Kozhikode
അടിതെറ്റി എൽ ജെ ഡി; രാഷ്ട്രീയ തന്ത്രങ്ങളിലെ വീഴ്ച
കോഴിക്കോട് | യു ഡി എഫിൽ നിന്ന് എൽ ഡി എഫിൽ എത്തിയ എൽ ജെ ഡിക്ക് തിരഞ്ഞെടുപ്പിലുണ്ടായ നഷ്ടം രാഷ്ട്രീയ തന്ത്രങ്ങളിൽ ഉണ്ടായ വീഴ്ചയെന്ന് വിലയിരുത്തപ്പെടുന്നു. എൽ ഡി എഫ് ഉജ്ജ്വല വിജയം കൈവരിച്ചിരുന്ന മൂന്ന് സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്തെങ്കിലും അതിൽ ഒന്നിൽ മാത്രം വിജയിക്കാൻ കഴിഞ്ഞതിലൂടെ എൽ ജെ ഡി രാഷ്ട്രീയമായ തിരിച്ചടിക്കാണ് വിധേയമായത്. ഇടതു തരംഗം ആഞ്ഞു വീശുകയും ഭരണത്തുടർച്ചക്ക് വഴിയൊരുങ്ങുകയും ചെയ്തപ്പോൾ ഘടക കക്ഷിയെന്ന നിലയിൽ എൽ ജെ ഡിക്ക് തിരിച്ചടിയാണുണ്ടായത്. എൽ ജെ ഡി ഇടതു മുന്നണിയിൽ എത്തിയപ്പോൾ മാതൃ പാർട്ടിയായ ജനതാദൾ എസ് ഇരു പാർട്ടികളുടേയും ലയനത്തിന് മുൻകൈ എടുത്തിരുന്നു. എന്നാൽ ലയിക്കാതെ ഒറ്റക്ക് നിന്ന് മുന്നണിയിൽ ശക്തി കാണിക്കാനായിരുന്നു എൽ ജെ ഡി തയ്യാറായത്. ഇരു പാർട്ടികളും ലയിക്കുന്നതാണ് നല്ലത് എന്ന നിലപാടാണ് സി പി എമ്മും എടുത്തത്. ഇരുപാർട്ടികളും ലയിച്ച് ഒറ്റപ്പാർട്ടിയായാൽ എട്ട് സീറ്റെങ്കിലും അവർക്ക് നൽകാനും സി പി എം തയ്യാറായിരുന്നു. എന്നാൽ ലയനത്തിനുള്ള എല്ലാ നീക്കങ്ങളും കൊച്ചുകാര്യങ്ങളുടെ പേരിൽ തകരുകയായിരുന്നു.
മൂന്ന് തവണയായി തങ്ങൾ ജയിച്ചു വന്ന വടകര വിട്ടുകൊടുക്കാൻ ജനതാദൾ എസും സി പി എം വിജയിച്ചു വന്ന കൂത്തുപറമ്പും കൽപ്പറ്റയും വിട്ടു നൽകാൻ അവരും തയ്യാറായി. കൂത്തുപറമ്പിൽ കെ പി മോഹനൻ ജയിച്ചെങ്കിലും വടകരയിലും കൽപ്പറ്റയിലും അവർക്ക് പരാജയം രുചിക്കേണ്ടിവന്നു. എന്നാൽ, ജനതാദൾ എസിന് ലഭിച്ച നാല് സീറ്റുകളിൽ രണ്ട് സിറ്റിംഗ് സീറ്റുകളിലും അവർ വിജയം കരസ്ഥമാക്കി.