Connect with us

Articles

സുകൃതങ്ങളിലൂടെ ഹൃദയത്തെ സ്ഫുടം ചെയ്യാം

Published

|

Last Updated

മാസങ്ങളുടെ നേതാവായ വിശുദ്ധ റമസാന്‍ നമ്മിലേക്ക് ആഗതമായി. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണല്ലോ വ്രതം. ഒരാള്‍ റമസാന്‍ മാസത്തില്‍ വിശ്വാസത്തോടും പ്രതിഫലമോഹത്തോടും കൂടി നോമ്പനുഷ്ഠിച്ചാല്‍, മുന്‍കാലത്തും പില്‍ക്കാലത്തും സംഭവിച്ച എല്ലാ തെറ്റുകള്‍ക്കും അല്ലാഹു മാപ്പ് നല്‍കുന്നതാണ് എന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്. അഥവാ, വിശ്വാസവും മാനസിക നിശ്ചയവും നന്നാകണം. ഏതൊരു കാര്യവും സ്വീകരിക്കപ്പെടുന്നത് നിയ്യത്തിന്റെ ദൃഢത പോലെയാണ് ഇസ്‌ലാമില്‍. ബാഹ്യമായ കര്‍മങ്ങളില്‍ മാത്രമല്ല കാര്യം. നമ്മുടെ ഹൃദയം എന്താണോ ആ കര്‍മം കൊണ്ട് ആഗ്രഹിക്കുന്നത് അതിലാണ് അല്ലാഹുവിന്റെ നോട്ടം.

വിശുദ്ധ റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ നോമ്പെടുക്കുക എന്നത് സംശയലേശമന്യേ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. കഴിഞ്ഞുപോയ ഉമ്മത്തുകള്‍ക്കും നോമ്പ് ഉണ്ടായിരുന്നു. എന്നാല്‍, നമുക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ തുടര്‍ച്ചയായ മുപ്പത് ദിനം ആയിരുന്നില്ല. കഴിഞ്ഞുപോയ ഉമ്മത്തുകള്‍ക്കും നോമ്പ് നിര്‍ബന്ധമായിരുന്നു എന്നത് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. അതിന്റെ നിമിത്തമായി പറയുന്നത്, നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി എന്നതാണ്. അല്ലാഹുവിന്റെ കല്‍പ്പനകളെ അംഗീകരിക്കലും വിരോധനകളെ വെടിയലും ആണല്ലോ തഖ്‌വ. റമസാന്‍ വരുമ്പോള്‍, പൂര്‍ണമായും ആരാധനകളില്‍ സജീവമാകും. തെറ്റിലേക്ക് പോകാനുള്ള എല്ലാ മാര്‍ഗങ്ങളില്‍ നിന്നും മാറിനില്‍ക്കും. അങ്ങനെ ചെയ്യുമ്പോള്‍ മനുഷ്യര്‍ കൂടുതലായി യഥാര്‍ഥ ജീവിതത്തെ കുറിച്ച് ബോധമുള്ളവരായിത്തീരും. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കും.

നബി (സ) തങ്ങള്‍ക്ക് മുമ്പ് വന്ന സമുദായങ്ങള്‍ക്കും അവരുടെ ദോഷം പൊറുപ്പിക്കാന്‍ വിവിധ തരത്തിലുള്ള വ്രത രീതികള്‍ അല്ലാഹു നല്‍കി. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തവും ഉത്തമവുമായ നിലയില്‍, നബി (സ)യുടെ ഉമ്മത്ത് മറ്റുള്ള നബിമാരുടെ ഉമ്മത്തുകളേക്കാള്‍ ഉത്തമരാണ് എന്ന കാരണം കൊണ്ട്, റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങള്‍ നമുക്ക് സമ്മാനിച്ചു.
തുറക്കപ്പെട്ട നരകം റമസാനില്‍ അല്ലാഹു അടക്കുന്നു. സ്വര്‍ഗ കവാടങ്ങള്‍ തുറക്കുന്നു. സ്വര്‍ഗവും നരകവും എല്ലാം അല്ലാഹു നേരത്തേ തന്നെ സൃഷ്ടിച്ചവയാണ്. മനുഷ്യനെ പിഴപ്പിക്കാന്‍ വരുന്ന പിശാചിനെ ഈ മാസത്തില്‍ ബന്ധിക്കും. നമുക്ക് രണ്ട് ശത്രുക്കളാണ് ഉള്ളത്. ഒന്ന് ശരീരത്തിന്റെ ഇച്ഛ. മറ്റൊന്ന് ശൈത്വാന്‍. അവ രണ്ടിനുമെതിരായ നിലപാടുകള്‍ ഒരു വിശ്വാസിയില്‍ ഉണ്ടായിരിക്കണം എന്നാണല്ലോ ഇമാം ബൂസ്വൂരി ബുര്‍ദയില്‍ ഉണര്‍ത്തിയത്. അവ രണ്ടും ഗുണകരമായ വിധത്തിലെന്ന പോലെ നമ്മുടെ നിലപാടുകളില്‍ സ്വാധീനം ചെലുത്താന്‍ വന്നാലും കരുതലോടെ, അല്ലാഹുവിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ നമുക്ക് സാധിക്കണം.

