Ongoing News
20 പൈസയുടെ കാരക്ക വാങ്ങി നോമ്പുതുറന്ന കാലം
പിതാവ് മരണപ്പെടുമ്പോൾ അഞ്ച് വയസ്സാണ് പ്രായം. പിന്നീട് ഉമ്മയുടെയും സഹോദരന്മാരുടെയും തണലിലാണ് വളർന്നത്. നിസ്‌കാരം, വ്രതാനുഷ്ഠാനം തുടങ്ങിയവയിൽ അതീവ കാർക്കശ്യം പുലർത്തുന്നവരായിരുന്നു മാതാവ്. അഞ്ചാം വയസ്സിൽ തന്നെ നോന്പെടുത്ത് ശീലിച്ചു. ജേഷ്ട സഹോദരൻ അഹമ്മദാബാദിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിൽ വന്നപ്പോൾ രണ്ട് രൂപയുടെ 20 പൈസ കോയിൻ പത്തെണ്ണം നൽകിയിരുന്നു. അതുകൊണ്ട് ഓരോ ദിവസവും നാട്ടിലെ കടയിൽനിന്ന് വാങ്ങിയ കാരക്ക കഷ്ണം കൊണ്ട് നോന്പ് തുറന്നതിന്റെ മാധുര്യം ഇന്നില്ല.
റമസാൻ 12ന് മരണപ്പെട്ട സഹോദരിയുടെ ആണ്ടിന്റെ ഭാഗമായി വിപുലമായ നോന്പ് തുറ വീട്ടിൽ നടക്കാറുള്ളത് ഇപ്പോഴും മധുര സ്മരണകളാണ്. നോമ്പിന്റെ വിഭവങ്ങളൊരുക്കുന്നതിലും ഉമ്മയുടെ ഇടപെടലുണ്ടാകും. വറുതിയുടെ കാലത്ത് എല്ലാ റമസാനിലും കൊളത്തൂരിലെ പൗരപ്രമുഖനും ഉദാരമതിയുമായിരുന്ന വടക്കേതിൽ അബ്ദുൽ ഖാദിർ ഹാജി സമൃദ്ധമായ വിഭവങ്ങൾ തയ്യാറാക്കി റമസാൻ 30 ദിവസവും നാട്ടുകാരെ നോമ്പ് തുറപ്പിച്ചിരുന്നത് ഒട്ടേറെ വിശ്വാസികൾക്ക് അനുഗ്രഹമായിരുന്നു.
അരി പൊടിച്ച് നോമ്പിന് മുമ്പ് തന്നെ വീടുകളിൽ ശേഖരിച്ച് വെക്കും.നോമ്പ് തുറക്ക് നേർമ പത്തിരിയാണ് പ്രധാന വിഭവം. ഇന്ന് റമസാനിലെ ഭക്ഷ്യ ശീലങ്ങൾ മാറിയെങ്കിലും പത്തിരിയും തേങ്ങ അരച്ച കോഴിക്കറിയുമാണ് അന്നത്തെ പ്രധാന വിഭവം. ആളുകൾ കൂടുതലുള്ളതും കുറവുള്ളതുമായ നോന്പ് തുറകളുണ്ടാകും. ഇവർക്കെല്ലാമുളള വിഭവങ്ങൾ അയൽ വാസികളായ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് തയ്യാറാക്കുക. അരക്കാനുള്ള അമ്മി, പത്തിരി തയ്യാറാക്കാനുള്ള പലക, കുഴൽ ഇവയുമായാണ് ഓരോ സ്ത്രീകളും എത്തുക. ആ കൂട്ടായ്മകൾ ഇന്ന് നിലനിർത്തുന്നത് ചുരുക്കം ചിലർ മാത്രം. എല്ലാവരും തന്നിലേക്ക് ചുരുങ്ങുകയാണ്.
റമസാനിൽ മാത്രം രാത്രി കാലങ്ങളിൽ മതപ്രഭാഷണങ്ങളുണ്ടാകും. തറാവീഹ് കഴിഞ്ഞ് പള്ളിയിൽ നിന്ന് പുരുഷൻമാർ വീട്ടിലെത്തി മുത്താഴം കഴിച്ച ശേഷം വീട്ടുകാരെയും കൂട്ടിയാണ് വഅളിന് വരാറുള്ളത്. മൗലായ നീട്ടിച്ചൊല്ലി ബുർദ ചൊല്ലിയ ശേഷം ഏകദേശം 11 മണിയോടെ ആരംഭിക്കുന്ന പരിപാടി അത്താഴത്തിന് കണക്കാക്കിയാണ് നിര്‍ത്താറുള്ളത്. ഇത് അന്ന് നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു.
ഇന്നിപ്പോൾ അത് ഓർക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് പുതു തലമുറ. വഅള് പരമ്പരകൾ എന്ന പേരിൽ നടക്കുന്ന ഈ പരിപാടികൾ മുഖേന പളളികളുടേയും മദ്‌റസകളുടേയും നിർമാണവും പുനരുദ്ധാരണവും സാധ്യമാകുമായിരുന്നു. ഇത്തരം മതപ്രഭാഷണ പരമ്പരകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് പൂർവീകർ പഴയകാലത്ത് പള്ളികളും മദ്്റസകളും കെട്ടിയുയർത്തിയത്.
പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർക്കുന്നതാണ് വിദേശങ്ങളിലെ ഇഫ്താർ വിരുന്നുകൾ.
സ്വദേശികളും വിവിധ ദേശക്കാരും വ്യത്യസ്ത ഭാഷക്കാരും ഒന്നിച്ചിരുന്ന് ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്ന ഇഫ്താറുകൾ പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. 25 വർഷക്കാലമായി എല്ലാ റമസാനിലും യു എ ഇയിൽ എത്തുമ്പോഴും ഈ സാഹോദര്യം തിരിച്ചറിയാൻ സാധിച്ചു. ശൈഖ് സായിദിന്റെ മഖ്ബറ ഉൾക്കൊള്ളുന്ന അബൂദാബി വലിയ മസ്ജിദിലെ നോമ്പ്തുറ ഹൃദ്യമായ അനുഭവമാണ്. ആയിരങ്ങൾക്കാണ് ദിവസവും അവിടെ ഇഫ്താർ ഒരുക്കുന്നത്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള ആ നോമ്പു തുറയിൽ സന്തോഷത്തോടെയാണ് വിവിധ രാജ്യക്കാർ ഒരുമിച്ച് കൂടുന്നത്.
വിശുദ്ധ റമസാനിനെ വരവേൽക്കാനുള്ള പ്രവാസി സഹോദരങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ മനസ്സിൽ നിന്ന് മായാത്ത ഓർമകളാണ്. മണിക്കൂറുകൾ നീളുന്ന ജോലി പൂർത്തിയാക്കി അവരവരുടെ റൂമുകളിലെത്തി ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിൽ മത്സരിക്കുകയാണ് ഓരോരുത്തരും. അതിഥികളായി എത്തുന്നവരെ നോമ്പ് തുറപ്പിക്കുന്നത് സന്തോഷ അവസരമായാണ് പ്രവാസികൾ കാണുന്നത്.
തയ്യാറാക്കിയത്:
മുജീബ് റഹ്മാൻ വെങ്ങാട്