Connect with us

Travelogue

ഖസാഖ് ഗരിമയുയർത്തി മ്യൂസിയക്കാഴ്ച

Published

|

Last Updated

ഖസാക്കിസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാഷനൽ മ്യൂസിയം. ഹസ്‌റത് സുൽത്താൻ മസ്ജിദിൽ നിന്ന് ഏകദേശം ഇരുന്നൂറ് മീറ്റർ നടന്നാൽ മ്യൂസിയത്തിലെത്താം. നട്ടുച്ച സമയമായിട്ടും ഐസ് വീഴ്ച ഭയങ്കരമായി തുടരുന്നുണ്ട്. മസ്ജിദിൽ നിന്നും മ്യൂസിയത്തിലെത്തൽ അതി കഠിനമാണ്. ഷൂ തെന്നി വീഴാനുള്ള സാധ്യത, കഠിനമായ തണുപ്പ് അവഗണിച്ച് ഇരുന്നൂറ് മീറ്റർ നടക്കാനുള്ള ഭയം എല്ലാം പ്രശ്നമായി നിന്നു. എങ്കിലും മറ്റു നിർവാഹമില്ലായിരുന്നു. പള്ളി പുറമെ നിന്നു കാണാനും ഫോട്ടോയെടുക്കാനും ചില ശ്രമങ്ങൾ നടത്തി. ഒരുവിധം വേഗതയോടെ മ്യൂസിയത്തിലേക്ക് ഓടാൻ തുടങ്ങി. മഞ്ഞും ഐസ് കട്ടകളും ഇല്ലാത്ത സ്ഥലം നോക്കിവേണം നടക്കാൻ. ഇത് ശ്രമകരമായിരുന്നുവെങ്കിലും കൂടെയുള്ളവർക്ക് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അവരുടെ പിന്നാലെ ഒരുവിധം ഓടി മ്യൂസിയത്തിന്റെ വാതിലിനരികിലെത്തി. തണുപ്പേറ്റ് കൈകാലുകൾ മരവിച്ചിരുന്നുവെങ്കിലും വാതിലിനടുത്ത് തന്നെ നല്ല ചൂട് നൽകുന്ന ഹീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശക്തമായ ചൂടുകാറ്റ് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്.

ഉള്ളിലെത്താൻ രണ്ടുമൂന്ന് വാതിലുകൾ കയറണം. ഓരോ വാതിൽ കയറി ഉള്ളിലെത്തിയാൽ അതിനനുസരിച്ച് തണുപ്പ് കുറയും. മൂന്നാം വാതിലും കയറിക്കഴിഞ്ഞാൽ അതിവിശാലമായ ഹാളാണ്. ഇവിടെയാണ് ടിക്കറ്റ് കൗണ്ടറും ക്ലോക് റൂമുമെല്ലാമുള്ളത്. മുകളിൽ സ്വർണ നിറത്തിൽ അതിമനോഹരവും ഭീമാകാരവുമായ ഒരു കഴുകനെ തൂക്കിയിട്ടിരിക്കുന്നു, കൂടാതെ ഖസാക്കിസ്ഥാന്റെ വലിയൊരു മാപ്പുമുണ്ട്. നേരെ നോക്കിയാൽ ഇളം കറുത്ത ഒരു പ്രതിമ വലിയ സിംഹാസനത്തിലിരിക്കുന്നതായി കാണാം. ആരാണെന്നു മനസ്സിലായില്ലെങ്കിലും വലിയ അക്ഷരത്തിൽ അവിടെ എഴുതിവെച്ചിരിക്കുന്നു. നിലവിലെ പ്രസിഡന്റിന്റെ പ്രതിമയാണത്. കാലം പഴകാതെ തന്നെ മ്യൂസിയത്തിൽ കയറാൻ കഴിഞ്ഞ ഭാഗ്യവാൻ..!! ഞങ്ങളൊരു കമന്റടിച്ച് മുന്നോട്ട് നീങ്ങി. തണുപ്പിനെ പ്രതിരോധിക്കാൻ ഞങ്ങളിട്ട മുഴുവൻ ഡ്രസ്സുകളും ഇവിടെ ഊരിവെച്ച് വേണം മുന്നോട്ട് നടക്കാൻ. ഗ്രൗണ്ട് ഫ്ലോറിൽ ഇത്തരം സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതുകൊണ്ട് കാഴ്ചകൾ അധികമൊന്നുമില്ല. എസ്‌കലേറ്റർ വഴി തൊട്ടു മുകളിലേക്ക് പോകുകയേ നിർവാഹമുള്ളൂ.

