Connect with us

Articles

റമസാനില്‍ മാത്രം മുളപൊട്ടുന്ന വിദ്വേഷവിത്തുകള്‍

Published

|

Last Updated

റമസാന്‍ കാലത്ത് മാത്രം മുളപൊട്ടുന്ന പ്രത്യേകയിനത്തില്‍പ്പെട്ട ചില വിദ്വേഷ വിത്തുകളുണ്ട്. മുസ്‌ലിം ഇതരവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ കാലത്ത് ഭക്ഷണസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പലരുടെയും പേരുകളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയാണ്. മലപ്പുറം ജില്ലയിലെ അനുഭവം എന്ന് പറഞ്ഞാണ് സമൂഹത്തില്‍ അന്തഛിദ്രമുണ്ടാക്കുന്ന തെറ്റായ വിവരങ്ങള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ രീതിയിലുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിതമായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. നാടിനെയും സമൂഹത്തെയും ഭിന്നിപ്പിക്കാനും മതസൗഹാര്‍ദം തകര്‍ക്കാനും വേണ്ടി ഗൂഢലക്ഷ്യത്തോടെ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കുകയും ദുഷ്പ്രചാരണങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുന്നത് ഏറെ ആശങ്കയുയര്‍ത്തുകയാണ്.

വര്‍ഗീയ താത്പര്യങ്ങളുടെ വിഷവിത്തുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നാണെന്നത് എല്ലാവര്‍ക്കുമറിയാം. മലപ്പുറം ജില്ല മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെന്നതുകൊണ്ടുതന്നെ ഇവിടെ മറ്റു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അവഗണനയും പീഡനങ്ങളും നേരിടേണ്ടി വരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് മലപ്പുറത്തെ അടര്‍ത്തി മാറ്റി പ്രത്യേക സംസ്ഥാനം രൂപംകൊള്ളാന്‍ പോകുന്നുവെന്ന വ്യാജ പ്രചാരണം ഇപ്പോഴും അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മലപ്പുറം ജില്ലയില്‍ നോമ്പുകാലത്ത് മുസ്‌ലിംകളല്ലാത്തവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നുവെന്ന വിചിത്രവാദവും ഉയര്‍ത്തുന്നത്. സംഘ്പരിവാര്‍ സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും വാക്കുകളിലും അക്ഷരങ്ങളിലും വിഷം പുരട്ടി ഇത് വസ്തുതകളാണെന്ന് സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ മലപ്പുറം ജില്ലയില്‍ ജീവിക്കുന്ന മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കും ആ ജില്ലയിലേക്ക് പുറത്തുനിന്ന് എത്തുന്നവര്‍ക്കും റമസാന്‍ കാലത്ത് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന യാതൊരു തരത്തിലുള്ള പരാതിയുമില്ല. മലപ്പുറത്തെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇക്കാര്യം പല തവണ വ്യക്തമാക്കിയതുമാണ്. റമസാന്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ ആ നിലക്കുള്ള ജീവിത്രം ക്രമീകരിക്കുമ്പോള്‍ അല്ലാത്തവര്‍ അവരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള ജീവിത ശൈലിയുമായി മുന്നോട്ടുപോകുന്നു. മലപ്പുറം ജില്ലയില്‍ റമസാന്‍ മാസത്തില്‍ കടകളും ഹോട്ടലുകളും തുറക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാറില്ല. റമസാന്‍ വ്രതവുമായി ബന്ധപ്പെട്ട്, സ്വമേധയാ മുസ്‌ലിംകളോട് സഹകരിച്ചുകൊണ്ട് കടകളും ഹോട്ടലുകളും അടക്കുന്ന ഇതര മതസ്ഥരും മലപ്പുറത്തുണ്ട്. ഇവിടെ നിര്‍ബന്ധത്തിന്റെയോ പ്രലോഭനത്തിന്റെയോ ഭീഷണിയുടെയോ വിഷയം വരുന്നില്ല.

