Connect with us

Articles

വിശ്വാസികളാണോ, സങ്കടപ്പെടേണ്ട

പലതരം സംഘര്‍ഷങ്ങളും വിഷമങ്ങളും അനുഭവിക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍, വിശ്വാസം ഉള്ളില്‍ ഉള്ളവര്‍ക്ക് അത്തരം ദുഃഖങ്ങളില്‍ സമാധാനം അനുഭവിക്കാന്‍ പറ്റും. ഈ ലോകത്തെ ജീവിതം അല്ലാഹുവിന്റെ പരീക്ഷണമാണ് എന്നും സങ്കടവും സന്തോഷവും എല്ലാം വരുമെന്നും വിശ്വാസികള്‍ കരുതുന്നു. ഏത് സമയത്തും അല്ലാഹു കല്‍പ്പിച്ച പ്രകാരമുള്ള ജീവിതമാണ് ഒരാള്‍ കൊണ്ടുപോകുന്നതെങ്കില്‍, പ്രയാസ ഘട്ടങ്ങളില്‍ പോലും അല്ലാഹു തനിക്കായി വിധിച്ചതാണ് അതെന്നും, ക്ഷമിച്ചാല്‍ ഉന്നത പ്രതിഫലം കിട്ടുമെന്നും വിശ്വാസി വിചാരിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്, നിങ്ങള്‍ സങ്കടപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. പൂര്‍ണ വിശ്വാസികള്‍ ആണെങ്കില്‍ നിങ്ങള്‍ ഉന്നതര്‍ തന്നെയായിരിക്കും. ഉഹ്ദ് യുദ്ധത്തില്‍ വിശുദ്ധ മതത്തിന് വേണ്ടി നിലയുറപ്പിച്ചതിന്റെ പേരില്‍ മുറിവേറ്റ ഘട്ടത്തില്‍, അനുചരര്‍ക്കായി ഇറക്കപ്പെട്ടതാണ് ഈ ആയത്ത് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നു. സ്വഹാബികള്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന സമയം. നബി (സ) അവരെ ആശ്വസിപ്പിച്ചു, അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതരായിരിക്കുമെന്ന്. വിശ്വാസിയായി നിലകൊണ്ടതിന്റെ പേരില്‍, പലപ്പോഴും വിഷമം നേരിട്ടേക്കാം. അപ്പോഴൊക്കെ ശുഭപ്രതീക്ഷയാണ് വേണ്ടത്.

റമസാനില്‍ നമ്മള്‍ നേടേണ്ടത് ഇങ്ങനെയൊരു കരുത്താണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് നബി പലായനം നടത്തുന്ന സമയം. പിന്നില്‍, പിടിക്കാന്‍ ശത്രുവ്യൂഹമുണ്ട്. എന്നാല്‍, നബിക്കൊട്ടും പതര്‍ച്ചയില്ല. അല്ലാഹുവിന്റെ സഹായം സദാ ഉണ്ട് എന്ന ദൃഢ വിശ്വാസം കൂടെയുണ്ട്. ശത്രുക്കളില്‍ നിന്ന് മറഞ്ഞ് ഗുഹയില്‍ ഇരിക്കുമ്പോള്‍, അവരുടെ കുളമ്പടി കേട്ടു അരികത്ത്. അന്നേരം കൂടെയുണ്ടായിരുന്ന സഹചാരി അബൂബക്കര്‍ സിദ്ദീഖിന്റെ നെഞ്ചു പിടഞ്ഞു. അവര്‍ കാണുമോ. നബി പറഞ്ഞു; ദുഃഖിക്കേണ്ട, നമ്മുടെ കൂടെ അല്ലാഹു ഉണ്ട്. ശത്രുക്കള്‍ തിരിച്ചു പോകുകയും ചെയ്തു. ഏത് സമയത്തും വിശ്വാസത്തിന്റേതായ ഇത്തരം ഒരു കരുത്ത് നമ്മില്‍ ഉണ്ടായാല്‍, എല്ലാ ആപത്തുകളെയും ക്ഷമയോടെ നേരിടാന്‍ പറ്റും.

സങ്കടത്തില്‍ ആപതിച്ചു പോയാലോ, പിന്നെ ജീവിതം തന്നെ വിഷമകരമാകും. അപാരമായ മനക്കരുത്തു വേണം വിശ്വാസികള്‍ക്ക്. അങ്ങനെയാകുമ്പോള്‍ തിക്താനുഭവങ്ങളില്‍ തളരാതെ മുന്നോട്ടു പോകാന്‍ കഴിയും. ഒരറബി ചൊല്ലുണ്ട്, മനുഷ്യന്റെ മനസ്സിന് പര്‍വതത്തേക്കാള്‍ ശക്തിയുണ്ടെന്ന്. അങ്ങനയൊരു ശുഭപ്രതീക്ഷയില്‍ അധിഷ്ഠിതമായ മനസ്സാകണം നമ്മുടേത്. ഓരോ പ്രാര്‍ഥനകളും പ്രതീക്ഷാ നിര്‍ഭരമായ ഇരവുകളാണ്.

അതേസമയം, പരലോകത്തെ ഓര്‍ത്ത് നമ്മള്‍ സങ്കടപ്പെടണം. ആശങ്ക വേണം. കണ്ണീരൊലിപ്പിക്കണം. അര്‍ശിന്റെ തണല്‍ ലഭിക്കുന്ന വിശ്വാസികളില്‍ ഒരു കൂട്ടര്‍ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീരൊലിപ്പിക്കുന്നവരാണ് എന്നാണല്ലോ നബി (സ) പറഞ്ഞത്. അതിനാല്‍ നമ്മുടെ സങ്കടപ്പെടല്‍ പോലും ദുനിയാവിന്റെ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാകരുത്. ഇവിടെ വരുന്ന വിഷമങ്ങള്‍ക്ക് അല്ലാഹു പരലോകത്ത് പ്രതിഫലം നല്‍കുമെന്നും, പരലോകത്തിനു വേണ്ടി നമ്മള്‍ സങ്കടപ്പെടുമ്പോള്‍, അത് നല്ല വിശ്വാസിയുടെ ലക്ഷണമാണ് എന്നും മനസ്സിലാക്കണം.

റമസാനിന്റെ അതി പ്രധാനമായ രണ്ടാം പത്തിലേക്ക് നാം പ്രവേശിച്ചു. വളരെ പുണ്യമുള്ള ദിനരാത്രങ്ങളാണ് ഓരോന്നും. നമുക്ക് പ്രാര്‍ഥിക്കാം, പരലോകത്ത് സങ്കടം ഇല്ലാത്ത ഒരു ജീവിതം തരാനായി. ഇവിടുത്തെ ദുഃഖങ്ങള്‍ അല്‍പ്പായുസ്സ് മാത്രമുള്ളവയാണ്. ശാശ്വത ജീവിതം പരലോകത്താണ്. അവിടെ വരുമ്പോള്‍ സ്വര്‍ഗം നേടുക എന്നതാകണം മുസ്‌ലിമിന്റെ വലിയ ലക്ഷ്യം.

Latest