Ongoing News
കണ്ണിൽ നിന്ന് മായാതെ ഫലസ്തീനിലെ കുഞ്ഞുങ്ങൾ
വർഷങ്ങൾക്ക് മുമ്പ് മഅ്ദിൻ നോളജ് ഹണ്ടിന്റെ കൂടെ ഫലസ്തീനിലായിരുന്നു. ഫലസ്തീനിലെ അൽഖലീൽ പട്ടണത്തിന്റെ ഹൃദയമായ പ്രവാചക കുലപതി ഇബ്‌റാഹീം നബി(അ)ന്റെ പള്ളിയിൽ നിന്നിറങ്ങി ഞങ്ങളുടെ ബസിലേക്ക് നടക്കുമ്പോൾ, സോവനീർ വാച്ചുകളും കളിക്കോപ്പുകളുമായി ഓടിവന്ന കുഞ്ഞുങ്ങൾ ഇന്നും കണ്ണിൽനിന്നും മാഞ്ഞുപോയിട്ടില്ല. അവരുടെ ഏക ഉപജീവന മാർഗം ആ സോവനീറുകളിൽനിന്ന് കിട്ടുന്ന വരുമാനമാണ്. കുട്ടികൾ സാധനങ്ങൾ വിൽക്കാൻ ഞങ്ങളുടെ ബസുകളിലേക്ക് കയറിയതോടെ അവിടെയുണ്ടായിരുന്ന ജൂത പട്ടാളക്കാർ ഓടി വന്നു. കുട്ടികളെ ബസിൽനിന്നും പിടിച്ചിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി. അന്ന് ആ കാഴ്ച കണ്ടത് മുതൽ ശരീരത്തിനൊരു തരം മരവിപ്പായിരുന്നു.
ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും നോമ്പും പെരുന്നാളും എങ്ങനെയായിരിക്കും. അവർക്ക് പുത്തനുടുപ്പുകളും പെരുന്നാൾ മണമുള്ള ഭക്ഷണവും കിട്ടുന്നുണ്ടാകുമോ?!… ആ നാട്ടുകാരുടെ ജീവിതത്തിലെ ദുരിതങ്ങൾ എത്രമേൽ ഭീകരമായിരിക്കും.
അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല അധ്യാപകൻ. ഇത്തരത്തിലുള്ള തീക്ഷ്ണമായ ഒട്ടനവധി അനുഭവങ്ങൾക്ക് പലപ്പോഴും ദൃക്സാക്ഷിയായത് കൊണ്ടായിരിക്കണം വിശപ്പുമായി ബന്ധപ്പെട്ട് എന്ത് പ്രയാസങ്ങൾ കേൾക്കുമ്പോഴും മനസ്സ് പിടക്കും.
സഹൃദയങ്ങളേ ഈ വിശുദ്ധ ദിനരാത്രങ്ങളിൽ നമ്മുടെ ചുറ്റുപാടുമൊന്ന് കണ്ണോടിക്കുക.
പ്രതീക്ഷയോടെ നമ്മുടെ മുഖത്തേക്ക് ഉറ്റുനോക്കുന്ന ആയിരങ്ങളെ കാണാം. അവരിൽ റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളടക്കം കേരളത്തിനകത്തും പുറത്തുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ പുറത്തിറങ്ങാനാകാതെ ജീവിതം വഴിമുട്ടി നിൽക്കുന്നവരുണ്ട്. ജോലി നഷ്ടപ്പെട്ട് കുടുംബം പുലർത്താൻ മാർഗം തിരയുന്നവരുണ്ട്. അഭിമാനത്തിന് ക്ഷതമേൽക്കുന്നതോർത്ത് നിശബ്ദമായി നമ്മുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നവരുണ്ട്.
ഉടമയായ അല്ലാഹു സർവതും അടിമകളായ നമുക്ക് വേണ്ടി തുറന്നുവെച്ച ഈ വിശുദ്ധ മാസത്തിൽ ആ ഉടമയുടെ അടിമയാണ് ഞാനെന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സാധിക്കണം നമുക്ക്. ഇത്തരക്കാർക്കെല്ലാം തന്നാലാവും വിധം അത്താണിയാകണം.
വിശുദ്ധ റമസാൻ ഒരാത്മീയ പരിശീലന കളരി കൂടിയാണ്. സ്വയം ആത്മീയ പുരോഗതി കൈവരിക്കുന്നതോടൊപ്പം തന്നെ നമ്മുടെ സന്താനങ്ങളെയും ഇഷ്ട ജനങ്ങളെയും കൂടെ ആത്മീയമായി പരിവർത്തിപ്പിക്കാൻ സാധിക്കണം.
റമസാനിനെ കുറിച്ചോർക്കുമ്പോഴെല്ലാം ആദ്യം ഓർമയിലേക്ക് വരാറുള്ളത് ഉപ്പയുടെ ചിത്രമാണ്. അത്താഴം മുതൽ അടുത്ത രാത്രി കിടക്കപ്പായയിലേക്ക് എത്തുന്നത് വരെ കൃത്യമായി ഉപ്പയുടെ ശിക്ഷണമുണ്ടായിരുന്നു. സുബ്ഹിക്ക് മുമ്പും മഗ്‌രിബിനും ഉപ്പ ഇസ്തിഗ്ഫാറ് ചൊല്ലിപ്പിക്കുമായിരുന്നു. വേഗത്തിലും സൂക്ഷ്മതയോടെയും ഖത്മ് തീർക്കാൻ പ്രേരിപ്പിക്കുകയും അതിന് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.
റമസാനിലെ ഓരോ വൈകുന്നേരങ്ങളും സിയാറത്തിന്റെ ആത്മീയ അനുഭൂതിയിലായിരുന്നു.
കരുവൻതിരുത്തിയിലും പരിസരങ്ങളിലുമുള്ള ഉപ്പാപ്പമാരുടെയും മശാഇഖന്മാരുടെയും ഖബറുകൾ സ്ഥിരമായി സിയാറത്ത് ചെയ്യുമായിരുന്നു. ഒറ്റപ്പെട്ട രാവുകളിലെല്ലാം അദ്കാറുകളിലും ഇബാദത്തുകളിലുമായി പുലരുവോളം ഉണർന്നിരിക്കാൻ ഉപ്പ ശീലിപ്പിച്ചതാണ്.
പ്രിയപ്പെട്ടവരെ റമസാനൊരു ഖനിയാണ്. കൃത്യമായി ഖനനം ചെയ്തെടുക്കാൻ സാധിക്കണം. വെറുതെ ഒരുപാട് അധ്വാനിച്ചത് കൊണ്ട് കാര്യമില്ല.
സ്വർണമുള്ള സ്ഥലം കൃത്യമായി മനസ്സിലാക്കി ഖനനം ചെയ്യണമല്ലോ. അതുകൊണ്ട് പുറംപൂച്ച് കാണിച്ച് വെറും പട്ടിണി കിടക്കലാകരുത് നമ്മുടെ റമസാൻ.