Connect with us

Articles

കൊവിഡാനന്തര സാമ്പത്തിക വര്‍ത്തമാനങ്ങള്‍

Published

|

Last Updated

കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ശേഷമുള്ള ആദ്യത്തെ സാമ്പത്തിക വര്‍ഷമാണ് കടന്നുപോയത്. ലോകത്തെ വലിയ രീതിയില്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുകയും സാമ്പത്തിക രംഗത്തെ നിഖില മേഖലകളെയും അത് സാരമായി ബാധിക്കുകയുമുണ്ടായി. ജനങ്ങളെ, പ്രത്യേകിച്ചും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെ കൊവിഡ് വലിയ രീതിയില്‍ പ്രയാസത്തിലാക്കി. കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും വരെ ചോദ്യചിഹ്നമായ അവസ്ഥ. ദ്രുതഗതിയിലുള്ള മെഡിക്കല്‍ ഗവേഷണങ്ങളും കൊവിഡ് വാക്‌സീന് വേണ്ടിയുള്ള പരീക്ഷണങ്ങളുമൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്.

ഇന്ത്യന്‍ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഇടയിലുള്ള അസമത്വത്തിന്റെ തോത് അപകടകരമാം രീതിയിലാണ് വര്‍ധിച്ചു വരുന്നത്. കൊവിഡ് കാലത്തെ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എടുത്തുനോക്കുകയാണെങ്കില്‍ സൂചികകളും ഓഹരി മൂല്യങ്ങളും മുകളിലേക്ക് തന്നെയായിരുന്നു. എന്നു വെച്ചാല്‍ ഈ പ്രയാസഘട്ടത്തിലും പണക്കാര്‍ കൂടുതല്‍ പണം സമ്പാദിക്കുകയും പാവപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെട്ടോട്ടമോടുകയുമായിരുന്നു. ചില കണക്കുകള്‍ പ്രകാരം ദിവസം രണ്ട് ഡോളറിന് തുല്യമായ ദിവസ വരുമാനം പോലും ഇല്ലാത്ത എഴുപത്തഞ്ച് മില്യന്‍ ആളുകളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായത് കൊണ്ട് തന്നെ “ലേബര്‍ മൈഗ്രേഷന്‍” കൊവിഡിന്റെ മുമ്പ് സര്‍വ സാധാരണമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരുടെ തൊഴില്‍ തേടിയുള്ള യാത്രകളെ അത് ബാധിച്ചു. ഇനി വാക്‌സീനില്‍ ജനങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം വരികയും അവര്‍ ഡോസുകള്‍ സ്വീകരിക്കുകയും ചെയ്തു തുടങ്ങിയാല്‍ മാത്രമേ ആ പഴയ രീതിയിലേക്ക് കാര്യങ്ങള്‍ പൂര്‍ണമായി പോകുകയുള്ളൂ.
2020-21ലെ ലോക ഉത്പാദനം നാല് ശതമാനത്തോളം കുറഞ്ഞേക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തെ വലിയ സാമ്പത്തിക ശക്തികള്‍ വരെ കൊവിഡില്‍ അടിപതറിയെങ്കിലും സ്റ്റിമുലസ് പാക്കേജുകളും നയപരമായ മാറ്റങ്ങളും വലിയ രീതിയില്‍ സമ്പദ്്വ്യവസ്ഥയെ സംരക്ഷിച്ചു എന്ന് പറയാം. ഇന്ത്യയില്‍ ആത്മനിര്‍ഭര്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നു എന്നത് മറ്റൊരു ചോദ്യം. അണ്‍ലോക്ക് പ്രക്രിയകള്‍ തുടര്‍ന്നെങ്കിലും കേസുകള്‍ പല സംസ്ഥാനങ്ങളിലും കൂടിക്കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടയില്‍ പാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ആദ്യത്തെ രണ്ടെണ്ണത്തില്‍ പൂജ്യത്തിന് താഴെ ആയിരുന്നു. മൂന്നാം പാദത്തില്‍ 0.4 ശതമാനം ആയി ഉയര്‍ന്നു. നാലാം പാദത്തിലെ നിരക്കും വാര്‍ഷിക വളര്‍ച്ചാ നിരക്കും വൈകാതെ തന്നെ പുറത്തുവരുന്നതാണ്. സെക്കന്‍ഡറി മേഖല, പ്രത്യേകിച്ചും നിര്‍മാണ മേഖലകളൊക്കെ കുറഞ്ഞ പ്രകടനം കാഴ്ച വെച്ചപ്പോഴും കാര്‍ഷിക മേഖല വലിയ ക്ഷീണമില്ലാതെ മുന്നോട്ട് പോയി. ഭക്ഷണമായിരുന്നല്ലോ ആ സമയത്ത് ഏറ്റവും കൂടുതല്‍ ആവശ്യം വന്നതും. സര്‍ക്കാറുകളുടെ വരുമാനത്തില്‍ നല്ല രീതിയില്‍ കുറവ് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ക്രമേണ ജി എസ് ടി വരുമാനം വര്‍ധിക്കുകയും സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തതോടെ സാമ്പത്തിക രംഗത്ത് അവ ഒരു ചലനം സൃഷ്ടിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണ മേഖലയെ പോലെ തന്നെ ചെറുകിട വ്യവസായങ്ങളും പ്രയാസങ്ങള്‍ നേരിട്ടു. വര്‍ക്കിംഗ് ക്യാപിറ്റല്‍ കുറവായത് കൊണ്ട് തന്നെ ആഭ്യന്തര ഡിമാന്‍ഡില്‍ വന്ന കുറവ് അവരുടെ വരുമാനത്തില്‍ കുറവുണ്ടാക്കി. ചെറുകിട വ്യവസായങ്ങളുടെ സഹായത്തിന് വേണ്ടി ബേങ്കുകള്‍ ലോണുകള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ആളുകളുടെ ഡിമാന്‍ഡ് കൂടാതെ അവ വീണ്ടും കടം വര്‍ധിക്കുന്നതിന് കാരണമാകുമോ എന്ന് അവര്‍ ആശങ്കപ്പെട്ടു.

