Connect with us

Ramzan

സാന്ത്വന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക

Published

|

Last Updated

ഒരു ധാന്യമണി. അത് ഏഴ് കതിരുകൾ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് വീതം ധാന്യമണികൾ!.” അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നവരുടെ ഉപമയായി ഖുർആൻ പറഞ്ഞതാണിത്. ശേഷം ഒന്ന് കൂടി പറയുന്നുണ്ട്. “അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ ഇരട്ടിയായി നൽകും. അവൻ വിശാലത ചെയ്യുന്നവനും എല്ലാം അറിയുന്നവനുമാണ്”. (സൂറത്തുൽ ബഖറ-261)
സമ്പത്ത് അല്ലാഹുവിന്റെ വരദാനമാണ്. അത് നല്ല നിലയിൽ വിനിയോഗിക്കാനായി ഖുർആനിലൂടെ എത്രയോ തവണ അല്ലാഹു ഉദ്‌ഘോഷിക്കുന്നുണ്ട്. അവിടെയെല്ലാം അല്ലാഹു പറയുന്നത്. നാം അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുക എന്നാണ്. സമ്പത്ത് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹം തന്നെയാണ്. അതിന്റെ അവകാശികൾ നാം മാത്രമല്ല; സമൂഹത്തിൽ പലരുമുണ്ട്. അവർക്കും കൂടെയുള്ളതാണ് നമ്മുടെ സമ്പത്ത്.

ആരോഗ്യത്തോടെ അധ്വാനിച്ച് സസന്തോഷം കുടുംബം പോറ്റി ജീവിച്ച പലരും ഇന്ന് ശയ്യാവലംബരാണ്. മാരക രോഗത്തിനടിപ്പെട്ടും അപകടങ്ങൾ പറ്റിയും നടക്കാനും നിൽക്കാനും നേരാവണ്ണം എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത വിധം തളർന്ന് പോയവർ. അവർക്കും ആശ്രിതരുണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമായി കഴിയുന്ന കുഞ്ഞിളം മക്കൾ, വിദ്യാർഥികൾ, വിവാഹപ്രായമെത്തിയ യുവതികൾ ഇങ്ങനെ നീളുന്നു അത്. പലയിടത്തും വാർധക്യം ബാധിച്ച മാതാപിതാക്കളെയും കാണാം. കണ്ണുനീരും കരച്ചിലുമായി കഴിയുന്ന കുടിലുകളിലേക്കെല്ലാം നമ്മുടെ കാരുണ്യ കൈകൾ നീളണം. വേദനകളും യാതനകളും പുറത്തറിയിക്കാത്ത വീടുകൾ പ്രത്യേകം ശ്രദ്ധിക്കണം.

ആരുമില്ലാത്ത രോഗികളെ കണ്ടിട്ടില്ലേ. ശുശ്രൂഷിക്കാനും സാന്ത്വനപ്പെടുത്താനും ഉറ്റവരില്ലാതെയും ആശുപത്രിക്കിടക്കയിൽ കൂട്ടിരിപ്പുകാരില്ലാതെയും കഴിയുന്നവർ. അവരും നമ്മെ പോലെ അരോഗ ദൃഢഗാത്രരായിരുന്നു. ഇന്ന് കിടപ്പാണെന്ന് മാത്രം. നിരാലംബരുടെ കണ്ണീർച്ചാലുകളിൽ സാന്ത്വനത്തിന്റെ കൈലേസുമായെത്തണം. ആശ്വാസ വാക്കുകൾ കൊണ്ടവർക്ക് തണുപ്പേകണം. അന്നവും മരുന്നും കൊടുത്തവർക്ക് കൂട്ടാകണം. മനുഷ്യൻ എത്ര നിസ്സാരനാണെന്നും നിന്ദ്യനാണെന്നും അല്ലാഹുവിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണീ ജീവിതം മുന്നോട്ട് പോകുന്നതെന്നുമുള്ള തിരിച്ചറിവിനും കൂടെ നല്ലതാണത്.
നിർധന രോഗികൾക്കും സാധുക്കൾക്കും തുണയാകാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പരിസരത്ത് അവർക്ക് താങ്ങാകുന്ന സന്നദ്ധ പ്രവർത്തകരുണ്ട്. അവരുടെ കരങ്ങൾക്ക് കരുത്ത് പകരുക. പിന്തുണയും പ്രോത്സാഹനങ്ങളും നൽകുക. സാധുജന സേവനത്തിനായി അകമഴിഞ്ഞ് സഹായിക്കുക.

നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾ നാം നിറവേറ്റിയാൽ അല്ലാഹു നമ്മുടേതും നിറവേറ്റിത്തരും. ഒരാളുടെ ഐഹിക ജീവിതത്തിലെ പ്രയാസം നാം പരിഹരിച്ചു കൊടുത്താൽ അല്ലാഹു നമുക്ക് അന്ത്യദിനത്തിലെ പ്രയാസം പരിഹരിച്ചു തരും. ഇത് നബി(സ)യുടെ ഉറപ്പാണ്.