Connect with us

Cover Story

സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രാർഥനകൾ

Published

|

Last Updated

പള്ളിയിൽ നിന്ന് നകാരം എന്ന ചർമവാദ്യത്തിന്റെ മുട്ട് കേട്ട് ഹിന്ദു ഗൃഹങ്ങളിലെ സന്ധ്യാവന്ദനത്തിന്റെ സമയം പോലും ക്രമപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമയിൽ നിന്നാണ് എല്ലാ നോമ്പുകാലത്തിലൂടെയും ഞാൻ കടന്നുപോകാറ്. മഞ്ചേരിക്കടുത്തുള്ള പാപ്പിനിപ്പാറയെന്ന എന്റെ ജന്മദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. പൂക്കോട്ടൂർ അയൽ ഗ്രാമമായിരുന്നു. 1921 ലെ മലബാർ കാലാപ കാലത്ത് പൂക്കോട്ടൂരിനേയും മഞ്ചേരിയേയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് പാപ്പിനിപ്പാറയിലൂടെ കടന്നുപോകുന്ന പാതയായിരുന്നു. വിപ്ലവകാരികൾ സഞ്ചരിച്ചിരുന്ന വഴിയും ഇതുതന്നെ.
1921 ലെ രക്തസാക്ഷിത്വത്തിന്റെ വേദന തിങ്ങുന്ന ഗ്രാമം തന്നെയായിരുന്നു എന്റെതും. പട്ടാള ആക്രമണത്തിൽ പതിനാറോളം പേർ ഈ ഗ്രാമത്തിലും മരിച്ചുവീണിട്ടുണ്ട്. പാപ്പിനിപ്പാറയിലെ കുഞ്ഞി തങ്ങൾ അടക്കം. അദ്ദേഹത്തിന്റെ ഖബറിടം പ്രത്യേകമായി സംരക്ഷിച്ചുപോരുന്നു.

ഇരുപത്തൊന്നിലെ കലാപത്തിൽ സാധാരണ മുസ്‌ലിം വിഭാഗത്തിന്റെ സാമ്പത്തിക അടിത്തറ അമ്പേ തകർന്നുപോയി. ആ അരക്ഷിതാവസ്ഥ പിൽക്കാലങ്ങളിലേക്ക് പടർന്നു നിന്നത് എന്റെ കുട്ടിക്കാലത്ത് ഞാനും കണ്ടു. മുസൽമാന്മാരുടെ വീടുകൾ മിക്കതും ചെറിയ കൂരകളായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും അവർ ഉപജീവനത്തിനുള്ള വഴി കണ്ടെത്തി. പാലിനായി അവർ എരുമകളെ വളർത്തി. നന്നേ പുലർച്ചെ പാൽ കറന്നു നാഴികകളോളം സഞ്ചരിച്ച് മഞ്ചേരിയിൽ കൊണ്ടുപോയി പാൽ വിൽക്കും. ഈ പാവപ്പെട്ട മനുഷ്യരുടെ നോമ്പ് കാലത്തിന് അത്ര സമൃദ്ധിയൊന്നും ഉണ്ടായിരുന്നില്ല. 1921 ലെ വിപ്ലവം സൃഷ്ടിച്ച അരക്ഷിതത്വത്തിൽ നിന്ന് ഇച്ഛാശക്തികൊണ്ട് മാത്രം കരകയറിയ മനുഷ്യരാണവർ. വിശ്വാസം എങ്ങനെയാണ് പ്രാർഥനാപൂർണമായ ഉയിർപ്പിന് കാരണമാകുന്നതെന്ന് എന്നെ പഠിപ്പിച്ചതും ഈ ജനതയാണ്.
പൊതുവെ നോമ്പ് കാലത്ത് കാണാറുള്ള ഭക്ഷണ വൈവിധ്യങ്ങളുടെ ആഘോഷമൊന്നും ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടിട്ടില്ല. സമൂഹ നോമ്പുതുറ എന്നതൊക്കെ തീർത്തും അപരിചിതമായിരുന്നു. നോമ്പുകാലങ്ങളിൽ രാത്രിയിൽ മതപ്രഭാഷണമുണ്ടാകും. അത് നടത്തിയിരുന്നത് ഇരുമ്പുഴിയിലെ വടക്കുംമുറിയിലാണ്. ഭേദപ്പെട്ട ഒരു പള്ളി ഉണ്ടായിരുന്നത് അവിടെയാണ്. സ്ത്രീകളും മതപ്രഭാഷണം കേൾക്കാൻ പോകും. ചോരൻകുന്നിന്റെ താഴ് വരയിലെ മുസ്‌ലിം വീടുകളിൽ നിന്ന് കുടുംബസമേതം ആളുകൾ കുന്നിറങ്ങി വടക്കുംമുറിയിലേക്കു പോകും. ഇടവഴിയും പറമ്പും താണ്ടി ചൂട്ടുവെട്ടം കടന്നുപോകും. പാതിരാക്ക് അവർ മടങ്ങിവരും.