അല്ലാഹുവിന്റെ മഹത്വത്തെ ഒരാള്‍ ഭയപ്പെടുകയും ദേഹത്തിന്റെ ഇച്ഛകളെ തടയുകയും ചെയ്താല്‍ സ്വര്‍ഗം അവനു ലഭിക്കും എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. അതിനാല്‍, ആ ഇലാഹീ മഹത്വം നമ്മള്‍ എപ്പോഴും ഓര്‍മയില്‍ വെക്കണം. ഏത് കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോഴും അല്ലാഹു ഇഷ്ടപ്പെടുന്നതാണോ അല്ലയോ എന്നതാകണം നമ്മളില്‍ വരേണ്ട മാനദണ്ഡം.
പിശാചിനെ ബന്ധിപ്പിക്കപ്പെട്ടാലും തിന്മ ചെയ്യുന്ന ചില മനുഷ്യരെ കാണുന്നില്ലേ റമസാനില്‍ എന്ന ശങ്ക നമുക്കുണ്ടാകും. ഒരാള്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍, പെട്ടെന്ന് അതില്‍ നിന്ന് തെന്നിയിറങ്ങി, സൈക്കിളിനെ സ്വതന്ത്രമാക്കി വിട്ടാല്‍ കുറച്ചു ദൂരം കൂടി അത് ദിശ തെറ്റാതെ പോകുമല്ലോ. അതുപോലെ, ദോഷമായ കാര്യങ്ങള്‍ ശരീരത്തെ കൊണ്ട് എപ്പോഴും ചെയ്യിക്കുന്ന ആളുകളില്‍, ശൈത്വാന്‍ വിട്ടാലും കുറച്ചുകൂടി അതിന്റെ സ്വാധീനം കണ്ടേക്കും. അതിനാല്‍, തെറ്റുകള്‍ ചെയ്യാനുള്ള ത്വര മനുഷ്യന്റെ അകത്ത് വന്നാല്‍ പോലും, ഒരിക്കലും അതിന് കീഴ്‌പ്പെടില്ല എന്ന നല്ല ദൃഢനിശ്ചയത്തോടെ, കരുത്തോടെ ഹൃദയ ശുദ്ധീകരണം വരുത്തി വേണം ഓരോരുത്തരും റമസാനിലെ ജീവിതം ക്രമീകരിക്കാന്‍.
നോമ്പ് എന്നത് പട്ടിണി കിടക്കല്‍ മാത്രമല്ല. അനാവശ്യമായ ഒരു വാക്കോ പ്രവര്‍ത്തനമോ ഉണ്ടാകരുത്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കും. “നോമ്പ് എനിക്കുള്ളതാണ്. നിശ്ചയമായും അതിന് ഞാന്‍ പ്രതിഫലം നല്‍കും” എന്നാണ് അല്ലാഹു പഠിപ്പിച്ചത്. മറ്റെല്ലാ ആരാധനകളില്‍ നിന്നും നോമ്പിനെ വ്യതിരിക്തമാക്കുന്നത്, അത് അല്ലാഹുവും അടിമയും മാത്രം അറിയുന്ന ഇബാദത്താണ് എന്നതാണ്. അഥവാ അല്ലാഹുവിനും അടിമക്കും ഇടയിലുള്ള ഒരു രഹസ്യമായ ബന്ധം എന്ന നിലയിലുള്ള തലം അതിനുണ്ട്. അതിനാല്‍ തന്നെ, അല്ലാഹു ആ നിലയില്‍ പരിഗണിക്കുന്ന ഇബാദത്ത് എന്ന നിലയില്‍, വളരെ മഹത്വം കല്‍പ്പിച്ചും ആദരവോടും കൂടി നമുക്കത് ചെയ്യാനാകണം.

