ധരിച്ച് കോട്ടുമിട്ട് ഞങ്ങൾ നടന്നു. വിസയെടുക്കാൻ നേരിട്ട് വരണമെന്ന് വാശിപിടിക്കുന്ന എംബസിയല്ലേ; വലുതായിരിക്കും. ഭയങ്കര സെക്യൂരിറ്റിയായിരിക്കും എന്നെല്ലാം കരുതിയും ഒരൽപ്പം ഭയത്തോടെയുമാണ് വസന്ത്കുഞ്ജ് അരിച്ചുപെറുക്കിയത്. പലരോടും ചോദിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. എങ്കിലും മുമ്പോട്ടുതന്നെ നടന്നു. അവസാനമാണ് ചെറിയൊരു ബോർഡ് കണ്ണിൽ കുടുങ്ങിയത്- നാല് നിലയുള്ള ഒരു ഫ്ലാറ്റിന്റെ ഗേറ്റിനു സമീപം. ഗേറ്റിനോട് ചാരി ഒരു ബെല്ലുമുണ്ട്. ആരെയും കാണാത്തതിനാൽ ബെല്ലടിച്ചു-പല പ്രാവശ്യം. അപ്പോഴാണ് തൊട്ടടുത്ത സൗണ്ട്ബോക്സിൽ കിരികിരി ശബ്ദത്തോടെ ഒരാളുടെ സംസാരം കേട്ടത്. വിസക്ക് വേണ്ടി വന്നതാണെങ്കിൽ പിൻവശത്തേക്ക് വരാനായിരുന്നു കൽപ്പന.

അൽമാട്ടി എയർപോർട്ട്

ഒരു എംബസിയുടെ പരിസരത്ത് സാധാരണ കാണപ്പെടാത്ത വൃത്തിരാഹിത്യമൊക്കെ ശ്രദ്ധിച്ച് അപ്പുറത്തെ റോഡിലൂടെ പിൻവശത്തെത്തി. ഒന്ന് രണ്ടു പേർ എന്തോ പൂരിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ ഒരു അനക്കവുമില്ല. ഇരിക്കാൻ പോലും മര്യാദക്ക് കസേരകളുമില്ല. അൽപ്പം കാത്തിരിക്കാമെന്നു കരുതി അവിടെ നിന്നു. അധികം വൈകാതെ ഒരു ഹിന്ദിക്കാരൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു ഖസാകീ യുവാവിനെ കാണാമെന്ന പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. വിസക്ക് വേണ്ടി പൂരിപ്പിക്കേണ്ട ഫോം നീട്ടിത്തന്ന് ആയാളും അപ്രത്യക്ഷമായി. എല്ലാം പൂരിപ്പിച്ച് പെട്ടിയിലിടാനും നാല് ദിവസം കഴിഞ്ഞു വരാനുമായിരുന്നു അയാളുടെ നിർദേശം. നേരിട്ട് ഹാജരാകാൻ എന്തിനാ പറഞ്ഞതെന്നൊന്നും മനസ്സിലായില്ല. അതൊട്ടു ചോദിക്കാനും പോയില്ല. കാരണം അനാവശ്യമായി പുലിവാൽ പിടിക്കേണ്ടതില്ലല്ലോ. മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചവർ അതു ചെയ്യുന്നത് ന്യായം നോക്കിയാണെന്നു വിചാരിച്ച എനിക്കാണ് തെറ്റു പറ്റിയതെന്ന് മനസ്സിൽ പിറുപിറുക്കുക മാത്രം ചെയ്ത് ഞങ്ങൾ മടങ്ങി. വിസ പറഞ്ഞ സമയത്തു തന്നെ കിട്ടി. ഐ ഡി ബിയുടെ വക ഫ്രീ ടിക്കറ്റും ഹോട്ടൽ ബുക്കിംഗുമെല്ലാം ഉണ്ടായിരുന്നു. അതും ലഭിച്ചു. ഇരുപതോളം രാഷ്ട്രങ്ങളിൽ നിന്നുമുള്ള വിചക്ഷണരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. അതിനാൽ ഡ്രെസ്സൊക്കെ ഒന്നു കൂടി കമനീയമാക്കി. കോട്ട് പുതിയതു വാങ്ങി. താമസം, ഭക്ഷണം, ടിക്കറ്റ് എല്ലാം ഫ്രീയാണെങ്കിലും ഇത്യാദി ചെലവുകൾ ഭീമമായിരുന്നു. ഒരു തരം അപകർഷതാ ബോധം സൃഷ്ടിച്ച ചെലവുകൾ എന്ന വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നവ. മറ്റുള്ളവർക്കിടയിൽ ചെറുതാകുമോ എന്ന ആശങ്ക. എന്നാൽ യഥാർഥ ചെറുതാകൽ ഡ്രസ്സ് മോശമാകുമ്പോഴല്ലെന്നും ഇതിനേക്കാൾ എത്രയോ മോശമായവർ ഉഗ്രമായി വിഷയമവതരിപ്പിച്ചുവെന്നും അതാണ് ആഭിജാത്യത്തിന്റെ അളവുകോലെന്നും എനിക്ക് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ഖസാക്കിസ്ഥാൻ കോൺഫറൻസ്.

