Kozhikode
ഐ എൻ എല്ലിന് മധുരം; വനിതാ ലീഗ് പരീക്ഷണം പാളി
കോഴിക്കോട് | പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട നിയമസഭാ സീറ്റ് തിരിച്ചു പിടിച്ച് മധുരം പങ്കിട്ട് ഐ എൻ എൽ. എന്നാൽ, 25 വർഷങ്ങൾക്ക് ശേഷം കിട്ടിയ അവസരം പാഴാക്കി വനിതാ ലീഗ്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് ഇരു കക്ഷികളുടേയും കിതപ്പും കുതിപ്പും. ഐ എൻ എൽ ദേശീയ സെക്രട്ടറി അഹ്്മദ് ദേവർകോവിലും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നൂർബിന റഷീദും തമ്മിലുള്ള മത്സരം ഇരു വിഭാഗത്തിനും തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താൻ കൂടിയുള്ളതായിരുന്നു. പോരാട്ടത്തിനൊടുവിൽ ദേവർകോവിൽ വിജയിച്ചത് 9,804 വോട്ടുകൾക്കാണ്.
ഐ എൻ എല്ലിനെ സംബന്ധിച്ചിടത്തോളം പാർട്ടി പിറന്നിട്ട് 27 വർഷത്തോളമായെങ്കിലും 2006 മുതൽ 2011 വരെ പി എം എ സലാം എം എൽ എ ആയതൊഴിച്ചാൽ മറ്റൊരാൾ ഇതുവരെ നിയമസഭയിലെത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മിനിമം മൂന്ന് സീറ്റുകളിലെങ്കിലും മത്സരിക്കാറുണ്ടെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ, ഇത്തവണ കടുത്ത പോരാട്ടത്തിനിറങ്ങിയ ഐ എൻ എൽ മൂന്ന് സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് സീറ്റുകളായിരുന്നു ഇവ. ഇതിൽ വള്ളിക്കുന്നിലും കാസർകോട്ടും പരാജയപ്പെട്ടെങ്കിലും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നൂർബിനയുടെ പരാജയത്തോടെ ഏറെ പഴി കേൾക്കേണ്ടി വരിക വനിതാ ലീഗിനാണ്. 25 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്ന് ഖമറുന്നിസ അൻവർ സ്ഥാനാർഥിയായ ശേഷം ഇതുവരെ വനിതാ ലീഗിന് സീറ്റ് അനുവദിച്ചിരുന്നില്ല. എന്നാൽ, വനിതാ ലീഗിന് സീറ്റ് വേണമെന്ന ആവശ്യം ഇത്തവണ ശക്തമായി. പേരിനൊരു സീറ്റ് നൽകാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടും അംഗീകരിക്കപ്പെട്ടില്ല. അവസാനം മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് മണ്ഡലം തന്നെ വനിതാ ലീഗിന് അനുവദിക്കുകയായിരുന്നു.