Connect with us

Ramzan

പ്രകടനപരതയും കപട നാട്യങ്ങളും

Published

|

Last Updated

സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലൈക്കുകൾ ലഭിക്കുന്നതും പോസ്റ്റുകൾ പ്രചരിക്കുന്നതും നമുക്ക് ഇഷ്ടമാണ്. നാം കുറിച്ച ആശയങ്ങൾ സമൂഹം അംഗീകരിച്ചത് കൊണ്ടാണ് അവരത് ഏറ്റെടുക്കുന്നതും ഷെയർ ചെയ്യുന്നതും. പോസ്റ്റുകൾക്ക് ലഭിക്കുന്ന അനുകൂല കമന്റുകൾ നമുക്ക് ഊർജം പകരുമെങ്കിലും പ്രതികൂലമായവയോട് പൊതുവേ സംതൃപ്തി തോന്നാറില്ല. എന്നാൽ, പോസ്റ്റുകൾക്കും ട്വീറ്റുകൾക്കുമെന്ന പോലെ സത്കർമങ്ങൾക്ക് പ്രശംസയും പൊതുജനാംഗീകാരവും ലഭിക്കണമെന്നാഗ്രഹിക്കരുത്. അത് നിഷിദ്ധമാണ്.

ദാനധർമങ്ങൾ, സഹായങ്ങൾ, പൊതുജന സേവനങ്ങൾ, ജനോപകാര പ്രവർത്തനങ്ങൾ എന്നിവ പൊതുജനശ്രദ്ധ നേടുന്നതിനായി ചെയ്യുന്നതും സ്വന്തം ബാധ്യതയാണെന്ന ബോധ്യത്തോടെ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് നിർവഹിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആത്മാർഥമായി ചെയ്യുന്നതിന് മാത്രമേ അവൻ പ്രതിഫലം നൽകുകയുള്ളൂ. അല്ലാത്തതിന് ലഭ്യമായ ജനപ്രീതിയും പ്രശസ്തിയും മാത്രം ബാക്കിയാകും. സമൂഹത്തിന് ഗുണം ലഭിക്കുന്ന നന്മയുടെയും മറ്റൊരാൾക്ക് ഉപകരിക്കുന്ന സത്കർമങ്ങളുടെയും കാര്യമാണിത്. അതേസമയം, വിശ്വാസി നിർബന്ധമായി ചെയ്യേണ്ട ആരാധനാ കർമങ്ങളിൽ കപടനാട്യങ്ങളൊരിക്കലും ഉണ്ടായിക്കൂടാ.

അല്ലാഹുവിന് സമർപ്പിക്കുന്ന ആരാധനയിലൂടെ ജനങ്ങളുടെ പ്രശംസ പ്രതീക്ഷിക്കൽ, ആരാധനയിലൂടെ അല്ലാഹുവിനെ കൂടാതെ മറ്റൊന്നിനെയും കൂടെ ലക്ഷ്യമാക്കലാണ്. ആരാധനയിൽ പങ്കുകാരെ ചേർക്കുന്ന മഹാ പാതകത്തിന്റെ ചെറിയ രീതിയാണിതെന്നാണ് തിരുനബി (സ) പ്രസ്താവിച്ചത്. ആരാധനയിൽ മറ്റൊരുത്തനെ രഹസ്യമായി പങ്കുചേർക്കൽ കരുതിയിരിക്കണമെന്ന് പറഞ്ഞപ്പോൾ അനുചരരിൽ ചിലർ അതെന്താണെന്ന് ചോദിച്ചു. അതിന് അവിടുന്ന് നൽകിയ മറുപടി ശ്രദ്ധിക്കുക. “ഒരാൾ നിസ്‌കരിക്കാൻ നിൽക്കുന്നു. ജനങ്ങളെ കാണിക്കാനായി പണിപ്പെട്ട് നിസ്‌കാരം ഭംഗിയാക്കുകയും ചെയ്യുന്നു. ഇതാണ് രഹസ്യമായി ആരാധനയിൽ മറ്റൊരുത്തനെ പങ്കാളിയാക്കുക എന്നത് കൊണ്ടർഥമാക്കുന്നത്.”

ജനങ്ങൾ പണ്ഡിതനെന്ന് വിളിക്കാനായി പാണ്ഡിത്യം നേടുന്നവനും ഓത്തുകാരനെന്ന് പറയാനായി ഖുർആൻ പാരായണം ചെയ്യുന്നവനും ധർമിഷ്ടനായി അറിയപ്പെടാൻ വേണ്ടി ദാനധർമങ്ങൾ ചെയ്യുന്നവനും ശക്തമായ നരക ശിക്ഷയുണ്ടെന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു.മനുഷ്യരുടെ പ്രശംസയും പ്രകീർത്തനങ്ങളും നോക്കിയല്ല ആരാധനാ കർമങ്ങൾ സ്വീകരിക്കപ്പെടുന്നതും അവക്കുള്ള പ്രതിഫലത്തിന്റെ തോത് കണക്കാക്കുന്നതും. ഏകനായ അല്ലാഹുവിന്റെ പ്രീതിക്കായി അവനുവേണ്ടി മാത്രം സമർപ്പിക്കുന്പോഴാണ്.