Ongoing News
ഒരു കാരക്ക 12 കഷ്ണമാക്കി നോമ്പ് തുറന്ന കുട്ടിക്കാലം
വേങ്ങര | ഒരു കാരക്ക 12 ഇതളുകളാക്കി മൂന്ന് ഇതളുകൾ കൊണ്ട് നോമ്പ് തുറന്ന കുട്ടിക്കാലമായിരുന്നു. കാരക്ക കിട്ടണമെങ്കിൽ കോഴിക്കോട് നിന്ന് കൊണ്ടുവരണം. പോത്തിറച്ചിയും പത്തിരിയും മാത്രമാണ് അന്നത്തെ നോമ്പുതുറ വിഭവം. തറാവീഹ് നിസ്‌കാരം കഴിഞ്ഞെത്തിയാൽ മുത്തായം. ജീരക കഞ്ഞിയാകും മുത്തായത്തിനുണ്ടാകുക. രാത്രി രണ്ട് മണിയോടെയാണ് അത്തായം. ചോറാണ് പ്രധാനം. ശേഷം മേലേ തേങ്ങാപാൽ കഞ്ഞിയും ചായയും ഇതാണ് അന്നത്തെ റമസാൻ വിഭവരീതി.
ഒമ്പതാം വയസ്സിലെല്ലാം നോമ്പ് പൂർണമായും അനുഷ്ഠിക്കും. കൂട്ടുകാരെല്ലാം എടുത്ത നോമ്പിന്റെ എണ്ണം പറയും. ഇത് കൂടുതൽ നോമ്പെടുക്കാൻ മറ്റുള്ളവർക്കും പ്രചോദനമാകും. നോമ്പ് അനുഷ്ഠിക്കാത്തവനെ “അത്തായക്കള്ളൻ” എന്ന് വിളിച്ച് കൂട്ടുകാർ കളിയാക്കും.
ഇന്നത്തെ പോലെ ഒന്നിച്ചുള്ള വലിയ നോമ്പ് തുറകൾക്ക് പകരം ചെറിയ നോമ്പ് തുറകൾ കൂടുതൽ ദിവസങ്ങളിലുണ്ടാകും. പുതിയാപ്ലമാരെയാണ് ആദ്യത്തിൽ നോമ്പ് തുറപ്പിക്കുക. പിന്നീട് വിവിധ ദിവസങ്ങളായി മറ്റുള്ളവരും നോമ്പ് തുറക്കും. റമസാനെത്തുന്നത് തന്നെ ഒരു ഉത്സാഹമായിരുന്നു.
പഠനകാലത്ത് റമസാനിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഖുർആൻ അവതരിച്ച മാസമായത് കൊണ്ട് തന്നെ ഏറെ പ്രാധാന്യവുമുണ്ട്. ഖത്‌മുകൾ വർധിപ്പിക്കാനാണ് ഇക്കാലത്ത് ശ്രമിക്കാറുള്ളത്.
ദയുബന്ദിലെ പഠനകാലത്ത് നോമ്പിന് അവിടെ കൂടിയിട്ടില്ലെങ്കിലും പ്രധാന സുന്നത്ത് നോമ്പ് ദിവസങ്ങളിലെല്ലാം അവിടെ കൂടിയിട്ടുണ്ട്.
ബിരിയാണി രൂപത്തിലുള്ള ചോറും പാൽ കൂടുതലുള്ള ചായയുമായിരുന്നു അവിടെ നോമ്പുതുറ വിഭവം.
കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നീ ഉസ്താദുമാരോടൊത്ത് നോമ്പ് തുറന്ന സമയം സന്തോഷമായിരുന്നു. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ചാണ് ഇവർ നിസ്‌കാരത്തിന് പോയിരുന്നത്.
ഒന്ന് വെള്ളം കുടിച്ച് പിന്നെ നിസ്‌കാരം ഉടനെ ഭക്ഷണമെന്നത് തിരക്ക് വരുത്തുന്നത് കാരണം നിസ്‌കരിച്ച് സാവധാനം പ്രാർഥനകൾ നടത്താനൊന്നും സൗകര്യം കിട്ടാതെ വരും. അതുകൊണ്ട് അവരുടെ ആ രീതിയാണ് ഇന്നും മാതൃകയാക്കി വരുന്നത്.
തയ്യാറാക്കിയത്
ടി മൊയ്തീൻ കുട്ടി