Connect with us

Articles

ഹൃദയത്തിനും വേണം ‘നനച്ചുളി'

Published

|

Last Updated

വിശുദ്ധ റമസാനിലെത്താനും സു കൃതങ്ങള്‍ ഒരല്‍പ്പമെങ്കിലും ചെയ്യാനും അവസരം ലഭിച്ചവരാണ് നാം, അല്‍ഹംദുലില്ലാഹ്. പകല്‍ മുഴുവന്‍ വ്രതം അനുഷ്ഠിച്ച് രാത്രിയില്‍ തറാവീഹുള്‍പ്പെടെ സുന്നത്ത് നിസ്‌കാരങ്ങള്‍ വര്‍ധിപ്പിച്ച് ദാനധര്‍മങ്ങളും ഇഅ്തികാഫുമൊക്കെയായി റബ്ബിന്റെ തൃപ്തി നേടിയെടുക്കാന്‍ വിശ്വാസികള്‍ സജ്ജമാകുന്ന ദിനരാത്രങ്ങളാണിത്.

“നനച്ചുളി” എന്ന പേരില്‍ റമസാനിന് മുന്നോടിയായുള്ള ബാഹ്യമായ ശുചീകരണവും ഒരുങ്ങലും ഉള്‍പ്പെടെ നമ്മുടെ പൂര്‍വീകര്‍ കാണിച്ചു തന്ന ഉത്തമമായ മാതൃകകള്‍ പിന്‍പറ്റിയാണ് നാം വിശുദ്ധ മാസത്തെ വരവേറ്റത്. ഇനി മാസം അര്‍ഹിക്കുന്ന വിധത്തില്‍ കഴിവിന്റെ പരമാവധി സ്വീകരിച്ച് സത്കരിച്ച് യാത്രയാക്കുകയാണ് വേണ്ടത്. നല്ല പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് അവ നിത്യ ജീവിതത്തില്‍ നിലനിര്‍ത്താനും തെറ്റുകളില്‍ നിന്ന് വിട്ടുനിന്ന് ഇനിയൊരു മടക്കം ഇല്ലെന്ന ദൃഢനിശ്ചയത്തിലേക്ക് എത്താനും നമുക്ക് സാധിക്കണം.

അത്തരത്തില്‍ നല്ല മനസ്സോടെ മുന്നോട്ട് വരുന്ന ഒരുപാട് ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. തലമുടി വൃത്തിയായി വെട്ടി, നഗ്നത മറയുന്ന നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച്, തല മറച്ച് പള്ളിയില്‍ വരുന്നവരാണ് അവര്‍. തുടര്‍ന്നുള്ള നോമ്പ് തുറ പരിപാടിയിലും ബദ്്ർ അനുസ്മരണ സമയത്തുമെല്ലാം സജീവമായി നില്‍ക്കുന്ന ഈ യുവാക്കള്‍ പള്ളികളില്‍ നടക്കുന്ന ഇഅ്തികാഫ് ജല്‍സയിലും വിജ്ഞാന സദസ്സുകളിലുമെല്ലാം പങ്കെടുക്കുന്നവരായിരിക്കും. ഇതെല്ലാം വലിയ ആശ്വാസമാണ്, പ്രതീക്ഷയാണ്. അവരുടെ വിശ്വാസവും കര്‍മവും റബ്ബിന്റെ തൃപ്തി നേടിയെടുക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

യുവാക്കള്‍ അവരുടെ ആ മാറ്റം ജീവിതക്രമത്തിന്റെ ഭാഗമാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. വെറുക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും നിര്‍ബന്ധ കാര്യങ്ങള്‍ മുറപോലെ ചെയ്യാനും അതീവ ശ്രദ്ധ വേണം. ഒപ്പം, പള്ളിയില്‍ വന്ന് തല മറച്ച് ജമാഅത്തായി നിസ്‌കരിക്കാനും അനുബന്ധ കര്‍മങ്ങളില്‍ പൂര്‍ണമായും പങ്കെടുക്കാനും ശ്രമിക്കണം. വിശ്വാസികളുടെ മാറ്റത്തെ, പശ്ചാത്താപത്തെ കേവലം താത്കാലികമായ ഒരു മാറ്റം എന്ന പേരില്‍ പരിഹസിക്കുന്നതും അവരെ അവഗണിക്കുന്നതും വലിയ തെറ്റാണ് എന്ന് മനസ്സിലാക്കുക.

