Kerala
ഓക്സിജൻ പ്രതിസന്ധിയിൽ കാലിടറാതെ കേരളം
കോഴിക്കോട് | കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ കേരളത്തിൽ പ്രാദേശികമായി സർവസജ്ജമായ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുങ്ങുന്നു. ആവശ്യമായവർക്കെല്ലാം ഓക്‌സിജൻ നൽകുന്നതിനും മരുന്നുകൾ ലഭ്യമാക്കുന്നതിനും കഴിയുന്ന വിധം ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കാൻ നടപടികൾ ആരംഭിച്ചു. ഒന്നാം തരംഗത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്ത പല കേന്ദ്രങ്ങളും രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ തിരിച്ചേൽപ്പിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ വീണ്ടും ഏറ്റെടുക്കാനും സജ്ജീകരണങ്ങൾ ഒരുക്കാനുമാണ് സർക്കാർ നിർദേശം ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് വൻതോതിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ താഴെ തട്ടിൽ വരെ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കേന്ദ്രങ്ങളുടെ പ്രധാന ചുമതല. രോഗം തിരിച്ചറിഞ്ഞ് വീട്ടിൽ കഴിയുന്നവരിൽ ശ്വസന വൈഷമ്യം നേരിടുന്നവരെയെല്ലാം സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഒരു വർഷം മുമ്പേ ആരംഭിച്ച തയ്യാറെടുപ്പുകളാണ് ഓക്‌സിജൻ പ്രതിസന്ധി ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. സംസ്ഥാനത്ത് 204 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. നാല് ഉത്പാദന കമ്പനികളും അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന 11 എയർ സെപറേഷൻ യൂനിറ്റും (എ എസ് യു) ഇതിനായുണ്ട്. നാല് മെട്രിക് ടൺ ശേഷിയുള്ള എ എസ് യു ഉടനെ പാലക്കാട് പ്രവർത്തനം തുടങ്ങും. 23 ഓക്‌സിജൻ ഫില്ലിംഗ് സ്റ്റേഷനുകളും സജ്ജമാണ്. ചെറിയ സമയത്തിനുള്ളിൽ ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഇവിടങ്ങളിൽ നിന്ന് ഓക്‌സിജൻ സിലിൻഡറുകൾ പ്രാദേശികമായി എത്തിക്കാനുള്ള ഗതാഗത പ്രശ്‌നങ്ങൾ കൂടി മുന്നിൽ കണ്ടാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ഓക്‌സിജൻ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കുന്നത്.
കേരളത്തിൽ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ആവശ്യമായ ഓക്സിജന്റെ രണ്ടിരട്ടിയോളം നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 66 മെട്രിക് ടണ്ണിൽ നിന്ന് 73 മെട്രിക് ടണ്ണാക്കി കേരളം ഉത്പാദനം വർധിപ്പിച്ചു.
നിലവിൽ സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറിൽ 58 കോടി രൂപ ചെലവഴിച്ച് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചിരുന്നു. കൊവിഡിന്റെ തുടക്കകാലത്ത് തന്നെ കെ എം എം എൽ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്സിജന്റെ ശേഷിപ്പ് ദ്രവരൂപത്തിലേക്ക് മാറ്റി ആശുപത്രികളിലേക്ക് നൽകുന്ന പദ്ധതി തുടങ്ങിയിരുന്നു.
63 ടൺ വാതക രൂപത്തിലുള്ള വ്യാവസായിക ഓക്സിജനും 70 ടൺ നൈട്രജനും ഉത്പാദിപ്പിക്കുന്നതിന്റെ ഉപോത്പന്നമായി പ്രതിദിനം ഏഴ് ടൺ ഓക്സിജനും ഉത്പാദിപ്പിച്ചു. പാഴായി പോകുമായിരുന്ന ഈ ഓക്സിജനെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചത് വലിയ ആശ്വാസമായി.
കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് കേരളം ഐ സി യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വർധിപ്പിച്ചിരുന്നു. നിലവിൽ 9,735 ഐ സി യു കിടക്കകളാണ് കേരളത്തിലുള്ളത്. ഇവയിൽ ആയിരത്തോളം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. 3,776 വെന്റിലേറ്ററിൽ 277 എണ്ണമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതിന് സമാനമായാണ് വരാൻ പോകുന്ന ദുരന്തത്തെ മുന്നിൽ കണ്ടുകൊണ്ട് കേരളം ഓക്‌സിജൻ ഉത്പാദനവും ഉയർത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗോവ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ എത്തിച്ചുകൊടുത്തിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിക്കുമ്പോഴാണ് കേരളം വേറിട്ട് നിൽക്കുന്നത്. കേരളത്തിൽ സർക്കാർ സ്വകാര്യ മേഖലയിലുള്ള 30 ആശുപത്രികളിലേ കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റ് ഉള്ളൂ. ബാക്കിയുള്ളിടത്ത് രോഗികൾക്ക് അരികിൽ സിലിൻഡർ സ്ഥാപിച്ചാണ് ഓക്‌സിജൻ നൽകുന്നത്.