ആരാധനകള്‍ ഓരോന്നും നമ്മള്‍ സൂക്ഷിച്ചു നിര്‍വഹിക്കണം. ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യണം. വിശുദ്ധ റമസാനിന്റെ മഹത്വത്തിനുള്ള പ്രധാന നിമിത്തമായി അല്ലാഹു പറയുന്നത്, അത് ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമാണ് എന്നാണല്ലോ. ധാരാളമായി ഖുര്‍ആന്‍ ഓതാന്‍ നമുക്ക് കഴിയണം. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്നെ, നമ്മുടെ ഹൃദയം പ്രകാശിച്ചു വരും. നന്മകള്‍ ചെയ്യാനുള്ള ആവേശം വര്‍ധിക്കും. ഒരു ഖതം എങ്കിലും റമസാനില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും ആകണം. അങ്ങനെയെങ്കിലും ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ വിശുദ്ധ ഖുര്‍ആനിനോട് ചെയ്യുന്ന അനീതിയാകും അത്. ഖുര്‍ആന്‍ പഠനത്തിനും ഈ മാസം സമയം കണ്ടെത്തണം. പാരായണം നിയമപ്രകാരം ആകണം. ഖുര്‍ആനിന്റെ ആശയവും അര്‍ഥവും പാരായണ നിയമങ്ങളും പഠിക്കാന്‍ നമ്മള്‍ സമയം കണ്ടെത്തണം. റമസാനില്‍ ആകുമ്പോള്‍, അവക്കൊക്കെ നല്ല പ്രതിഫലവും കിട്ടും.

നിസ്‌കാരങ്ങള്‍ ശ്രദ്ധയോടെയും അടക്കത്തോടെയും നിര്‍വഹിക്കണം. വിജയികളായ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി അല്ലാഹു ഉണര്‍ത്തുന്നത്, അവര്‍ നിസ്‌കാരത്തില്‍ പൂര്‍ണമായി അടക്കവും ശ്രദ്ധയും ഉള്ളവരാണ് എന്നതാണല്ലോ. അതിനാല്‍, നമ്മുടെ നിസ്‌കാരങ്ങള്‍ അപ്രകാരം അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാകണം. സുന്നത്ത് നിസ്‌കാരങ്ങളും നന്നായി നിര്‍വഹിക്കണം. റമസാനിലെ വിശിഷ്ടമായ തറാവീഹ് എല്ലാവരും നിര്‍വഹിക്കണം. അതോടൊപ്പം വേണ്ടതാണ്, ഒറ്റക്ക്, മറ്റാരുടെയും ദൃഷ്ടി പതിയാത്ത വിധമുള്ള രാത്രികളിലെ നിസ്‌കാരങ്ങള്‍. നമ്മുടെ സങ്കടങ്ങളും ആധികളും എല്ലാം അല്ലാഹുവിനോട് തുറന്നു പറയാം. മരണാനന്തരം സുഖകരമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള തേട്ടങ്ങള്‍ നടത്താം.

റമസാനില്‍ പ്രത്യേകമായുള്ള പ്രാര്‍ഥനകള്‍ നാം നിത്യമാക്കണം. അല്ലാഹു അല്ലാതെ ആരാധ്യന്‍ ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന ഏറ്റവും വിശേഷപ്പെട്ട ദിക്റുണ്ടല്ലോ. അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. സ്വര്‍ഗത്തെ തേടുകയും നരകത്തെ തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനയാണ് ഇത്.
കഴിഞ്ഞ റമസാന്‍ നമുക്ക് വലിയ സങ്കട നാളുകള്‍ ആയിരുന്നു. പള്ളികള്‍ എല്ലാം അടക്കപ്പെട്ടിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഭേദപ്പെട്ടു വന്നതിനാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പള്ളികളില്‍ നിന്ന് തന്നെ ആരാധനകള്‍ നടത്താം. നോമ്പ് തുറ പോലുള്ള സുന്നത്ത് കര്‍മങ്ങള്‍ ചുറ്റുമുള്ളവരെ ഉള്‍പ്പെടുത്തി നിര്‍വഹിക്കാം. ഈ റമസാന്‍ അതിനാല്‍ ഏറ്റവും ധന്യമായും സുകൃതങ്ങള്‍ ധാരാളമായി ചെയ്യുന്ന വിധത്തിലും നമുക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയണം. അല്ലാഹു അതിന് അവസരം നല്‍കട്ടെ.

കാന്തപുരം
എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Latest