നോമ്പ് കാലത്തും പുരുഷന്മാർ വയലിലും പറമ്പിലും പണിയെടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അന്നപാനീയങ്ങൾ വെടിഞ്ഞ് അധ്വാനം എങ്ങനെ സാധ്യമാകുന്നുവെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ കരുത്താണത്. സ്വന്തം ശരീരത്തെക്കുറിച്ച് അവർ ആലോചിക്കുന്നതേ ഉണ്ടാകില്ല. സഹനത്തിലൂടെയും പ്രാർഥനയിലൂടെയും വന്നുചേരുന്ന അളവറ്റ ദൈവാനുഗ്രഹങ്ങൾക്കു മാത്രം അവർ കാത്തു. കൃഷിപ്പണിയും അവർക്ക് പ്രാർഥനയായിരുന്നു. ഓരോ വിയർപ്പുകണങ്ങളിൽ നിന്നും ആഹ്ലാദം പിറവിയെടുത്തു. അതിൽ നിന്ന് വിരിയുന്ന പൂക്കളും കായ്കളും ദൈവാനുഭവം തന്നെയായി അവർക്ക്.

നോമ്പുകാലത്തെ ഏറ്റവും വിശിഷ്ടമായ പലഹാരം നെയ്യപ്പം മാത്രമായിരുന്നു. എന്നും ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കാനുള്ള സാമ്പത്തിക ശേഷിയൊന്നും അവർക്കില്ലായിരുന്നു. പക്ഷേ എത്ര പ്രയാസം നിറഞ്ഞ കാലഘട്ടത്തിലാണെങ്കിലും ഇരുത്തേഴാം രാവിന് സമൃദ്ധമായി നെയ്യപ്പമുണ്ടാക്കും. അത് എല്ലാ ഹിന്ദു വീടുകളിലും അയൽക്കാരായ മുസൽമാന്മാർ എത്തിക്കും. ഞങ്ങളുടെ തറവാടിന്റെ പടിഞ്ഞാറ് ഭാഗത്തെ ചോരൻകുന്നിറങ്ങിയാണ് നെയ്യപ്പത്തിന്റെ പൊതികൾ വരിക. നോമ്പ് തുടങ്ങിയാൽ നോമ്പിന്റെ എണ്ണം പിടിക്കും ഞങ്ങൾ. ഇരുപത്തിയേഴാം രാവ് വരുന്നതും നോക്കിയിരിക്കും.

സന്ധ്യക്കാകും മുസ്‌ലിം വീടുകളിലെ സ്ത്രീകൾ നെയ്യപ്പവുമായി വരുന്നത്. അത്രയും രുചിയുള്ള നെയ്യപ്പം പിന്നീട് ഞനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. ആ രുചിക്കൂട്ടിൽ സ്‌നേഹം നിറഞ്ഞതുകൊണ്ടാകണം അത്രയേറെ രുചി കിട്ടിയത്. തേക്കിന്റെ ഇലയിൽ പൊതിഞ്ഞു കെട്ടും ആ നെയ്യപ്പം. ചൂട്ടും കത്തിച്ച് ആ വെളിച്ചത്തിൽ കുന്നിറങ്ങിവരും. ഇരുപത്തിയേഴാം രാവിലെ സന്ധ്യയിലെ ചൂട്ടുവെളിച്ചത്തിന് മനോഹാരിത ഏറെയാണെന്നു തോന്നിയിരുന്നു.

തറവാട്ടിലെ കാര്യസ്ഥന്റെ സ്ഥാനത്തുണ്ടായിരുന്ന അലവ്യാക്ക ഒരു ദിവസം നോമ്പ് തുറക്കാനായി കൊണ്ടുപോകും. അത്രയേ അദ്ദേഹത്തിന് സാധ്യമാകൂ. ചോരൻകുന്നിന്റെ താഴ്്വരയിലായിരുന്നു അദ്ദേഹത്തിന്റെ തറവാട് വീട്. പിന്നീട് അദ്ദേഹം കിഴക്കേകുന്നിൽ വീട് വെച്ചു. കുന്നു കേറി ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലും. അവിടുത്തെ താത്തക്ക് നല്ല കൈപ്പുണ്യമായിരുന്നു. മോഡേൺ ബ്രഡ് അവതരിച്ചിരുന്ന കാലമായിരുന്നു. ബ്രഡും കോഴിയിറച്ചിയുമായിരുന്നു നോമ്പ് തുറ വിഭവം. പാപ്പിനിപ്പാറയുടെ രുചികൾ ഇത്രയൊക്കെയേ ഉള്ളൂ. അപൂർവമായി കലത്തപ്പം ഉണ്ടാകും.

