Socialist
'ശ്മശാനമൂകതയല്ല; ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദത'
എൻ്റെ യൗവനത്തിൻ്റെ നല്ലൊരു പങ്കും ചിലവിട്ടത് തലസ്ഥാന നഗരിയായ ഡൽഹിയിലാണ്. ഇന്ന് ദില്ലി ശരാശരി ഇന്ത്യക്കാരൻ്റെ പേടി സ്വപ്നമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ തലസ്ഥാനം കോവിഡ് സുനാമിയിൽ ആടിയുലയുന്നു. ആശുപത്രി കിടക്ക, ഓക്സിജൻ സിലിണ്ടർ, ഐസിയു, വെന്റിലേറ്റർ എന്നിവയിൽനിന്നും ശ്മശാനത്തിൽ ഒരിടം എന്ന നിലക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ നൽകാത്ത ആദരവ് മരിക്കുമ്പോഴെങ്കിലും നൽകണം എന്നതാണ് ഇന്ത്യക്കാരൻ്റെ വിശ്വാസം. എന്നാൽ മൃതദേഹ കൂമ്പാരങ്ങൾ കണ്ട് ശ്മശാന നടത്തിപ്പുകാർ തന്നെ അന്താളിക്കുന്നു. അവസാന വിടപറയലിൽ പോലും ആദരവിൻ്റെ മുദ്ര ചാർത്താൻ കഴിയാതെ ബന്ധുമിത്രാദികൾ വിലപിക്കുകയാണ്. ശ്മശാനങ്ങൾ ഡൽഹിയിലെ പാർക്കുകളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു.. പാർക്കിംഗ് ഇടങ്ങൾ പോലും ചിതകൾക്ക് വഴി മാറുന്നു.
കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സമയമുണ്ടായിരുന്നു.
പാശ്ചാത്യലോകത്തെ സംഭവവികാസങ്ങൾ നമുക്ക് വഴികാട്ടണമായിരുന്നു. ആസൂത്രണത്തിൻ്റെ ലാഞ്ചനപോലും നമ്മുടെ നടപടികളിൽ ഉണ്ടായില്ല. എന്നിട്ടും എന്തേ ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും നിശബ്ദത പാലിക്കുന്നു? ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.