അൽമാട്ടി എയർപോർട്ട്

ഖസാക്കി വിമാനക്കമ്പനിയായ എയർ അസ്താനയിൽ ആദ്യംഅൽമാട്ടിയിലേക്കും പിന്നെ അസ്താനയിലേക്കുമായിരുന്നു യാത്ര. കസാഖിസ്ഥാന്റെ ഇപ്പോഴത്തെ തലസ്ഥാനമാണ് അസ്താന. ആദ്യ തലസ്ഥാനം അൽമാട്ടിയായിരുന്നു. അസ്താനയിൽവെച്ചാണ് കോൺഫറൻസ്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ അസ്താനയിൽ അൽമാട്ടി ലക്ഷ്യം വെച്ച് പറന്നു. ആദ്യമായിരുന്നു പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായ ഒരു രാഷ്ട്രത്തിലേക്കുള്ള യാത്ര. പലജാതി ചിന്തകൾ മിന്നിമറിഞ്ഞ യാത്ര തീർത്തും അസ്വസ്ഥമായിരുന്നുവെന്നു പറയാം. കാരണം, ഒറ്റക്കാണ്. സ്വീകരിക്കാനും ആരുമില്ല. അരീക്കോട് മജ്മഇൽ കൂടെ പഠിച്ച സുഹൃത്ത് അവിടെ ജോലി ചെയ്തിരുന്നു. അവൻ നിർത്തി ഇപ്പോൾ ദുബൈയിലാണ്. ഒന്ന് രണ്ടു പേരെ അവൻ പരിചയപ്പെടുത്തിത്തന്നിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. അവർ വരുമോ ഇല്ലയോ എന്ന് ഒരു വിവരവുമില്ല. മൈനസ് പതിനാറ് ഡിഗ്രിയാണ് അവിടെ തണുപ്പെന്നും ഗൂഗിൾ മുഖേന അറിഞ്ഞു. അതുണ്ടാക്കിയ ടെൻഷൻ അതിലപ്പുറമായിരുന്നു. എല്ലാം കൊണ്ടും ആസ്വദിക്കാൻ കഴിയാത്ത മണിക്കൂറുകൾ. വിമാനം അൽമാട്ടിയിൽ പറന്നിറങ്ങി.

ഇനി വിമാനം മാറിക്കയറണം. അതിന് എമിഗ്രേഷൻ കഴിഞ്ഞ് ആഭ്യന്തര ടെർമിനലിലേക്ക് പോകണം. മധ്യേഷ്യൻ വെളുത്തജനതയെ മാറിമാറി നോക്കി ആശങ്കകളെല്ലാം സൂക്ഷിച്ചുകൊണ്ടുതന്നെ എമിഗ്രേഷൻ കൗണ്ടറിലെത്തി. കോൺഫറൻസ് ക്ഷണം കാണിച്ചപ്പോൾ ഒന്നും ചോദിക്കാതെ വിട്ടയച്ചതിനാൽ ആഭ്യന്തര ടെർമിനലിലേക്ക് ഹാൻഡ് ബാഗും പിടിച്ച് ഓടി. അപ്പോഴാണ് ആ വിവരം കിട്ടിയത്. എന്റെ വിമാനം പോയിരിക്കുന്നു.

Latest