Articles
ആത്മനിർവൃതിയടയാൻ
ഇസ്‌ലാമിക ചരിത്രത്തിൽ അതുല്യമായ പദവി അലങ്കരിക്കുന്ന മാസമാണ് വിശുദ്ധ റമസാൻ. കൊവിഡ് മഹാമാരിയിൽ ചില നിയന്ത്രണങ്ങൾക്ക് ഈ റമസാൻ വിധേയപ്പെടുന്നുവെങ്കിലും കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ റമസാനിനേക്കാളും ഇത്തവണ കൂടുതൽ ആരാധനകൾക്ക് സൗകര്യപ്രദമാണെന്നതിൽ നമുക്ക് ആശ്വസിക്കാം. ആത്മഹർഷത്തിന്റെയും ആത്മസംസ്കരണത്തിന്റെയും നിറസാഫല്യമായ ഈ മാസം സത്പ്രവർത്തനങ്ങളെ കൊണ്ടും കൂടുതൽ ആരാധനാ കർമങ്ങളെ കൊണ്ടും അന്വർഥമാക്കേണ്ടതുണ്ട്. “വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ഒരാൾ റമസാൻ നോമ്പ് അനുഷ്ഠിച്ചാൽ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി).
തിന്മകളും പൈശാചികതയും ജീവിത സാഹചര്യത്തെ കൂടുതൽ മലിനമാക്കുമ്പോൾ ഒരു പുനർ വിചിന്തനത്തിനുള്ള അവസരമാണ് ഈ മാസം. ക്ഷണികമായ ഈ ജീവിതത്തിൽ പരിമിതികളും അൽപ്പായുസ്സുമായി നടക്കുന്ന മനുഷ്യന് ഇഹലോകം ശാശ്വതമല്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം കരഗതമാക്കണം.
ആത്മവിശുദ്ധിയുടെ മാസമായ റമസാനിൽ അഹങ്കാരം, അഹംഭാവം, അഹന്തത, അസൂയ, ആക്രമണത്വര തുടങ്ങിയ ദുർവിചാരങ്ങളിൽ നിന്നും ദുർവികാരങ്ങളിൽ നിന്നും ഹൃദയത്തെ ശുദ്ധീകരിച്ച് സ്നേഹം, നീതി, ക്ഷമ, ദയ, സഹനം എന്നിവയെ കുടിയിരുത്തി ഈ മാസം നമ്മൾ അർഥസമ്പുഷ്ടവും ആസ്വാദ്യവുമാക്കണം.
ചില ദുർബല നിമിഷങ്ങളിൽ പിഴവുകളും പാളിച്ചകളും സംഭവിച്ച് ജീവിതലക്ഷ്യം മറന്നുപോകുന്നവരുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിൽ നിന്ന് പരിപൂർണമായി ഒഴിഞ്ഞ് നിന്ന് ഒരു സന്ദർഭത്തിൽ എന്നിൽ നിന്ന് സംഭവിച്ചുപോയല്ലോ, ഇനി ഞാനത് ചെയ്യില്ലെന്ന് പറഞ്ഞ് പിന്തിരിയാൻ മരണത്തിന്റെ അൽപ്പം മുമ്പെങ്കിലും സാധിക്കാത്തവൻ ഈമാൻ കിട്ടി മരിക്കുകയില്ല. വാഹനം, തെരുവ്, പാർക്ക്, ജോലിസ്ഥലം തുടങ്ങിയ ഏത് സ്ഥലങ്ങളിലുമാകട്ടെ, മരണം പിന്തുടരുന്നുണ്ടെന്ന ചിന്ത നമുക്ക് വേണം.
