Ramzan
സ്ത്രീകളുടെ ദാനശീലം നല്ല പ്രായശ്ചിത്തമാണ്
ഒരു പെരുന്നാൾ ദിനം നബി സ്ത്രീകൾക്ക് നൽകിയ ഉദ്‌ബോധനം ശ്രദ്ധിക്കുക. “സോദരിമാരേ, നിങ്ങൾ ദാനധർമങ്ങൾ വർധിപ്പിക്കണം. നരകത്തിൽ സ്ത്രീ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്”. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജസ്‌ല എന്ന സ്ത്രീ ചോദിച്ചു “അതെന്താണ് നബിയേ നരകത്തിൽ സ്ത്രീകൾ കൂടുതലാകാൻ കാരണം?” നബി പറഞ്ഞു. “ശാപവാക്കുകൾ കൂടുതൽ സ്ത്രീകളിൽ നിന്നാണുണ്ടാകുന്നത്. പലരും ഭർത്താക്കന്മാരോട് നന്ദികേടുകൾ കാണിക്കുകയും ചെയ്യുന്നു”.
ശാപം നിഷിദ്ധമാണ്. മറ്റുള്ളവരെ ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്നത് മഹാപാപമാണ്. സഹചരോടുള്ള ഇടപെടലും വാക്പ്രയോഗങ്ങളും നന്നായാൽ മാത്രമേ ഒരാളുടെ വിശ്വാസം പൂർണമാവുകയുള്ളൂ. അല്ലാഹുവിന്റെ സൃഷ്ടികളിൽപ്പെട്ട ഒന്നിനെയും ശപിക്കാൻ ഒരാൾക്കും അർഹതയില്ല. അത് ഇസ്‌ലാം ശക്തമായി വിലക്കിയ കാര്യമാണ്.
ഒരാൾ നബി(സ)യുടെ സാന്നിധ്യത്തിൽ വെച്ച് കാറ്റിനെ ശപിക്കുകയുണ്ടായി. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു. “കാറ്റിനെ ശപിക്കരുത്. അത് അല്ലാഹുവിന്റെ കൽപ്പന പ്രകാരം അടിച്ചുവീശുന്നതാണ്. ശാപത്തിന് അർഹമല്ലാത്തതിനെ ആരെങ്കിലും ശപിച്ചാൽ അത് അവനിലേക്കുതന്നെ മടങ്ങും. “മഴയും വെയിലും ചൂടും തണുപ്പുമെല്ലാം കാലക്രമത്തിനനുസരിച്ച് സംഭവിക്കും. നമുക്കത് സഹ്യമോ അസഹ്യമോ ആകാം.
സുഖകരമല്ലാത്തവയെ നശിച്ചതെന്നോ ദുഷിപ്പെന്നൊ പറയരുത്. ഇത് വിശ്വാസിക്ക് ചേർന്ന രീതിയല്ല.
നബി രണ്ടാമതായി പറഞ്ഞത് ഭർത്താവിനോടുള്ള നന്ദികേടിനെക്കുറിച്ചാണ്. സ്‌നേഹ വാത്സല്യത്തിന്റെയും ആദരവിന്റെയും സഹകരണ മനോഭാവത്തിന്റെയും നല്ല പാരസ്പര്യമാണല്ലോ ഭാര്യാ-ഭർതൃ ബന്ധത്തെ സുദൃഢമാക്കുന്നത്. നന്മകൾക്ക് പരസ്പരം നന്ദി അറിയിക്കുകയും പാകപ്പിഴവുകൾ ക്ഷമാപൂർവം സദ്ബുധ്യാ ചൂണ്ടിക്കാണിക്കുകയുമാണ് വേണ്ടത്.
നന്ദികേട് കൊണ്ട് മാത്രം സ്ത്രീകൾ കഠിന പാപം ചെയ്തവരായി പോകുകയും കടുത്ത ശിക്ഷക്ക് വിധേയമാകേണ്ടി വരികയും ചെയ്യുമെന്ന് പ്രവാചകൻ പറഞ്ഞപ്പോൾ അല്ലാഹുവിനോടുള്ള നന്ദികേടുകൊണ്ടാണോ എന്നാരോ ചോദിച്ചു. സ്വന്തം ഇണകളോട് കാണിക്കുന്ന നന്ദികേടുകൊണ്ടാണിതെന്നായിരുന്നു മറുപടി. സദാ നന്മകൾ കൊണ്ട് നിറക്കുന്ന ഭർത്താവിൽ നിന്ന് ചെറിയൊരു പാകപ്പിഴവ് കാണുന്പോൾ താങ്കളിൽ നിന്ന് ഒരു നന്മയും ഇന്നേവരേ ഞാൻ കണ്ടിട്ടില്ലെന്നവർ പറയും- നബി പറഞ്ഞു. ഇതെത്രമാത്രം ബാധ്യതാ ബോധമില്ലായ്മയാണ്.