Malappuram
12-04; മാറ്റമില്ലാതെ മലപ്പുറം
മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിലും 2016ലെ നിലയിൽ മാറ്റമില്ലാതെ ജില്ല. ഇടതുപക്ഷത്തിന് തവനൂർ, താനൂർ, പൊന്നാനി, നിലമ്പൂർ എന്നിവയും കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, വണ്ടൂർ, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, കോട്ടക്കൽ, തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്, തിരൂർ എന്നിവയാണ് യു ഡി എഫും നിലനിർത്തിയത്.
എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇടത്-വലത് മുന്നണികളുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ പെരിന്തൽമണ്ണയിൽ 579 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യു ഡി എഫ് ഇത്തവണ 38 വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു. മഞ്ചേരി മണ്ഡലത്തിലും യു ഡി എഫിന് ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. 19,616 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ 5,043 വോട്ട് കുറഞ്ഞ് 14,573 വോട്ടായി.
വേങ്ങരയിൽ 38,057 വോട്ടുണ്ടായിരുന്ന ലീഗിന് 7,535 വോട്ട് കുറഞ്ഞ് ഇത്തവണ 30,522 ലേക്കായി. മലപ്പുറം മണ്ഡലത്തിലും ഇത്തവണ ഭൂരിപക്ഷത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 2016ൽ 35,672 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ 464 വോട്ട് കുറഞ്ഞ് 35,208 വോട്ടായി. എന്നാൽ കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷമുള്ള വള്ളിക്കുന്ന്, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട്, മങ്കട മണ്ഡലങ്ങളിൽ ഇത്തവണ ലീഗിന് ഭൂരിപക്ഷത്തിൽ വർധനവുണ്ട്. വള്ളിക്കുന്ന് 2016ൽ 12,610 ഉണ്ടായിരുന്നത് ഇത്തവണ 1,506 വർധിച്ച് 14,116 ലെത്തി. കോട്ടക്കലിൽ 2016ൽ 15,042 എന്നതിൽ നിന്ന് 16,588ലെത്തി. ഏറനാട് 12,893 ഭൂരിപക്ഷത്തിൽ നിന്ന് 22,546, തിരൂരങ്ങാടിയിൽ 6,043ൽ നിന്ന് 9,420, മങ്കട 1,508ൽ നിന്ന് 6,246, കൊണ്ടോട്ടി 10,654ൽ നിന്ന് 17,713 ലേക്കും ലീഡ് നില ഉയർന്നിട്ടുണ്ട്.
ജില്ലയിൽനിന്ന് വിജയിച്ച ഇടത് സ്ഥാനാർഥികളുടെ കാര്യത്തിലും സമാനസാഹചര്യമാണ്. താനൂരിൽ കഴിഞ്ഞതവണ 4,918 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന വി അബ്ദുർറഹ്മാന്റെ ഭൂരിപക്ഷം 985 ആയി കുറഞ്ഞു. 2016ൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കെ ടി ജലീലിന് വോട്ട് ഭൂരിപക്ഷം 3,066ലേക്കാണ് കുറഞ്ഞത്. നിലമ്പൂരിൽ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്ന പി വി അൻവറിന്റെ ജയം ഇത്തവണ 2,794 ലേക്കായി കുറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ വിവാദങ്ങൾ നിറഞ്ഞ പൊന്നാനി മണ്ഡലത്തിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കൂടുകയായിരുന്നു. കഴിഞ്ഞ തവണ പി ശ്രീരാമകൃഷ്ണന് 15,640 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ ഭൂരിപക്ഷം 1,403 ഉയർന്ന് 17,043 ലെത്തി.