മനുഷ്യനെ തെറ്റിലേക്ക് വലിച്ചിഴക്കുന്ന ശിഥിലമായ ചിന്തകളും സാഹചര്യങ്ങളും നാഥനിലുള്ള ഭയഭക്തിയെ അന്യമാക്കുന്നുണ്ട്. ദുഷ്ചെയ്തികളിലുള്ള നീരസവും സത്പ്രവർത്തികളിലേക്കുള്ള ആഭിമുഖ്യവുമാണ് ഒരാളെ അല്ലാഹുവിൽ ഭക്തിയുള്ളവനാക്കുന്നത്. തെറ്റുകളിൽ നിന്ന് മുക്തനാകുമ്പോഴാണ് ഒരാൾ സംസ്കാര സമ്പന്നനാകുന്നത്. വ്രതം തെറ്റുകൾ തടുക്കാനുള്ള പരിചയാണെന്നാണല്ലോ പ്രവാചകാധ്യാപനം. അനുഗ്രഹീതമായ ഈ മാസത്തിലെ വ്രതം നിർബന്ധവും രാത്രി നിസ്കാരം സുന്നത്തുമാണ്.
ഒരാൾ ഈ മാസം ഒരു സുന്നത്തായ കാര്യം ചെയ്താൽ ഫർളിന്റെ പ്രതിഫലവും ഒരു ഫർള് ചെയ്താൽ 70 ഫർളുകൾ ചെയ്ത കൂലിയുമാണ്. ആശിക്കുന്നതൊക്കെ കിട്ടാത്തതിലുള്ള നീരസവും പ്രതീക്ഷകൾ വഴിതെറ്റുമ്പോഴുള്ള വ്യാകുലതയും അക്ഷമയുടെ പ്രതിഫലനമാണ്. ക്ഷമയുടെ മാസമാണ് റമസാൻ. ആമാശയ ശുദ്ധീകരണത്തിനും നിരന്തരമായി ഭക്ഷണപദാർഥങ്ങൾ സ്വീകരിച്ച് ആമാശയത്തിലുണ്ടാക്കുന്ന ചില ക്രമക്കേടുകളെ ഇല്ലായ്മ ചെയ്യാനും ആമാശയ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷിതമാക്കാനും ഈ ഉപവാസം മൂലം കഴിയുന്നു. ഇവ്വിധം പലവിധ ആരോഗ്യ സംരക്ഷണം വ്രതത്തിലൂടെ നാഥൻ സമ്മാനിക്കുന്നുണ്ട്.
അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഇസ്‌ലാമിന്റെ ഉദ്ദേശ്യം സഫലീകരിക്കുന്നില്ല. പ്രവാചകർ (സ) പറയുന്നു: “ആരെങ്കിലും അനാവശ്യ പ്രവർത്തനങ്ങളും അസത്യമായ വാക്കുകളും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് നാഥന് യാതൊരു താത്പര്യവുമില്ല” (ബുഖാരി). വ്രതം ആത്മീയമായും ഭൗതികമായും മനുഷ്യനെ സംരക്ഷിക്കുന്നതോടൊപ്പം ശാരീരിക ശക്തിയും മാനസിക സുഖവും നൽകുന്നു. സകലയാതനകളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള ഒരു പരിശീലനക്കാലയളവാണിത്.
വിശുദ്ധ റമസാനിന്റെ ഓരോ നിമിഷവും പ്രധാനമാണ്. ഖുർആൻ ഓതുന്നവൻ മധുരനാരങ്ങക്കും ഓതാത്ത കപടവിശ്വാസി ആട്ടങ്ങക്കും സമാനമാണെന്നാണ് പ്രവാചക വചനം. വെറുതെ സമയം പാഴാക്കാതെ ഖുർആൻ പാരായണത്തിലും സുന്നത്ത് കർമങ്ങളിലും വ്യാപൃതരാകണം. ലൈലത്തുൽ ഖദ്റിന്റെ പുണ്യം ലഭിക്കുന്നവരിലും ഉൾപ്പെടണം. ഭക്തി നിർഭരമായ ആത്മീയ നിർവൃതിയടഞ്ഞ് പാരത്രിക മോക്ഷം നേടണം. ഈ ആത്യന്തിക ലക്ഷ്യമാണ് ഒരു വിശ്വാസിക്ക് വേണ്ടത്. റഹ്മത്തിന്റെയും മഗ്ഫിറത്തിന്റെയും നരകമോചനത്തിന്റെയും വിലപ്പെട്ട നിമിഷങ്ങളിൽ പ്രതിഫലം കൊയ്തെടുക്കണം. നാഥൻ തുണക്കട്ടെ.