74,000 സ്‌ക്വയർ മീറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം 14 റൂമുകളിലായി അതികമനീയമായി സന്ദർശകർക്ക് അറിവും കൗതുകവും ആനന്ദവും പകർന്ന് ഗരിമയോടെ നിൽക്കുന്നു. എല്ലാം ഒരു പ്രാവശ്യം കാണാൻ തന്നെ മണിക്കൂറുകളെടുക്കും. ഓരോ കാഴ്ചക്കു പിന്നിലും വ്യക്തമായ വിശദീകരണമുണ്ട്. ഇതെല്ലം വായിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ ദിവസങ്ങളുമാകും. ചില വിശദീകരണങ്ങളെല്ലാം ഖസാക്ക് ഭാഷയിലുമാണ്. ഗൂഗിൾ ഉപയോഗിച്ച് അവയിൽ ചിലതെല്ലാം ഞങ്ങൾ മനസ്സിലാക്കി. അതിശക്തമായ സുരക്ഷയുണ്ട് ഓരോ റൂമിനും. അസ്താനയെക്കുറിച്ച് മാത്രം മനസ്സിലാക്കാൻ അതിവിശാലമായ ഒരു ഹാളുണ്ട്. ഇതിൽ എല്ലാം പുതിയ ശിൽപ്പങ്ങളാണുള്ളത്. അത്രയൊന്നും കൗതുകകരമല്ലെങ്കിലും സംവിധാനം വളരെ കുറ്റമറ്റതായിരുന്നു. തൊട്ടടുത്ത് തന്നെ ഖസാക്കിസ്ഥാന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഹാളാണുള്ളത്. അത്ര വിശാലമല്ലെങ്കിലും പ്രാചീന കാലം മുതൽ സോവിയറ്റ് ഭരണം വരെ പല രീതിയിലും ചിത്രീകരിച്ചിരിക്കുന്നു. ചിലതൊക്കെ പത്ര കട്ടിംഗുകളാണ്. ഇതിൽ സോവിയറ്റ് യൂനിയനിൽ നിന്നും മോചിതമായപ്പോൾ ഖസാക്കിസ്ഥാൻ പത്രങ്ങളിൽ സന്തോഷത്തോടെ വന്ന വാർത്താ കട്ടിംഗുകളുമുണ്ട്. ഞങ്ങൾക്കൽപ്പം കൗതുകം തോന്നിയ ഹാളായിരുന്നുവത്. പഴയ രാജാക്കന്മാരുടെ ശിൽപ്പവും വസ്ത്രങ്ങളും ധാരാളം പെയിന്റിംഗുകളുമുണ്ട് ഈ റൂമിൽ.

ഇത് രാഷ്ട്രീയ ചരിത്രം പറയുന്ന ഹാളായിരുന്നു. തൊട്ടടുത്താണ് ജനജീവിതം വരച്ചിടുന്ന ഹാളുള്ളത്. പ്രാചീന കാലത്തെ ഖസാക്കിലെ ജനജീവിതം മണ്ണുകൊണ്ട് വളരെ സുന്ദരമായി നിർമിച്ചെടുത്തിരിക്കുന്നു. ഗുഹകളും കുടിലുകളുമെല്ലാം അതുപോലെ നിർമിച്ചിട്ടുണ്ട്. കണ്ടാൽ ഒരു പ്രാചീന ഖസാക്ക് ഗ്രാമത്തിലെത്തിയ പ്രതീതി. കണ്ണെടുക്കാൻ കഴിയാത്ത ഭംഗിയും. ചില കുടിലുകളൊക്കെ പൊളിഞ്ഞുചാടാനായിരിക്കുന്നു. ചിലതൊക്കെ പൊളിഞ്ഞിട്ടുമുണ്ട്. അവയെല്ലാം അങ്ങനെത്തന്നെ നിർമിച്ചതാണ്. കുടിലുകൾക്ക് മുമ്പിൽ സ്ത്രീകളും പശുക്കളും നായ്ക്കളും ചില പക്ഷികളുമൊക്കെ നിൽക്കുന്നു. കുറച്ചുമുന്നോട്ടു പോയപ്പോൾ ചെറിയൊരു കച്ചവടഷോപ്പ് കണ്ടു. അക്കാലഘട്ടത്തിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ എല്ലാം മനോഹരമായി സജ്ജീകരിച്ചിരുന്നു ഷോപ്പിൽ. കൂടാതെ ഷോപ്പ് കീപ്പറുമുണ്ട്. ശിൽപ്പങ്ങൾക്ക് പുറമെ ഖനനത്തിലൂടെ ലഭിച്ച ഏതാനും വസ്തുക്കളും അവിടെയുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ പഴയകാല ജനങ്ങളുടെ വ്യത്യസ്തയിനം തൊഴിലുകളെ അനാവരണം ചെയ്യുന്ന അതിമനോഹരമായ ശിൽപ്പങ്ങളും ധാരാളമുണ്ട്.

