Covid19
കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍, ഇന്ത്യൻ യാത്ര ഒഴിവാക്കണമെന്ന് യു എസ്
ഇംഗ്ലണ്ട് | കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഏപ്രില്‍ 23 വെള്ളിയാഴ്ച മുതല്‍ ഇത് നിലവില്‍ വരും. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമുണ്ടാകും.
അതേസമയം, ബ്രിട്ടീഷ്/ ഐറിഷ് പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടീഷ് താമസ വിസയുള്ളവര്‍ക്കും പ്രവേശനമുണ്ടാകും. ഇവര്‍ പത്ത് ദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയണം. ബ്രിട്ടനില്‍ കൊവിഡിന്റെ ഇന്ത്യാ വകഭേദം 103 പേരില്‍ കണ്ടെത്തിയതായും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
ബി.1.617 എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വകഭേദം അധികവും അന്താരാഷ്ട്ര യാത്രക്കാരിലാണ് കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയവരിലെ സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ വാക്സിൻ എടുക്കണമെന്നും യു എസ് പൊതു ആരോഗ്യ ഏജൻസി അറിയിച്ചു. കൊവിഡ് വ്യാപനം വളരെ ഉയർന്ന നിലയിലുള്ള ഹൈയസ്റ്റ് ലെവൽ 4 വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്.