National
വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടെന്ന ഹരജിയില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ട് കോടതി
വാരാണസി | ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍വേക്ക് ഉത്തരവിട്ട് കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യോട് സര്‍വേ നടത്താനാണ് ഉത്തരവ്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഹരജിയിലാണ് കോടതി നടപടി.
വിശ്വേശ്വര്‍ ദേവ ക്ഷേത്രം തകര്‍ത്ത് മുഗള്‍ രാജാവ് ഔറംഗസേബ് നിര്‍മിച്ചതാണ് മസ്ജിദെന്നാണ് ഹരജിയില്‍ പറയുന്നത്. തകര്‍ത്ത ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. അഞ്ചംഗ സമിതി രൂപവത്കരിച്ച് സര്‍വേ നടത്താനാണ് ഉത്തരവുള്ളത്.
പുരാവസ്തു ശാസ്ത്രത്തില്‍ പ്രാവീണ്യമുള്ളവരാകണം സമിതിയിലുണ്ടാകേണ്ടത്. ഇവരില്‍ രണ്ട് പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാകണമെന്നും ഉത്തരവില്‍ പറയുന്നു. നിരീക്ഷകനായി പണ്ഡിതനെയോ അക്കാദമിക് വിചക്ഷണനെയോ നിയമിക്കാനും ഉത്തരവുണ്ട്.