Connect with us

Religion

27-ാം രാവിലെ ആദ്യ നോമ്പ്

Published

|

Last Updated

27-ാം രാവിലെ ആദ്യ നോമ്പ്
റജബ് മാസമുദിച്ചാല്‍ തന്നെ വിശുദ്ധ റമസാനിന്റെ ആഗമനമറിയിച്ച് എല്ലാവരും ആവേശത്തിമര്‍പ്പിലാണ്. ആരാധനകളധികരിപ്പിച്ചാണ് അന്ന് ഈ സന്തോഷങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.

ശഅ്ബാന്‍ 15ന് ബറാഅത്ത് നോമ്പ് കഴിയുന്നതോടെ നോമ്പിനെ സ്വീകരിക്കാനുള്ള പുറം മിനുക്കലുകളിലായിരിക്കും വിശ്വാസികളുടെ ശ്രദ്ധ. വീട്ടിലെ തുണിത്തരങ്ങളെല്ലാം പെറുക്കി ഓലപ്പായയില്‍ പൊതിഞ്ഞ് കെട്ടി ആറ്റില്‍ പോയി കഴുകിയെടുക്കും. അന്ന് അലക്കാനും കഴുകാനുമൊക്കെ ആശ്രയിച്ചിരുന്നത് കുളത്തെയോ തോടുകളെയോ ആയിരുന്നു. വീടിന്റെ ഉള്ളും പുറവും അടിച്ചുകൊട്ടി, മാറാല തട്ടി, കഴുകി വൃത്തിയാക്കും. വീട്ടിലെ എല്ലാ വസ്തുക്കളും കഴുകി വൃത്തിയാക്കും. വീടിന്റെ പഴയ ഓലയിറക്കി പുതിയത് മേയുന്നവരും ചുവരില്‍ കുമ്മായം പൂശുന്നവരുമൊക്കെ ഉണ്ടായിരുന്നു.
ആറാം വയസ്സില്‍ മദ്‌റസയില്‍ പോകുന്ന കാലത്ത് ഒരു 27-ാം രാവിന്റെ പകലിലാണ് ആദ്യമായി നോമ്പ് നോല്‍ക്കുന്നത്.

അന്നത്തെ ഒരു രീതി അങ്ങനെയായിരുന്നു. ചെറിയ കുട്ടികളൊക്കെ നോമ്പ് നോറ്റ് തുടങ്ങുന്നത് ഈ പകലിലായിക്കും. പ്രായമെത്തിയാല്‍ കുട്ടികളെ കൊണ്ട് നോമ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാണ്.
കുട്ടികള്‍ക്ക് നോമ്പനുഷ്ഠിക്കാന്‍ വലിയ ആവേശവുമാണ്. ആദ്യ നോമ്പ് തുറന്നതിന്റെ സന്തോഷം ഇപ്പോഴും ഓര്‍മയിലുണ്ട്. ഏവരുടെയും ജീവിതത്തില്‍ എപ്പോഴും ഓര്‍ത്തിരിക്കാവുന്ന ഒരു അനുഭവമാണത്.പട്ടിണിയായാലും നോമ്പ് കാലമായാല്‍ അടുക്കളകള്‍ കിട്ടാവുന്ന വിഭവങ്ങളെ കൊണ്ട് സമൃദ്ധമാകും. നോമ്പ് സത്കാരങ്ങളും കഴിയുംവിധം എല്ലാ വീടുകളിലും സംഘടിപ്പിക്കും.

