Connect with us

Kannur

കെ എം ഷാജിയുടെ വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ പി ഡബ്ല്യു ഡിക്ക് വിജിലന്‍സിന്റെ നോട്ടീസ്

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എയുടെ വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പി(പി ഡബ്ല്യു ഡി)ന് നോട്ടീസ് നല്‍കി വിജിലന്‍സ്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.

ഒരാഴ്ചക്കുള്ളിൽ വീടുകള്‍ അളക്കാന്‍ പി ഡബ്ല്യു ഡി എന്‍ജിനീയര്‍മാര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. നേരത്തേ, കോഴിക്കോട് കോര്‍പറേഷന്‍ ഷാജിയുടെ മാലൂര്‍കുന്നിലെ വീട് അളക്കുകയും അനധികൃതമായി നിര്‍മിച്ച ഭാഗം പൊളിച്ചുകളയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

നേരത്തേ ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ച അരക്കോടിയോളം രൂപയും സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നു. മറ്റ് രേഖകളും കണ്ടെടുത്തു. ഇതിന് ശേഷം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പണത്തിന്റെ രേഖ സമര്‍പ്പിക്കാന്‍ ഷാജി ഒരാഴ്ച സമയം ചോദിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമയം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസമാണുള്ളത്. രേഖകൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞാലും ചോദ്യം ചെയ്യലും തുടർ നടപടികളുമുണ്ടാകും.

കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ എം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി കെ എം ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.