നോമ്പുകാലത്തിന്റെ പലഹാര മഹിമകൾ ഞാനറിയുന്നത് പൊന്നാനിയിൽ നിന്നാണ്. അച്ഛന്റെ ദേശം പൊന്നാനിയായിരുന്നു. മന്ത് രോഗം ധാരാളമുണ്ടായിരുന്നു പൊന്നാനിയിൽ. നല്ല ഔഷധങ്ങളൊന്നും വികസിച്ചിട്ടില്ലാത്ത കാലമാണത്. ഫിഷറീസിൽ ജോലിക്കാരനായിരുന്നു എന്റെ അച്ഛന്റെ പിതാവ്. അദ്ദേഹത്തിന് കഠിനമായ മന്ത് രോഗമുണ്ടായിരുന്നു. അത് വരും തലമുറയിലേക്ക് പടരാതിരിക്കാനാണ് അച്ഛൻ പൊന്നാനിയിൽ നിന്ന് വട്ടംകുളത്തേക്ക് താമസം മാറ്റിയത്. എന്നാലും പൊന്നാനിയുമായി ഞങ്ങൾക്ക് ആത്മബന്ധമുണ്ടായിരുന്നു.
പൊന്നാനിയിലെ നോമ്പുകാലം പ്രാർഥനകൾ കൊണ്ട് മാത്രമല്ല, പലഹാരങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു. പൊന്നാനിയുടെ രുചിക്കൂട്ടുകൾക്ക് അപാരമായ വൈവിധ്യമുണ്ട്. പുരാതന കാലം തൊട്ടെയുള്ള വിദേശ ബന്ധങ്ങൾ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായുള്ള വിനിമയങ്ങൾ എല്ലാം പൊന്നാനിയുടെ പാരമ്പര്യങ്ങളെ സമ്പന്നമാക്കി. നോമ്പുതുറ വിഭവങ്ങളിലൂടെയാണ് പൊന്നാനിയുടെ പലഹാര നൈപുണി വെളിപ്പെടുക. രുചിവൈവിധ്യങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല. പൊന്നാനിയുടെ ഈ പാരമ്പര്യത്തിന് മാറ്റമൊന്നുമില്ല ഇപ്പോൾ.

നോമ്പും ഉപവാസവുമൊക്കെ എല്ലാ ജനസമൂഹങ്ങൾക്കും ഉണ്ടെങ്കിലും അതിനെ ഒരേസമയം ആത്മീയവും ഭൗതികവുമായി ചിട്ടപ്പെടുത്തിയത് ഇസ്‌ലാമാണ്. അതിന്റെ ദർശനം കേവലം മതാത്മകമല്ല. മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും അത് ചെന്നുതൊടുന്നു. ഒരേസമയം മനസ്സിനേയും ശരീരത്തേയും സംസ്‌കരിച്ചെടുക്കുന്ന ഒരു ദർശനം അതിലുണ്ട്. ഏത് യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴും നാമതിന് വിശ്രമം കൊടുക്കും. കേടുപാടുകൾ തീർത്ത് വീണ്ടും പ്രവർത്തിപ്പിക്കും. മനുഷ്യനെന്ന യന്ത്രത്തേയും അങ്ങനെ ചെയ്യേണ്ടതുണ്ട്. നോമ്പ് കാലം അതിനുള്ളതാണ്. ശരീരം മാത്രമല്ല, മനസ്സും പ്രധാനം. ഒരാണ്ടിന്റെ നമ്മുടെ പ്രവർത്തനങ്ങൾ ആത്മവിചാരണക്ക് വിധേയമാക്കണം. തെറ്റുകൾ കണ്ടെത്തണം, തിരുത്തണം.

നോമ്പുകാലത്തിന്റെ ചാക്രികതയാണ് അതിന്റെ മറ്റൊരു മനോഹാരിത. മറ്റ് മത വിഭാഗങ്ങളുടെ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും ഒരേകാലത്താണ് വരുന്നത്. മുസൽമാന്റെ നോമ്പ് കാലം എല്ലാ ഋതുക്കളേയും തൊട്ട്‌പോകുന്നു. വേനലും വർഷവും മഞ്ഞുകാലവും ഈ ആത്മീയ സ്പർശത്തിന്റെ പല ഭാവങ്ങളാണ്.
.

Latest