കയറ്റുമതി, ഇറക്കുമതിയിലുണ്ടായ കുറവ് കാരണം 18 മാസം വരെ ഇറക്കുമതിക്ക് ചെലവഴിക്കാനുള്ള വിദേശ നാണ്യങ്ങള്‍ രാജ്യത്തിന്റെ കൈയിലുണ്ടിപ്പോള്‍. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തുന്ന രീതികള്‍ വലിയ രൂപത്തില്‍ സ്വീകരിക്കാത്തത് കൊണ്ട് തന്നെ ഇപ്പോഴും ആളുകളുടെ ഉപഭോഗ സംസ്‌കാരം കുറഞ്ഞ രീതിയില്‍ തന്നെയാണ്. പെന്‍ഷനോ മറ്റു സഹായങ്ങളോ ഒക്കെയായി ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പണം ലഭിക്കുമ്പോള്‍ മാത്രമേ മൊത്തം ഉപഭോഗം വര്‍ധിക്കുകയുള്ളൂ. ഈ ഉപഭോഗ സംസ്‌കാരം തന്നെയാണ് മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കാതലും.

ഈ സാമ്പത്തിക വര്‍ഷത്തെ വിദേശ മേഖല എടുത്തുനോക്കുകയാണെങ്കില്‍ തുണിത്തരങ്ങള്‍, ജ്വല്ലറികള്‍, എന്‍ജിനീയറിംഗ് ചരക്കുകള്‍ എന്നിവയിലെ കയറ്റുമതിയില്‍ കുറവ് വന്നെങ്കിലും സോഫ്റ്റ്്വെയറുകള്‍, മരുന്ന് തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങള്‍, കാര്‍ഷിക ചരക്കുകള്‍ തുടങ്ങിയവയില്‍ നല്ല രീതിയില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ചില കണക്കുകള്‍ പ്രകാരം കറന്റ്അക്കൗണ്ട് സര്‍പ്ലസ് ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നല്ല രീതിയില്‍ തുടര്‍ന്ന് പോയാല്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. സൂയസ് കനാലിലെ തടസ്സം ചെറിയൊരു ആശങ്ക ഉണ്ടാക്കിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അത് പരിഹരിക്കപ്പെട്ടുവല്ലോ. ഡോളറിന്റെ ഫോര്‍വേഡ് റേറ്റ് പ്രീമിയം ആയി ചില കണക്കുകള്‍ കാണുന്നു. അത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വൈകാതെ തന്നെ മനസ്സിലാകും.

അവശ്യ വസ്തുക്കളുടെ വിലവര്‍ധന സാധാരണ ജനജീവിതത്തെ നല്ലവണ്ണം ബാധിച്ചിട്ടുണ്ട്. പെട്രോളിനും പാചക വാതകത്തിനും തുടങ്ങി ഭക്ഷണ സാധനങ്ങള്‍ക്ക് വരെ വില ഉയര്‍ന്നിരിക്കുകയാണ്. ആളുകളുടെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ വിലവര്‍ധന നല്‍കുന്ന ആഘാതം ചെറുതല്ല. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഭക്ഷ്യ വസ്തുക്കളിലെ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു. പ്രത്യേകിച്ചും പച്ചക്കറികള്‍ക്ക് വിലകൂടാന്‍ ഒരു പ്രധാന കാരണവും ഇതുതന്നെ ആയിരുന്നു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു ഉള്ളിയുടെ കയറ്റുമതി തടയല്‍, സ്റ്റോക്ക് ലിമിറ്റുകള്‍ തീരുമാനിക്കല്‍, പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി സുതാര്യമാക്കല്‍ തുടങ്ങിയ നയങ്ങള്‍ സ്വീകരിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടും ഇപ്പോഴും ജനങ്ങള്‍ ചില വസ്തുക്കള്‍ വലിയ വില കൊടുത്തു വാങ്ങുക എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായിട്ടില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്.
ആസ്തികളില്‍ സ്വര്‍ണത്തിനായിരുന്നു ഈ വര്‍ഷം നല്ല ഡിമാന്‍ഡ് ഉണ്ടായത്. കൊവിഡ് കാലത്ത് ആളുകള്‍ തങ്ങളുടെ സമ്പാദ്യം സ്വര്‍ണ നിക്ഷേപ രൂപത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കി സ്വര്‍ണം വാങ്ങിക്കൂട്ടുകയുണ്ടായി. അതുകൊണ്ട് തന്നെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന അനുഭവപ്പെട്ടു. വാക്‌സീനില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുന്നതും നാം കാണുന്നതാണല്ലോ.

ഈ സാമ്പത്തിക വര്‍ഷത്തില്‍ വളരെ പ്രധാനപ്പെട്ട ചില സൂചികകള്‍ പുറത്തുവരികയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹാപ്പിനെസ് റിപ്പോര്‍ട്ട്. ഓരോ രാജ്യത്തെയും ആളുകള്‍ എത്രത്തോളം സന്തോഷവാന്മാരാണെന്ന് ചില മാനദണ്ഡങ്ങള്‍ പ്രകാരം അളക്കുകയും റാങ്ക് നല്‍കുകയും ചെയ്യുന്ന ഒരു റിപ്പോര്‍ട്ടാണത്. അതില്‍ 153 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 144 ആണ്. എന്നുവെച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ വളരെ കുറച്ചു മാത്രം സന്തോഷിക്കാന്‍ വകയുള്ളവരാണെന്ന്. തീര്‍ച്ചയായും ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സന്തോഷം തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോക പട്ടിണി സൂചികയില്‍ 94 / 107 ആണ് ഇന്ത്യയുടെ സ്ഥാനം. വാട്ടര്‍ ക്വാളിറ്റി സൂചികയില്‍ 122ല്‍ 120 ആണ് ഇന്ത്യയുടെ സ്ഥാനം. എയര്‍ ക്വാളിറ്റി സൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 178 ആണ്. ഭക്ഷണം, വെള്ളം, വായു ഒക്കെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശവും ആവശ്യവും ആയിരിക്കെ ഈ സൂചികകളിലൊക്കെ വളരെ പിറകിലാകുക എന്നത് ആ രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നതാണല്ലോ. കേവലം വളര്‍ച്ച ഉണ്ടാകുക എന്നതിലുപരി എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിച്ചുള്ള, അസമത്വം കുറച്ചുകൊണ്ടുള്ള വികസനത്തിന് മാത്രമേ പൂര്‍ണതയില്‍ എത്താനാകൂ എന്ന കാര്യം ഭരണകര്‍ത്താക്കള്‍ക്കും ജനങ്ങള്‍ക്കും ഓര്‍മ വേണം.

Latest