ആള്‍ക്കൂട്ടങ്ങളില്ലെങ്കിലും അയല്‍പക്കങ്ങളില്‍ നിന്നൊക്കെ ആളുകളെ ക്ഷണിക്കും. പള്ളിയിലെ ഉസ്താദും മൊല്ലാക്കയുമുണ്ടാകും. അന്നുണ്ടായിരുന്നതില്‍ വെച്ച് മുന്തിയ വിഭവങ്ങളാണൊരുക്കിയിരുന്നത്.
തരിക്കഞ്ഞി അന്നത്തെ മുഖ്യ നോമ്പ് തുറക്കൂട്ടായിരുന്നു. പത്തിരിയും ഇറച്ചിക്കറിയും പച്ചരിയിട്ട് വറ്റിച്ചെടുത്ത നെയ്‌ച്ചോറുമൊക്കെയായിരുന്നു സ്‌പെഷ്യലുകള്‍. പിന്നെ സത്കാരങ്ങളില്‍ ചക്കരച്ചായക്ക് പകരം പഞ്ചസാര ചായയുമുണ്ടാകും. വലിയ പുണ്യം പ്രതീക്ഷിച്ചിട്ടാണ് ഇല്ലായ്മയുടെ കാലത്തും വിശ്വാസികള്‍ ഇത്ര ആവേശത്തോടെ ഇത്തരം സത്കാരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അന്ന് റമസാന്‍ 30 വരെ എല്ലാ രാത്രികളിലും പാതിരാ വഅളുകളുണ്ടാകും. താറാവീഹ് നിസ്‌കരിച്ച് ആരംഭിക്കുന്ന വഅള് അത്താഴ സമയം വരെ നീളുന്നതായിരിക്കും. ഉറച്ച ദീനീ ബോധത്തില്‍ അന്ന് ആളുകളെ പിടിച്ചുറപ്പിച്ചിരുന്നത് പാതിരാ വഅളുകളായിരുന്നു.

ഡിജിറ്റല്‍വത്കരിച്ച പുതിയ കാലത്ത് ഇത്തരം പരമ്പര വഅളുകളും പ്രഭാഷണങ്ങളും നമുക്ക് നഷ്ടക്കഥകള്‍ മാത്രമായിരിക്കുന്നു. നോമ്പുകാലത്തെ രണ്ട് വിശേഷ ദിവസങ്ങളാണ് ബദ്‌രീങ്ങളുടെ ആണ്ടും 27-ാം രാവും. മിക്ക മഹല്ലുകളിലും ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ചകള്‍ നടക്കും.
പുരുഷന്‍മാര്‍ പള്ളികളിലൊരുമിച്ച് കൂടി മൗലിദും ഖുര്‍ആനുമോതും. സ്ത്രീകളും കുട്ടികളും വീടുകളിലിരുന്ന് ബദ്‌റ് മൗലിദും അസ്മാഉല്‍ ബദ്‌റും ചൊല്ലും. ചീരണികള്‍ വിതരണം ചെയ്യും. ഖുര്‍ആനിന്റെ മാസമാണ് റമസാന്‍. ഖുര്‍ആന്‍ വളരെ വ്യക്തമായി ഇത് പറയുന്നുണ്ട്. ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കാന്‍ നമ്മള്‍ ഉത്സാഹിക്കണം.
തജ്‌വീദും ഖിറാഅത്തും പഠിക്കണം. ചുരുങ്ങിയത് രണ്ട് ഖത്‌മെങ്കിലും ഈ പുണ്യമാസത്തില്‍ ഓതിത്തീര്‍ക്കണം. ചെറിയ കുട്ടികളെ മദ്‌റസകളും മറ്റും കേന്ദ്രീകരിച്ച് നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസുകളില്‍ നിര്‍ബന്ധ ബുദ്ധിയോടെ എത്തിക്കണം.

ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഇന്നത്തേക്കാളേറേ വ്യാപകമായി ഹിസ്‌ബോത്ത് നടന്നിരുന്നു. കുട്ടികള്‍ക്ക് പുറമേ മുതിര്‍ന്നവരും പങ്കെടുത്തിരുന്നു. അതൊരു സംസ്‌കാരമായി വളര്‍ന്ന് വന്നിരുന്നു.
തയ്യാറാക്കിയത്
ഹമീദ് തിരൂരങ്ങാടി

പ്രിന്‍സിപ്പല്‍ ഇമാം ബുഖാരി ദഅവാ കോളേജ്, കൊണ്ടോട്ടി

Latest