മുന്നോട്ട് നീങ്ങിയാൽ കൂടുതൽ സുരക്ഷയോടെ ഒരു റൂമുണ്ട്. ഇതിൽ പഴയകാല രാജാക്കന്മാരുടെ പ്രതിമകളും അവരുപയോഗിച്ചിരുന്ന സ്വർണം കൊണ്ടുള്ള വ്യത്യസ്ത വസ്തുക്കളുമുണ്ട്. കിരീടങ്ങൾ, പാത്രങ്ങൾ , സിംഹാസനങ്ങൾ തുടങ്ങിയ. എല്ലാം ഭാഗികമായി സ്വർണമാണ്. ചിലതെല്ലാം പാടെ നുരുമ്പിച്ചിട്ടുമുണ്ട്. തൊട്ടടുത്തുള്ള ഹാളിൽ ആധുനിക ഖസാക്ക് സ്വാതന്ത്ര്യ സമരത്തെ കുറിക്കുന്ന ശേഷിപ്പുകളാണ്. റൂമിൽ കയറിയാൽ തന്നെ ഖസാക്കിസ്ഥാൻ ഭരണഘടന കാണാം. കൂടാതെ ഒരുപാട് പേരുടെ തൊപ്പിയും പട്ടാള കുപ്പായവുമെല്ലാമുണ്ട് അവിടെ. സമയക്കുറവ് കാരണം ഒരൊറ്റ നോട്ടം മാത്രം സമ്മാനിച്ച് ഞങ്ങൾ അടുത്ത ഹാളിലേക്ക് കയറി. ഖസാക്കിസ്ഥാന്റെ നരവംശ ചരിത്രം പറയുന്ന ഹാളാണിത്. മ്യൂസിയത്തിൽ ഏറ്റവും മനോഹരമായ ഹാൾ. സംസ്കാരങ്ങളെയും ആരാധനകളെയും എല്ലാം പുനർ സംവിധാനിച്ചിരിക്കുന്നു. ഇസ്്ലാം മതമായിരുന്നു പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നതെന്ന് ഒറ്റയടിക്ക് മനസ്സിലാകും. പരിശുദ്ധ ഖുർആനിന്റെ കോപ്പി വരെ അതുനുള്ളിലുണ്ട്, മുസ്വല്ലകൾ, കാർപെറ്റുകൾ, മൗലിദ് സദസ്സുകൾ എല്ലാം നിർമിച്ചുവെച്ചിട്ടുണ്ടായിരുന്നു.
പിന്നീടുള്ള ഹാളുകളിലെല്ലാം ആധുനിക കലാ ശിൽപ്പങ്ങൾ, ഖസാക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ ചരിത്രങ്ങളും മികവുകളും, കുട്ടികൾക്കാവശ്യമായ പഠനാർഹമായ സംവിധാനങ്ങളൊക്കെയായിരുന്നു. ഒരു ദിവസം വിശദമായി വരണമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞ് തത്കാലം മ്യൂസിയത്തിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. അപ്പോഴേക്കും നേരം വൈകിയിരുന്നു. എങ്കിലും പുറത്തുള്ള ചില ശിൽപ്പങ്ങളും ഞങ്ങൾ ഫോണിൽ പകർത്തി. ഇനി രണ്ട് ദിവസം മാത്രമേ ഖസാക്കിസ്ഥാനിലുള്ളൂ. നാളെ വളരെ നേരത്തെ തന്നെ ഇറങ്ങി മറ്റുള്ള കാഴ്ചകൾ കൂടി കാണണം

Latest