Ramzan
തൊഴിലെടുത്ത് ജീവിക്കുന്ന മാന്യന്മാർ
അധ്വാനിച്ച് ഉപജീവന മാർഗം കണ്ടെത്തുകയും അന്തസ്സോടെ കുടുംബം പുലർത്തുകയും ചെയ്യുന്ന തൊഴിലാളികൾ പ്രശംസിക്കപ്പെട്ടവരാണ്. കൈ കൊണ്ട് ജോലിയെടുത്ത് സമ്പാദിച്ചതിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ മികച്ചത് ആരും ഭക്ഷിക്കുന്നില്ലെന്ന പ്രവാചകന്റെ വാക്കുകൾ തൊഴിലാളികൾക്ക് പകരുന്ന ഊർജം ചെറുതല്ല. അവർക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പ് വേതനം നൽകണമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഇസ്‌ലാമെന്ന ആശയ സംഹിതക്ക് ഈ വർഗത്തോട് എത്രമാത്രം കരുതലുണ്ടെന്ന് മനസ്സിലാക്കാം.
അധ്വാന ശീലം പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ യാചനയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്. കയറുമായി മല കയറി, വിറകുകെട്ട് മുതുകിൽ ചുമന്ന് കൊണ്ട് വന്ന് വിറ്റ് അഭിമാനം കാത്തുസൂക്ഷിക്കുന്നവനാണ് ഭിക്ഷാടകരെക്കാൾ ഉത്തമർ (ബുഖാരി). നല്ലതെന്ന് വിശേഷിപ്പിച്ച് കൂലി കൈപ്പറ്റുമ്പോൾ കളങ്കിതമായ ഒരംശം പോലും അതിൽ പെടാനിടയുണ്ടാകരുത്. തൊഴിൽ ദാതാക്കളെയും മുതലാളിമാരെയും കമ്പനി ഉടമകളെയും വഞ്ചിച്ച് കിട്ടുന്ന പണത്തിന് പവിത്രതയുടെ മാറ്റുണ്ടാകില്ല.
കളവ് പറയലും കരാർ ലംഘനവും വിശ്വാസ വഞ്ചനയും നിഷിദ്ധമായ കാര്യങ്ങാണ്. ഇവ കപട വിശ്വാസികളുടെ ലക്ഷണങ്ങളുമാണ്. ഊർജം ചെലവഴിച്ച് വിയർപ്പൊഴുക്കി അധ്വാനിക്കുന്നത് സമ്പാദ്യമെന്ന അല്ലാഹുവിന്റെ അനുഗ്രഹ ലബ്ധിക്കുവേണ്ടിയാണ്. അതുപയോഗിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കാനുള്ളതാണ്. ഇതെല്ലാം കുടുംബ നാഥന്റെ ഉത്തരവാദിത്വവും കടമയുമാണ്. നിർബന്ധമായ ബാധ്യതാ നിർവഹണത്തിലാണെന്ന നിശ്ചയത്തോടെയും ബോധത്തോടെയും ജോലി ചെയ്താൽ ഓരോ അധ്വാനത്തിനും അല്ലാഹു പ്രതിഫലം നൽകുകയും ചെയ്യും.
പണിയെടുത്ത് കിട്ടുന്ന സമ്പാദ്യം വിനിയോഗിക്കേണ്ട വിധം വരച്ചു കാണിക്കുന്നിടത്ത് കുടുംബത്തെ പരിഗണിക്കാതിരുന്നാലുള്ള ഭവിഷ്യത്തുകൾ പറയുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നുൽ ആസ്വ് നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു. “ആശ്രിതർക്ക് ജീവിത ചെലവിനാവശ്യമായത് നൽകാതെ അവഗണിക്കുന്നത് ഒരാളെ പാപിയാക്കിത്തീർക്കുന്നതാണ്.” (അബൂ ദാവൂദ്)ഉള്ളതനുസരിച്ച് ചെലവഴിക്കാനാണ് ഖുർആനിന്റെ ആഹ്വാനം. സാമ്പത്തിക ശേഷിക്കപ്പുറമുള്ള ആഗ്രഹങ്ങളും ആർത്തിയും നല്ലതല്ല. അല്ലാഹു തന്നതിൽ സംതൃപ്തിയടഞ്ഞ് സന്തോഷത്തോടെ ജീവിക്കുക.