Connect with us

Cover Story

ഇതിഹാസത്തിന്റെ കാവൽക്കാരൻ

Published

|

Last Updated

പണ്ടു പണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.
പച്ചപിടിച്ച താഴ്്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നിൽക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല. അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമ്മ പരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽ നിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു. അനുജത്തീ, നീയെന്നെ മറന്നുവല്ലോ…
ഖസാക്കിന്റെ ഇതിഹാസം
ഒ വി വിജയൻ

മലയാള സാഹിത്യത്തെ ലോകസാഹിത്യ നിലവാരത്തിലേക്കുയര്‍ത്തിയ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സ്രഷ്ടാവും കഥാപാത്രങ്ങളും ഓര്‍മയായെങ്കിലും ഇതിഹാസ ഭൂമികയില്‍ ഒരാള്‍ സ്രഷ്ടാവിനെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി ജീവിച്ചിരിപ്പുണ്ട്. മറ്റാരുമല്ല, തസ്രാക്കിലെ സൂക്ഷിപ്പുകാരന്‍ മജീദ്. ഖസാക്കിന്റെ ഇതിഹാസത്തിലെ കേന്ദ്ര കഥാപാത്രമായ രവിയുടെ ജീവിതയാത്ര പാലക്കാട്ടെ ഖസാക്കിലവസാനിക്കുന്നതുവരെയുള്ള കഥയാണ് നോവല്‍ പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഖസാക്കില്‍ തന്നെയാണ് യഥാർഥത്തില്‍ രവിയുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പാതിവഴിയിലുപേക്ഷിച്ച് ജില്ലാ ബോര്‍ഡിന്റെ പുതിയ പദ്ധതിയായ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി ചേരുന്നതിനാണ് രവി ഖസാക്കിലെത്തുന്നത്.

റാവുത്തര്‍മാരുടെ പ്രാദേശികമായ ഭാഷയില്‍ കാവ്യം പോലെയുള്ള ഋജുരേഖാത്മകമായ ആഖ്യാനരീതിയോടെയുള്ള നോവലില്‍ ഖസാക്കില്‍ രവിയോട് അടുക്കുന്ന ഓരോ മനുഷ്യന്റെയും കൂടി കഥയാണ് ഖസാക്കിന്റെ ഇതിഹാസമായി വികസിക്കുന്നത്. ഖസാക്കെന്ന ഗ്രാമത്തിന്റെ വഴിയോരങ്ങളിലെ കാഴ്ചകളുടെ പുതുമ ആവര്‍ത്തിച്ചു കാണുന്നതു കൊണ്ട് ഒരിക്കലും മങ്ങുന്നില്ല. അനേകം മനുഷ്യര്‍, വൈവിധ്യങ്ങളേറെയുള്ളവര്‍ പക്ഷേ, ഖസാക്കിന്റെ ഗ്രാമ്യമായ ഏകതാനതക്കും ഭംഗമേല്‍പ്പിക്കുന്നുമില്ല. അപ്പുക്കിളി, അള്ളാപ്പിച്ചാ മൊല്ലാക്ക, കുപ്പുവച്ചന്‍, ശേഖരൻ നായര്‍, മൈമൂന, ഖാലിയാര്‍… എന്നിങ്ങനെ പോകുന്നു വ്യത്യസ്തമായ വ്യക്തിത്വം പേറുന്നവരായ അനേകം ഖസാക്കുകാര്‍. എന്നാല്‍ അന്ധവിശ്വാസവും മിത്തുകളും പ്രാദേശിക ഐതിഹ്യങ്ങളുമൊക്കെ ഏവരെയും ഒരുപോലെ ഖസാക്കിന്റെ സ്വത്വം പേറുന്നവരാക്കുന്നുണ്ട്. അറുപതുകളുടെ അവസാനത്തോടെ മലയാള നോവലെഴുത്തിലും വ്യത്യസ്തമായൊരു ഭാവുകത്വം പ്രകടമായിരുന്നു. ആധുനികത (മോഡേണിസം) യായിരുന്നു അത്. പാശ്ചാത്യ ആധുനികതയില്‍ നിന്ന് നിരവധി അംശങ്ങള്‍ സ്വീകരിച്ച് പ്രമേയതലത്തിലും രൂപതലത്തിലും മാറ്റങ്ങള്‍ കൈവരുത്തുകയായിരുന്നു മലയാള നോവല്‍ പ്രസ്ഥാനവും. സ്വത്വ പ്രതിസന്ധി, വിഷാദാത്മകത, അസ്തിത്വത്തിന്റെ കാരണം തേടല്‍ ഒക്കെയും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ വി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” ആധുനികാനന്തരമായ ഒരു ഭാവുകത്വത്തെയും പ്രകാശിപ്പിച്ച കൃതിയാണ്. ഖസാക്കിന്റെ ഇതിഹാസത്തിലെ നായകനായ രവി നോവലിന്റെ തുടക്കത്തില്‍ ബസിറങ്ങിയ കൂമന്‍കാവില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒരു പാമ്പിന്റെ കടിയേറ്റുവാങ്ങി മരണം വരിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു.
ഇതാണ് നോവലിന്റെ രത്‌നച്ചുരുക്കമെങ്കിലും തസ്രാക്കിലെ സൂക്ഷിപ്പുകാരന് ഒ വി വിജയന്‍ നോവലില്‍ കോറിയിട്ട വാക്കുകളെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചൊ ഒന്നും അറിയില്ല. അയാള്‍ വരച്ചുകാട്ടുന്നത് ഒ വി വിജയന്റെയും കഥാപാത്രങ്ങളുടെയും പച്ച ജീവിതം മാത്രം. പക്ഷേ, ഖസാക്കിലെ സൂക്ഷിപ്പുകാരനായ മജീദ് നോവല്‍ ഇതുവരെ വായിച്ചിട്ടില്ലെങ്കിലും നോവലില്‍ ഒ വി വിജയന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നോവല്‍ വായിച്ചില്ലെങ്കിലും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഇതിഹാസകാവ്യം വായിക്കുന്നതിനേക്കാള്‍ നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്.

തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായി ഒ വി വിജയന്റെ സഹോദരി ജോലി ചെയ്തിരുന്നു. അക്കാലത്ത് സഹോദരിയെ കാണാന്‍ വന്ന ഒ വി വിജയന്റെ മനസ്സില്‍ തസ്രാക്കും നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവിതവും ഇന്ദ്രപ്രസ്ഥത്തെ സമ്പന്ന വർഗത്തിന്റെ ജീവിതത്തേക്കാള്‍ എത്രയോ സുഖകരമാണെന്ന് തോന്നി. ആ ജീവിതത്തിന് പുതിയൊരു മാനം ഒ വി വിജയന്‍ അക്ഷരങ്ങളിലൂടെ ചാലിച്ചപ്പോള്‍ തസ്രാക്കും മനുഷ്യരും ലോകത്തിന്റെ ചരിത്രമായി മാറി.
നോവല്‍ എഴുതുമ്പോള്‍ നാല് വയസ്സുകാരനായ മജീദ് ഉമ്മയോടൊപ്പം തസ്രാക്കിലേക്കു പോകുമായിരുന്നു. മജീദ് യുവത്വത്തിലേക്ക് കടന്നപ്പോഴാണ് ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം പൂര്‍ത്തിയാക്കുന്നത്. എഴുത്തും വായനയും അറിയില്ലെങ്കിലും ഇതിഹാസത്തെക്കുറിച്ച് കേട്ടറിഞ്ഞ മജീദിന് ഒ വി വിജയനെ കാണണമെന്നും നോവലിനെക്കുറിച്ച് അറിയണമെന്നും മോഹമുദിച്ചു. പക്ഷേ, ഇതിഹാസകാരനായ എഴുത്തുകാരന്‍ നാട്ടിൻപുറത്തെ സാധാരണക്കാരനെ കാണാന്‍ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. അക്കാലത്ത് ഫോണും ആധുനിക വാര്‍ത്താ വിനിമയമൊന്നും ഉണ്ടായിരുന്നില്ല, ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന സഹോദരി ഒ വി ഉഷയുടെ കൈയില്‍ നിന്ന് മേല്‍വിലാസം വാങ്ങി. നോവലിലെ കഥാപാത്രം അപ്പുക്കിളിയെ പോലെ തന്നെ എഴുത്തും വായനയും അറിയില്ലെങ്കിലും കടലാസില്‍ എന്തൊക്കെയോ അക്ഷരങ്ങള്‍ കോറിയിട്ടു. മറുപടി വന്നത് ഒരു മാസം കഴിഞ്ഞാണ്. അതിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരാണെന്ന് ഒ വി വിജയന്‍ എഴുതി.

നോവലിനെക്കുറിച്ച് സംശയം തീര്‍ന്നെങ്കിലും ഇതിഹാസകാരനെ കാണണമെന്ന ആഗ്രഹത്തിന് മാത്രം മാറ്റം വന്നില്ല. ഒ വി ഉഷയുടെ കൈയില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി, കറുത്ത കറക്കുന്ന യന്ത്രത്തില്‍ നമ്പറുകള്‍ തിരിച്ചപ്പോള്‍ മറ്റേ തലക്കല്‍ ഒ വി വിജയന്റെ ശബ്ദം.

വിറയാര്‍ന്ന സ്വരത്തില്‍ തനിക്ക് കാണണമെന്ന് പറഞ്ഞപ്പോള്‍ വരാമെന്ന് മറുപടി കിട്ടി. അങ്ങനെയാണ് തസ്രാക്കിലേക്ക് ഒ വി വിജയന്‍ എന്ന ഇതിഹാസകാരന്‍ വീണ്ടും വരുന്നത്. പിന്നീട് എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇതിഹാസ ഭൂമികയില്‍ എത്തിച്ചേര്‍ന്നു. വരുമ്പോഴെല്ലാം തസ്രാക്കിലെ വയല്‍വരമ്പിലൂടെയും ഞാറ്റുപുരയുടെപരിസരത്ത് കൂടിയും നടന്ന് നോവലിലെ ഉള്ളടക്കത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കും. വര്‍ഷങ്ങളെടുത്താണ് നോവലിനെക്കുറിച്ച് വായിച്ചറിയുന്നതിനേക്കാള്‍ കേട്ടറിഞ്ഞത്. ഏട്ട് വര്‍ഷത്തെ തുടര്‍ച്ചയായ വരവിന് ശേഷം ഇനി വരുന്നില്ലെന്നും ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അറിയിച്ചു. “സാര്‍ വരണം. ഒരു പക്ഷേ നമുക്ക് ഇനികാണാന്‍ സാധിച്ചില്ലെങ്കിലോ, എന്തായാലും വരണം.” സാര്‍ വന്നു. ഇതിഹാസത്തിന് രൂപം നല്‍കിയ കൈ വിറയ്ക്കുന്നു. വളരെ സാഹസപ്പെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. ഒന്നും ഉരിയാടാതെ കുറച്ച് നേരം ഇരുന്ന് ഇതിഹാസകാരന്‍ തിരിച്ചുപോകുകയും ചെയ്തു. ഏഴ് മാസം കഴിഞ്ഞപ്പോള്‍ മരണ വാര്‍ത്തയാണ് കേട്ടത്. ചേതനയറ്റ ശരീരം പാലക്കാട്ടേക്ക് കൊണ്ടുവന്നപ്പോഴാണ് അവസാനമായി കണ്ടത്.

ഒ വി വിജയന്‍ മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആത്മാവും കഥാപാത്രങ്ങളും തസ്രാക്കിന് ചുറ്റും മരിക്കാത്ത ഓര്‍മകളായി അവശേഷിക്കുന്നുവെന്ന തോന്നല്‍ അവിടം വിട്ടുപോകാന്‍ മജീദിനെ മനസ്സ് അനുവദിച്ചില്ല. ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നത് കണ്ട് ഞാറ്റുപുര നോക്കുന്നതിനുള്ള ചുമതല സ്വകാര്യ ഉടമസ്ഥര്‍ തന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഉടമസ്ഥര്‍ വിസമ്മതിച്ചുവെങ്കിലും അനുനയ ചര്‍ച്ചയിലൂടെ നിലപാട് മാറ്റുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. സര്‍ക്കാര്‍ ഏറ്റെടുക്കാത്തകാലത്തും ചുമതല മജീദിന് തന്നെയായിരുന്നു. വരുന്നവരൊക്കെ ഒരോ വിശേഷങ്ങള്‍ ചോദിക്കും. അപ്പോള്‍ ഇതിഹാസകാരന്‍ പറഞ്ഞുതന്ന കഥകളെല്ലാം വിവരിക്കുമ്പോള്‍ നോവല്‍ വായിക്കുന്നതിനേക്കാള്‍ അനുഭൂതിയാണ് അവരുടെ മുഖത്ത് തെളിയുന്നത്, മജീദ് പറയുന്നു. മുപ്പത് വര്‍ഷത്തോളമായി ഞാറ്റുപുരയിലെ സൂക്ഷിപ്പുകാരനാണ് 67 കാരനായ മജീദ്. ഭാര്യ സാബിയക്കും ക്ലീനിംഗ് ജോലി കിട്ടിയിട്ടുണ്ട്. ചെറിയൊരു തുക വരുമാനവുമുണ്ട്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.

ഒ വി വിജയനെന്ന മഹാസാഹിത്യകാരനിലൂടെ ലോകോത്തര പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഞാറ്റുപുരയുടെ സൂക്ഷിപ്പുകാരനെന്ന ഖ്യാതിയാണ് തനിക്ക് പണത്തേക്കാള്‍ വലുതെന്ന് മജീദ് പറയുന്നു. അള്ളാപ്പിച്ച മൊല്ലാക്ക ഇവിടെയുള്ള പള്ളിയിലെ ജോലിക്കാരനായിരുന്നു. മൊല്ലാക്കയുമായുള്ള ഒ വി വിജയന്റെ ആത്മബന്ധമാണ് നോവലില്‍ വരച്ചിട്ടിരിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിന് വേരോടിയ മണ്ണിൽ യാത്ര തുടരുകയാണ് മജീദ്. ഇതിഹാസകാരന്റെ സാമീപ്യമറിഞ്ഞ ഗൃഹാതുര ഒാർമകളും പേറി, മറ്റൊരു ഇതിഹാസമായി.
.