Connect with us

Ramzan

ഇനി പാപവിമോചനത്തിന്റെ ദിനരാത്രങ്ങൾ

Published

|

Last Updated

ഒരിക്കലും പാപം ചെയ്യാത്ത മനുഷ്യരുണ്ടാകുമോ. ഇല്ല; സാധാരണ മനുഷ്യരെല്ലാം തെറ്റുകൾ പ്രവർത്തിക്കുന്നവരാണ്. സൃഷ്ടികളോടായാലും സ്രഷ്ടാവിനോടിയാലും മനുഷ്യരിൽ നിന്ന് നന്ദികേടുകൾ വന്ന് പോകും. സ്വാഭാവികമാണ്. പക്ഷേ, ഒരിക്കലും പ്രവർത്തിക്കാൻ പാടില്ലാത്തതാണ് എന്നതിനാൽ തെറ്റിൽ നിന്നകന്ന് കഴിയൽ എല്ലാവർക്കും നിർബന്ധമാണ്.
കുന്നോളം തിന്മകൾ ചെയ്താലും ഒരു സങ്കോചവുമില്ലാത്ത മനഃസ്ഥിതി അപകടകരമാണ്. തെറ്റുകൾ പ്രവർത്തിക്കുന്നതിൽ അസ്വസ്ഥനാകുന്നത് യഥാർഥ വിശ്വാസികളുടെ അടയാളമാണ്. “ചെയ്ത നന്മകളിൽ സന്തോഷിക്കുകയും തിന്മകളിൽ ദുഃഖം തോന്നുകയും ചെയ്യുന്നവനാണ് നല്ല വിശാസി” (തുർമുദി)
പാപമുക്തി തേടുന്ന അടിമകളെ അല്ലാഹുവിനിഷ്ടമാണ്. അവർക്കവൻ പൊറുത്ത് നൽകുകയും ചെയ്യും. അവനോളം വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പേകുന്നവനും വേറെയില്ല. പരിശുദ്ധ റമസാനിലെ മൂന്നിലൊരു ഭാഗം തന്നെ പാപമോചനത്തിന് വേണ്ടി പ്രത്യേകം നിശ്ചയിച്ച ദിവസങ്ങളാണ്. ഇന്ന് മുതലുള്ള പത്ത് രാപകലുകളാണത്. എത്ര വലിയതാണെങ്കിലും നാഥനോട് കരഞ്ഞപേക്ഷിച്ച് പാപക്കറകൾ കഴുകിക്കളയണം. അവസരം നഷ്ടപ്പെടുത്തരുത്.

അല്ലാഹുവിന്റെ കൽപ്പനകൾ ലംഘിച്ചും അവൻ വിരോധിച്ചവ പ്രവർത്തിച്ചും മനുഷ്യർ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് കണക്കില്ല. എന്നിട്ടും അവനിലേക്ക് കൈകളുയർത്തി ക്ഷമാപണം നടത്താൻ അവൻ അവസരം തരുന്നു. ഈ അവസരവും ഉപയോഗപ്പെടുത്താത്തവർ എത്രമാത്രം നിന്ദ്യനും അധമനുമാണെന്നോർത്ത് നോക്കൂ…
“ലോക രക്ഷിതാവേ, എന്റെ പാപങ്ങൾ പൊറുക്കേണമേ… എന്ന പ്രാർഥനകളാണിനി പതിവാക്കാനായി തിരുനബി കൽപ്പിച്ചത്. ആത്മാർഥത കൈവിടാതെ അത് ചൊല്ലിക്കൊണ്ടിരിക്കണം.

പാപ മുക്തി നേടാതെ റമസാനിനെ യാത്രയാക്കരുത്. അത് തീരാ നഷ്ടമാണെന്ന് മാത്രമല്ല, അത്തരക്കാർക്ക് ശാപം ഭവിക്കുമെന്നുറപ്പുമാണ്. ഒരിക്കൽ മലക്കുകളുടെ നേതാവായ ജിബ്‌രീലി(അ)ന്റെ പ്രാർഥനക്ക് നബി (സ) ആമീൻ പറയുകയുണ്ടായി. റമസാൻ കടന്നുവന്നിട്ട് പാപം പൊറുപ്പിക്കാത്തവന് അല്ലാഹുവിന്റെ ശാപം ഭവിക്കട്ടേ എന്നായിരുന്നു ആ പ്രാർഥന.

പാപ മോചനം നടത്തുന്നവർക്ക് വേറെയും പ്രതിഫലങ്ങൾ ലഭിക്കുമെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം. ഇബ്‌നു അബ്ബാസി (റ)ൽ നിന്ന് മുസ്‌നദ് അഹ്‌മദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ) പറയുന്നു: പൊറുക്കൽ തേടുന്നത് പതിവാക്കിയാൽ എല്ലാ ജീവിത ക്ലേശത്തിൽ നിന്നും വിഷമത്തിൽ നിന്നും മോചനം ലഭിക്കും. പ്രതീക്ഷിക്കാത്ത വിധത്തിൽ സന്തോഷം അല്ലാഹു അവന് ചൊരിഞ്ഞ് കൊടുക്കുകയും ചെയ്യും.

Latest