Connect with us

Articles

ദൗത്യനിര്‍വഹണത്തിന് കണ്‍പാര്‍ത്തിരിപ്പുണ്ട്

Published

|

Last Updated

അരാഷ്ട്രീയതയുടെ മൗനവാത്മീകങ്ങളില്‍ ശിരസ്സൊളിപ്പിച്ച് ജീവിക്കുമായിരുന്ന അനേകലക്ഷം വിദ്യാര്‍ഥി യൗവനങ്ങളെ രാഷ്ട്രീയമായി പ്രയോഗിക്കുക വഴി സാധിച്ചെടുത്ത വിപ്ലവമാണ് 49 വയസ്സ് പൂര്‍ത്തിയാകുന്ന എസ് എസ് എഫിന്റെ നാള്‍വഴികള്‍. അശ്ലീലമായ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ നിസ്സംഗമായ ഒരു വിദ്യാര്‍ഥി യൗവനത്തിന്റെ ഉയിര്‍പ്പിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എത്രമാത്രം ഭീതിദമായിരിക്കുമത്. അങ്ങനെയൊരു അത്യാപത്തില്‍ നിന്ന് വലിയൊരു തലമുറയെ കാത്തുരക്ഷിക്കാന്‍ കര്‍മനൈരന്തര്യത്തിന്റെ അനേക ഭൂഖണ്ഡങ്ങള്‍ താണ്ടേണ്ടി വന്നിട്ടുണ്ട്.

ആഴത്തില്‍ വേരൂന്നുന്ന അരാഷ്ട്രീയ സ്വഭാവത്തെ ഒരു ഉദ്ബോധനം കൊണ്ട് തിരുത്താന്‍ സാധിക്കുന്നതല്ല. നിരന്തരമായ പദ്ധതികളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ, അവബോധ നിര്‍മിതിയിലൂടെ, സന്നിവേശിപ്പിക്കുന്ന സംസ്‌കാരത്തിലൂടെ നിര്‍മിച്ചെടുക്കുന്നതാണിത്. എസ് എസ് എഫിന്റെ കര്‍മ പരിപാടികളുടെ രീതിയും രൂപവും എല്ലാം അത്തരത്തിലുള്ളതായിരുന്നു. അരാഷ്ട്രീയത വേറിട്ട ഒരു രാഷ്ട്രീയ ബോധമാണെന്ന വ്യാഖ്യാനങ്ങളെ പൊളിച്ചെഴുതിയാണ് എസ് എസ് എഫ് സ്വയം ഒരു സംഘമായി മാറിയത്. സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ നിരാസത്തിന്റെ കാര്യകാരണങ്ങളെ കണ്ടെത്തി പരിഹാരം ചെയ്താണ് അത് സാധ്യമാക്കിയത്. അരാഷ്ട്രീയതയുടെ വ്യത്യസ്ത ഭാവങ്ങളും സ്വാധീനങ്ങളും പ്രത്യക്ഷപ്പെടുന്ന നവീന ലോകത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖം പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് എസ് എസ് എഫ്
ഇന്നത്തെ തലമുറക്ക് സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏത് മേഖലയില്‍, എങ്ങനെ പണമുണ്ടാക്കണം തുടങ്ങി സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഭൂരിഭാഗത്തിനും വ്യക്തമായ ധാരണകളുണ്ട്. പക്ഷേ, സമൂഹത്തിന്റെ പൊതുബോധവുമായി കൂടിച്ചേരുന്ന മൂല്യബോധങ്ങളവര്‍ക്ക് കമ്മിയാണ്. അധിനിവേശ മൂലധനം യുവതലമുറയുടെ പൊതുബോധത്തെ മുഴുവനായി ഹൈജാക്ക് ചെയ്യുന്ന ദയനീയ കാഴ്ച കാണാം. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതമെന്നു തോന്നുന്ന കോര്‍പറേറ്റ് ചട്ടക്കൂടിനകത്തെ മാര്‍ദവമുള്ള ജീവിതം പുതിയ രാഷ്ട്രീയ നിരാസങ്ങളിലേക്ക് അതുകൊണ്ടു തന്നെ അവരെ എത്തിക്കുന്നുണ്ട്. അരാഷ്ട്രീയതയുടെ പുതിയ വിത്തുകള്‍ വിതക്കുന്നവര്‍ക്കെതിരെ കര്‍മം കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് സംഘടന ഒരുക്കം കൂട്ടുന്നത്.

