Covid19
മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സകാതായി നല്‍കി വ്യവസായി; ഒരാഴ്ചക്കിടെ നല്‍കിയത് 85 ലക്ഷത്തിന്റെ ജീവവായു
നാഗ്പൂര്‍ | ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്ക് ഒരാഴ്ചക്കിടെ 85 ലക്ഷത്തിന്റെ മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി നല്‍കി വ്യവസായി പ്യാരി ഖാന്‍. നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 400 മെട്രിക് ടണ്‍ ഓക്‌സിജനാണ് ദിവസങ്ങള്‍ക്കിടെ നല്‍കിയത്. റമസാനിലെ സകാതാണ് ഇതെന്നും ഓക്‌സിജന് പണം വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
1995ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് നാരങ്ങ വിറ്റ് കച്ചവടം തുടങ്ങിയ പ്യാരി ഖാന്‍ ഇന്ന് 400 കോടി ആസ്തിയുള്ള കമ്പനിയുടമയാണ്. താജ്ബാഗ് ചേരിയിലെ ചെറിയ പലചരക്ക് കടയുടമയുടെ മകനായാണ് ഇദ്ദേഹം വളര്‍ന്നത്. നിലവില്‍ 300 ട്രക്കുകളുടെ ഉടമയാണ്.
ഓക്‌സിജന്‍ വിതരണത്തിന്റെ കുടിശ്ശിക അടയ്ക്കാന്‍ അധികാരികള്‍ ശ്രമിച്ചെങ്കിലും സകാതാണെന്ന് പറഞ്ഞ് പണം നിരസിക്കുകയായിരുന്നു അദ്ദേഹം. ഈ ചെലവഴിക്കല്‍ റമസാന്‍ മാസത്തിലെ തന്റെ കര്‍ത്തവ്യമായാണ് ഇദ്ദേഹം കരുതുന്നത്. എയിംസിനും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും 116 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കാന്‍ 50 ലക്ഷം നല്‍കിയിട്ടുമുണ്ട് ഈ മനുഷ്യസ്‌നേഹി.