മതസൗഹാര്‍ദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ പൂന്തോപ്പാണ് മലപ്പുറം ജില്ലയെന്ന് ആ നാടിനെയും ജനങ്ങളെയും കുറിച്ച് മനസ്സിലാക്കിയവര്‍ വിലയിരുത്തിക്കഴിഞ്ഞു. റമസാന്‍ വ്രതമനുഷ്ഠിക്കുന്നവരും ഹോട്ടലുകള്‍ തുറക്കണമെന്ന് പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല. മലപ്പുറം ജില്ലയില്‍ പോയാല്‍ ഭക്ഷണം കിട്ടില്ലെന്ന് പറയുന്നവര്‍ വെള്ളവും ഭക്ഷണവും കൈയില്‍ കരുതുന്നതായിരിക്കും നല്ലത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവര്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ വിളിച്ചുപറയുന്നവര്‍ക്കും അറിയാം. കുപ്രചാരണം നടത്തിയേ മതിയാകൂ എന്ന നിര്‍ബന്ധമുള്ളവര്‍ക്ക് മലപ്പുറത്തെക്കുറിച്ച് നല്ലതു പറയുകയെന്നത് ചിന്തിക്കാനാകാത്ത കാര്യവുമാണ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെ മറ്റ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും നോമ്പുകാലത്ത് മറ്റ് മതവിഭാഗക്കാര്‍ പട്ടിണിയിലാണെന്ന വിധത്തിലുള്ള പോസ്റ്റുകള്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും കറങ്ങുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, പള്ളിക്കര പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ കൂടുതലും മുസ്‌ലിംകളാണ്. നോമ്പുകാലത്ത് ഈ പ്രദേശങ്ങളിലേക്ക് പോയാലറിയാം. അവിടങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തീരദേശങ്ങളിലും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഹോട്ടലുകള്‍ ഒരു പ്രശ്നവുമില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നു. ഭക്ഷണം വേണ്ടവര്‍ ഈ ഹോട്ടലുകളില്‍ പോയി വിശപ്പകറ്റുന്നു. ഇവിടങ്ങളിലെ ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണ്.

വ്രതമാസമായതിനാല്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണെങ്കിലും മറ്റ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആര്‍ക്കും ഒരെതിര്‍പ്പുമില്ല. എങ്ങോട്ടുപോയാലും ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുണ്ട്. അനുഭവത്തിലൂടെ ഇതൊക്കെ ബോധ്യപ്പെട്ടവര്‍ നോമ്പുകാലത്ത് തിന്നാനും കുടിക്കാനും കിട്ടുന്നില്ലെന്ന് ആക്ഷേപിക്കുന്നവരുടെ ജല്‍പ്പനങ്ങളെ തമാശയോടെയാണ് നോക്കിക്കാണുന്നത്. മലപ്പുറത്തിനെതിരായ നുണക്കഥകള്‍ ഒരു സമൂഹത്തിനും സംസ്‌കാരത്തിനും നേരേ കൂടി നടത്തുന്ന കടന്നാക്രമണമാണ്. കേരളത്തില്‍ നിന്ന് മലപ്പുറത്തെ വേര്‍തിരിച്ചുനിര്‍ത്തി പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് സംഘ്പരിവാറാണ്. മലപ്പുറം വേറെ നിയമവും ഭരണഘടനയുമുള്ള നാടാണെന്ന് ചിത്രീകരിക്കണമെങ്കില്‍ വെറുപ്പും തെറ്റിദ്ധാരണയും പടര്‍ത്തുന്ന പ്രചാരണങ്ങള്‍ ആവശ്യമാണെന്ന് ബി ജെ പിയും ആര്‍ എസ് എസും കരുതുന്നു. അതിനായി കൃത്രിമമായുണ്ടാക്കിയ ചില ഇരകളെ നവമാധ്യമങ്ങളില്‍ അണിനിരത്തുകയും ദുരനുഭവങ്ങളെന്ന പേരില്‍ ഭാവനയില്‍ മെനഞ്ഞെടുത്ത കഥകള്‍ പറയുകയും ചെയ്യുന്നു. എപ്പോഴും വര്‍ഗീയ ചിന്താഗതികള്‍ പുലര്‍ത്തുന്നവര്‍ ഇത് ഏറ്റുപിടിച്ച് ഷെയര്‍ ചെയ്യുന്നു. ഇതിലൊക്കെ വിശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. കെട്ടുകഥകള്‍ കേട്ട് അഭിപ്രായം പറയാതെ മലപ്പുറത്ത് പോയി യാഥാര്‍ഥ്യം മനസ്സിലാക്കുക. എന്നിട്ട് വിലയിരുത്തുക.