മനംമടുപ്പിക്കുന്ന കക്ഷിരാഷ്ട്രീയ അപചയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായും, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അജന്‍ഡയാക്കാന്‍ മടിക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്തും ബദല്‍ രാഷ്ട്രീയ നിര്‍മിതിയുടെ സങ്കേതങ്ങളിലേക്കും സംവിധാനത്തിലേക്കും സംഘടന പ്രവേശിച്ചിട്ടുണ്ട്. രാഷ്ട്രീയാനന്തര കാലമെന്ന ജനിതക മാറ്റത്തിലേക്ക് നമ്മുടെ നാട് പ്രവേശിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങുന്ന കാലത്ത് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍ അനിവാര്യമാണ്.
വിദ്യാര്‍ഥിത്വത്തെ നിരന്തരം വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് സമഗ്രവും സമ്പൂര്‍ണവുമായ വിദ്യാര്‍ഥിത്വത്തിന്റെ പ്രയോഗം കൂടി സാധ്യമാക്കേണ്ടതുണ്ട്. വിദ്യാര്‍ഥി ആവുക എന്നത് അപാരമായ ഒരു സാധ്യതയാണ്. ആ സാധ്യതക്കു മാത്രമാണ് ഈ അരക്ഷിത കാലത്തെ മറികടക്കാന്‍ സാധിക്കുക. പാഠപുസ്തകങ്ങളോ പാഠ്യപദ്ധതികളോ വിദ്യാര്‍ഥിയുടെ അടിസ്ഥാന ആശ്രയങ്ങളല്ല. അങ്ങനെ ആവുന്നിടത്ത് വിദ്യാര്‍ഥിത്വം അവസാനിക്കും. അവ കേവലം ഉപാധികള്‍ മാത്രമാണ്.
ശരി കണ്ടെത്താനുള്ള നിരന്തരമായ പരിശ്രമമാണ് വിദ്യാര്‍ഥിത്വം. തന്റെ പരിസരങ്ങളെ നിരന്തരം സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് മേല്‍പ്പറഞ്ഞ അധികാര സ്ഥാപനങ്ങളെ എളുപ്പം തിരിച്ചറിയാനാകും. എത്രയേറെ കടന്നുകയറ്റങ്ങള്‍ ഉണ്ടായാലും അവയെ സമര്‍ഥമായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ തന്നെയാണ് വിപ്ലവം എന്ന് പറയുന്നത് അതുകൊണ്ടാണ്. വിദ്യാര്‍ഥിത്വം എന്ന ആശയത്തെ ശക്തമായി ഉയര്‍ത്തുക എന്നതു തന്നെയാണ് എസ് എസ് എഫിന്റെ പ്രഥമവും പ്രധാനവുമായ മുന്‍ഗണന.

കലഹിക്കുന്ന വിദ്യാര്‍ഥിത്വം ക്യാമ്പസുകളുടെ സജീവതയായിരുന്നു. ചരിത്രത്തിലുടനീളം ഓരോ കാലഘട്ടത്തിലും വിദ്യാര്‍ഥികള്‍ സാമൂഹിക നിര്‍മിതിക്ക് നേതൃത്വം നല്‍കിയവരാണ്. അവര്‍ക്ക് പ്രത്യാശ പകര്‍ന്ന് പ്രചോദനമായി വിവിധ രാഷ്ട്രീയ സംഘങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ ഉന്നത ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇന്ന് അങ്ങനെ ഒരു പശ്ചാത്തലം അസ്തമിച്ചതിനാല്‍ വിദ്യാര്‍ഥിത്വത്തെ സസൂക്ഷ്മം സര്‍ഗാത്മക സംസ്‌കരണം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രതീക്ഷാനിര്‍ഭരമായ സൃഷ്ടികളും സംഭാവനകളും അവരില്‍ നിന്ന് സംഭവിക്കുകയുള്ളൂ. മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ വിദ്യാര്‍ഥികളുടെ സംഘ ബോധം തകര്‍ത്തു കൊണ്ട് മാത്രമേ എല്ലാ വിധത്തിലുമുള്ള ചൂഷണ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് തത്പരകക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന രാഷ്ട്രീയത്തെയും രാഷ്ട്രീയ ചിന്താഗതികളെയും ഉന്മൂലനം ചെയ്യാന്‍ കഠിന പരിശ്രമം അവര്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ നടത്തുന്ന ചെറുതും വലുതുമായ ഓരോ ഇടപെടലുകളും അതിനാല്‍ പ്രസക്തമാണ്. നമ്മള്‍ എന്ത് ചിന്തിക്കണമെന്നും പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും മൂലധന ശക്തികള്‍ തീരുമാനിക്കുന്ന കാലത്ത്, മാനസികമായി അവരുടെ അടിമത്തം സ്വീകരിക്കുന്ന സാമൂഹിക ക്രമത്തില്‍, വിടര്‍ന്നു വരുന്ന തലമുറ വഴിതെറ്റാതിരിക്കാനുള്ള അതിജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എസ് എസ് എഫ് ആ ദൗത്യനിര്‍വഹണത്തിനായി കണ്‍പാര്‍ത്തിരിപ്പുണ്ട്.

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest