Connect with us

Kerala

വോട്ടെടുപ്പ് ദിനത്തിലെ അയ്യപ്പ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി നല്‍കി കോണ്‍ഗ്രസ്

Published

|

Last Updated

കണ്ണൂര്‍ | വോട്ടെടുപ്പ് ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കി. കണ്ണൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ സതീശന്‍ പാച്ചേനിയാണ് പരാതി നല്‍കിയത്.

പരാമര്‍ശമടങ്ങിയ സി ഡിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. അയ്യപ്പനും മറ്റെല്ലാ ദേവഗണങ്ങളും സർക്കാറിനൊപ്പമെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. എന്‍ എസ് എസ് നേതാവ് ജി സുകുമാരന്‍ നായരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ ശബരിമല, വിശ്വാസ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം അന്ന് ഇങ്ങനെ പറഞ്ഞത്.

നേരത്തേ, സുകുമാരന്‍ നായര്‍ക്കും ചെന്നിത്തലക്കുമെതിരെ പെരുമാറ്റ ചട്ട ലംഘനത്തിനും ഗൂഢാലോചന നടത്തിയതിനും സി പി എം പരാതി നല്‍കിയിരുന്നു.

Latest