Covid19
കേരളത്തിൽ രണ്ട് ഡോസ് വാക്‌സീനെടുത്തവർക്കും കൊവിഡ് ബാധയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രണ്ട് ഡോസ് വാക്‌സീനേഷൻ സ്വീകരിച്ചവരിലും വൈറസ് പടരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇത് കണക്കിലെടുത്ത് കൂടുതൽ വേഗത്തിൽ പടരുന്ന വൈറസ് കേരളത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിനോട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഈ മാസം 21, 22 തീയതികളിൽ മൂന്ന് ലക്ഷം പേർക്ക് കൊവിഡ് ടെസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടാമത്തെ മാസ് ടെസ്റ്റിംഗ് ക്യാമ്പയിൻ നടത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു.
കൊവിഡ് രോഗികളുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട നിലവിലെ നയം ചർച്ച ചെയ്ത് മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജൻ, ടെസ്റ്റിംഗ് സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് കേരളത്തിലുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ ലഭിച്ച കേസ് യോഗത്തിൽ ചർച്ച ചെയ്തു. അന്നേ ദിവസം ആഘോഷങ്ങളോ ആളുകളുടെ തിരക്കുകളോ അനുവദിക്കരുതെന്ന് യോഗം തീരുമാനിച്ചു.