പകരം, മഹല്ലുകളില്‍ യുവ തലമുറക്ക് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന അവസരങ്ങള്‍ ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അവരെ കൂടെ നിര്‍ത്തി നാടിന്റെ ധാര്‍മികമായ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തി നല്ലൊരു തലമുറയുടെ നിര്‍മിതി സാധ്യമാക്കണം. മഹല്ല് കമ്മിറ്റിയുടെ കീഴില്‍ തന്നെ യുവ കൂട്ടായ്മകള്‍ വന്നാല്‍ പണ്ഡിതന്മാരുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമായി അവര്‍ നിലകൊള്ളും. ഒപ്പം, പ്രായമായ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയാത്ത പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
അതോടൊപ്പം, നമ്മുടെ വീട്ടുകാരുടെ നോമ്പ് ദിനരാത്രങ്ങളെ കുറിച്ചും നാം ബോധവാന്മാരാകണം. നോമ്പ് തുറ സത്കാരത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ അവര്‍ അടുക്കളയില്‍ ഇറങ്ങുന്ന സമയം നമ്മള്‍ ക്ഷീണിച്ച് ഒരിടത്തിരിക്കുമ്പോഴാണ്. സാധാരണ ഗതിയില്‍ അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ ഈ സമയത്തെങ്കിലും അവരോടൊപ്പം നില്‍ക്കണം. ഒപ്പം, പുറത്ത് നിന്ന് ആളെ ക്ഷണിച്ച് സത്കാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവരുടെ ജോലിഭാരവും നിസ്‌കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാം ഓര്‍മയില്‍ വേണം.

അന്നപാനീയങ്ങള്‍ ഒഴിവാക്കി ഒരു പകല്‍ മുഴുവന്‍ വ്രതം അനുഷ്ഠിക്കുന്ന നമുക്ക് രണ്ട് സന്തോഷങ്ങള്‍ മുത്ത് നബി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്ന് നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷമാണ്. മുന്‍കാലത്തെ അപേക്ഷിച്ച് വര്‍ത്തമാന സാഹചര്യത്തില്‍ നമ്മുടെ വീടുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉണ്ട് എന്നത് റബ്ബിന്റെ വലിയ അനുഗ്രഹമാണ്. എന്നാല്‍, ഇപ്പോഴും രുചികരമായ അന്നപാനീയങ്ങള്‍ ഉപയോഗിച്ച് നോമ്പ് തുറക്കാന്‍ കഴിയാത്തവര്‍ നമുക്കിടയിലും ചുറ്റുപാടിലും അയല്‍ നാടുകളിലും ധാരാളമുണ്ട് എന്ന സത്യം നാം അറിയാതെ പോകരുത്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നേരിട്ട് എത്തിക്കാന്‍ കഴിയില്ലെങ്കില്‍ അവരുടെ ഒരു നേരത്തെ നോമ്പ് തുറക്ക് വേണ്ടി പരിശ്രമിക്കുന്ന പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. അവരുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നോമ്പ് തുറക്ക് നല്‍കുന്ന ദാനം റബ്ബിന് എത്രയോ പ്രിയപ്പെട്ടതാണെന്ന് നബി വചനങ്ങള്‍ കാണാം.

അങ്ങനെ എല്ലാ അര്‍ഥത്തിലും നല്ലൊരു നോമ്പ് കാലം ആകണമിത്. ഭൗതികമായ ആഘോഷങ്ങളോ ആരവങ്ങളോ വിശ്വാസിയുടെ നിശ്ചയദാര്‍ഢ്യത്തെ ഒരുകാരണവശാലും ബാധിക്കരുത്.

എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി, മർക്കസ് നോളജ് സിറ്റി ഡയറക്ടർ

Latest